തിരുവനന്തപുരം: കെഎസ്ഇബിയിലെ ജിഎന്‍എ വൈദ്യുതി കരാര്‍ വിവാദത്തില്‍ സ്ഥാന മാറ്റത്തിന് തൊട്ടുമുമ്പും കടുത്ത നിലപാട് എടുത്ത് മുന്‍ ചെയര്മാന് എം ജി രാജമാണിക്യം. വിയോജിപ്പ് അറിയിച്ച് തിങ്കളാഴ്ച്ച വൈകീട്ട് എഴുതിയ കുറിപ്പില്‍ നിര്‍ണായക വിവരങ്ങളാണ് ഉള്‍പ്പെടുത്തിയത്. മുഖ്യമന്ത്രിയുടെയും ചീഫ് സെക്രട്ടറിയുടെയും കടുത്ത സമ്മര്‍ദ്ദം അവഗണിച്ചായിരുന്നു മുന്‍ ചെയര്‍മാന്റെ നീക്കം. രാജമാണിക്യത്തിന് പിന്തുണ നല്‍കുന്നതായിരുന്നു മന്ത്രി സണ്ണി ജോസഫിന്റെ നിലപാടും.
രണ്ടാം തീയതി ഉച്ചയ്ക്ക് ജിഎന്‍എ കരാറില്‍ സണ്ണി ജോസഫ് എഴുതിയ കുറിപ്പിലും കരാറിന് എതിരെ ഗുരുതര പരാമര്‍ശങ്ങളുണ്ട്. ജിഎന്‍എ കരാറില്‍ നിയമപരിശോധന അനിവാര്യമാണെന്നാണ് മന്ത്രി വ്യക്തമാക്കിയത്. ജിഎന്‍എ പവര്‍ സപ്ലൈ പ്രൊപ്പോസലിലെ വിവരങ്ങളും റിപ്പോര്‍ട്ടറിന് ലഭിച്ചു.
കെഎസ്ഇബി ചെയര്മാന് സ്ഥാനത്ത് നിന്ന് എം ജി രാജമാണിക്യത്തെ മാറ്റിയത് ഉന്നത സമ്മര്‍ദ്ദത്തിന് വഴങ്ങാത്തതിനാലാണെന്ന സൂചനകള്‍ പുറത്തുവന്നിരുന്നു. ജിഎന്എയുടമായി കരാര്‍ ഒപ്പിടാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശമുണ്ടായിരുന്നുവെന്നും എന്നാല്‍ കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാക്കുന്ന കരാറില്‍ ഒപ്പുവെക്കാന്‍ രാജമാണിക്യം തയ്യാറായില്ലെന്നുമായിരുന്നു വിവരം. ടെന്‍ഡര്‍ ഇല്ലാതെ കരാറില്‍ ഒപ്പിടണമെന്നായിരുന്നു നിര്‍ദേശം.
ഹരിയാനയിലെ ഇടനിലക്കാരായ ജിഎന്എയുമായി കരാര്‍ ഉണ്ടാക്കിയാല്‍ 903 കോടി രൂപയുടെ നഷ്ടം ഉണ്ടാക്കുമെന്നും ഹിമാച്ചല്‍ പ്രദേശില്‍ നിന്ന് വൈദ്യുതി വാങ്ങണമെന്നുമായിരുന്നു രാജമാണിക്യത്തിന്റെ റിപ്പോര്‍ട്ട്. മന്ത്രി സണ്ണി ജോസഫും രാജമാണിക്യത്തിന്റെ നിലപാടിനെ പിന്തുണച്ചിരുന്നു. എന്നാല്‍ ജിഎന്‍എ കരാറില്‍ ഒപ്പുവെക്കണമെന്ന് മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും പിടിവാശി പിടിച്ചിരുന്നു എന്നായിരുന്നു വിവരം. വേഗത്തില്‍ ജിഎന്എയുമായി കരാര്‍ ഒപ്പിടാന്‍ ആയിരുന്നു മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. നിര്‍ണായക ജിഎന്‍എ പവര്‍ സപ്ലൈ ഫയലിലെ പ്രധാന ഭാഗങ്ങള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചിരുന്നു.
