'മുസ്ലിം വീടുകളിൽ പോയി കോൺഗ്രസ് പന്നിയിറച്ചി ചോദിക്കുമോ? ഗവർണറുടെ ഭക്ഷണകാര്യത്തിൽ ഇടപെടേണ്ട';രാജീവ് ചന്ദ്രശേഖർ

ലോക്ഭവനിൽ മത്സ്യവും മാംസവും വിലക്കിക്കൊണ്ടുള്ള ഗവർണർ ഓം പ്രകാശ് മാഥൂറിൻ്റെ നിർദ്ദേശം വലിയ വിവാദമാണ് ഉണ്ടാക്കിയത്

തിരുവനന്തപുരം: ലോക്ഭവനിൽ മാംസാഹാരം പാകം ചെയ്യുന്നത് വിലക്കിയ നടപടിയെ വിമർശിച്ച കോൺഗ്രസിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കേരളത്തിലെ യുവജനങ്ങളുടെ ദുരിതത്തെക്കുറിച്ചോ മരുന്ന് ക്ഷാമം കാരണം കഷ്ടപ്പെടുന്ന കുടുംബങ്ങളെക്കുറിച്ചോ കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യുന്നില്ല. മറിച്ച് പുതിയ ഗവര്‍ണറുടെ ഭക്ഷണശീലത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വലിയ ആവേശമാണെന്ന് രാജീവ് ചന്ദ്രശേഖര്‍ പരിഹസിച്ചു.

'മുസ്ലിങ്ങള്‍ വീട്ടില്‍ പന്നിയിറച്ചി പാചകം ചെയ്യാത്തത് അജണ്ടയുടെ ഭാഗമാണോ? എന്റെ വീട്ടില്‍ എന്തുവിളമ്പണമെന്ന് നിശ്ചയിക്കുന്നത് ഞാനാണ്. ക്രിസ്ത്യന്‍ മലയാളിയായാലും മുസ്ലിം മലയാളിയായാലും വീട്ടില്‍ എന്താണ് വിളമ്പേണ്ടതെന്ന് തീരുമാനിക്കുന്നത് സ്വന്തം താല്‍പര്യമാണ്. ലോക്ഭവനില്‍ എന്താണ് വിളമ്പേണ്ടതെന്ന് തീരുമാനിക്കുന്നത് ഗവര്‍ണര്‍ ആണ്. കോണ്‍ഗ്രസ് പാര്‍ട്ടി മുസ്ലിമിന്റെ വീട്ടില്‍ പോയി പന്നിയിറച്ചിക്ക് നിര്‍ബന്ധിക്കുമോ?', രാജീവ് ചന്ദ്രശേഖര്‍ ചോദിച്ചു.

ലോക്ഭവനിൽ മത്സ്യവും മാംസവും വിലക്കിക്കൊണ്ടുള്ള ഗവർണർ ഓം പ്രകാശ് മാഥൂറിൻ്റെ നിർദ്ദേശം വലിയ വിവാദമാണ് ഉണ്ടാക്കിയത്. ഗവർണറുടെ ഈ തീരുമാനത്തിനെതിരെ കോൺഗ്രസ്, സിപിഐഎം നേതാക്കൾ രംഗത്തുവന്നിരുന്നു. കേരളത്തിന്റെ സാമൂഹിക സാഹചര്യം പോലും മനസ്സിലാക്കാതെയുള്ള കടന്നകൈയാണ് ഗവര്‍ണറുടേത് എന്നും സംഘപരിവാറിന്റെ കാവി അജണ്ട കേരളത്തില്‍ നടപ