കേരളം വൈദ്യുതി പ്രതിസന്ധി അനുഭവിച്ചിരുന്ന ഘട്ടത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഇടപെട്ടാണ് ഹിമാചല്‍ പ്രദേശില്‍ നിന്ന് വൈദ്യുതി എത്തിക്കാനുള്ള സംവിധാനം ഉണ്ടാക്കുന്നത്. എന്നാല്‍ അത് വാങ്ങുന്നതിന് സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. എന്നാല്‍ വൈദ്യുതി നിര്‍മ്മിക്കാത്ത ഇടനിലക്കാര്‍ മാത്രമായ ഹരിയാന കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജിഎന്‍എ സംസ്ഥാനത്തെ സമീപിക്കുകയായിരുന്നു. ഈ രണ്ട് കരാറുകളും താരതമ്യം ചെയ്താണ് സംസ്ഥാനത്തിന് വലിയ നഷ്ടമുണ്ടാകുമെന്ന റിപ്പോര്‍ട്ട് രാജമാണിക്യം വൈദ്യുതി മന്ത്രിക്ക് കൈമാറുന്നത്.
12 രൂപ 50 പൈസയ്ക്കാണ് ഹിമാചല്‍ സര്‍ക്കാര്‍ വൈദ്യുതി നല്‍കുന്നത്. എന്നാല്‍ 8 രൂപ 63 പൈസയാണ് ജിഎന്‍എ യൂണിറ്റിന് ഈടാക്കുമെന്ന് ക്വാട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ 500 മെഗാവാട്ടാണ് പീക്ക് സമയത്ത് അവര്‍ നല്‍കുന്നത്. ഇത് സംസ്ഥാനത്തിന്റെ ഒരു ദിവസത്തെ ഉപയോഗത്തിന് മതിയാകാതെ വരും. അങ്ങനെയെങ്കില്‍ ബാക്കി വൈദ്യുതി സംസ്ഥാനം കണ്ടെത്തേണ്ട സാഹചര്യമുണ്ടാകും. പീക്ക് സമയത്ത് ഏതാണ്ട് 20 രൂപയോളം ഒരു യൂണിറ്റിന് വരും എന്നതാണ് ഈ കരാറിലെ പ്രതിസന്ധിയായി രാജമാണിക്യം ചൂണ്ടിക്കാട്ടിയത്. എന്നാല്‍ ഹമാചലിന്റെ കരാര്‍ അനുസരിച്ച് 12 രൂപയ്ക്ക് സംസ്ഥാനത്തില്‍ എത്ര വൈദ്യുതി ആവശ്യമാണോ അത്രയും ലഭിക്കും എന്നതാണ് പ്രത്യേകത. ജിഎന്‍എയുടെ കരാറില്‍ പകല്‍ സമയത്തും 8 രൂപ 63 പൈസയ്ക്ക് സംസ്ഥാനം വൈദ്യുതി വാങ്ങണം എന്ന കുരുക്ക് കൂടി നിലനില്‍ക്കുന്നുണ്ട്. പകല്‍ സമയം വൈദ്യുതി ക്ഷാമം ഇല്ലാതെ തന്നെ 500 വാട്ട് വൈദ്യുതി വാങ്ങേണി വരുമെന്നതാണ് ജിഎന്‍എ കരാറിലെ വലിയ പ്രതിസന്ധി.
ഇത് കൃത്യമായി ചാര്‍ട്ട് വരച്ച് ഓരോ മാസത്തേയും നഷ്ടം സിഎംഡി വൈദ്യുതി വകുപ്പിന് നല്‍കിയിരുന്നു. മന്ത്രി സണ്ണി ജോസഫിന് ഇക്കാര്യം ബോധ്യപ്പെട്ടതോടെയാണ് കരാറില്‍ നിന്ന് പിന്നോട്ട് പോകാന്‍ തീരുമാനിക്കുന്നത്. എന്നാല്‍ ഈ റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറിക്ക് കൈമാറുമ്പോള്‍ അതില്‍ പ്രതികൂലമായ സമീപനമാണ് ഉണ്ടാകുന്നത്. ജിഎന്‍എ കരാര്‍ ആണ് സംസ്ഥാനത്തിന് നല്ലത് എന്ന് ചീഫ് സെക്രട്ടറി മുഖ്യമന്ത്രി അറിയിക്കുകയും എത്രയും പെട്ടെന്ന് കരാര്‍ അംഗീകരിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കുയും ചെയ്യുകയായിരുന്നു. എന്നാല്‍ താന്‍ നഷ്ടം ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ട് എഴുതിയ കരാറില്‍ സിഎംഡി ആയി ഇരുന്ന് ഒപ്പ് വെക്കാന്‍ തനിക്ക് ആകില്ല എന്ന് എം ജി രാജമാണിക്യം നിലപാടെടുക്കുകയായിരുന്നു. തുടര്‍ന്നാണ് രാജമാണിക്യത്തിന്റെ കസേര തെറിക്കുന്നത്.
Content Highlights: Former KSEB Chairman M G Rajamanickam maintained his strong position on the GNA power contract controversy before his transfer, recording key details in a dissent note.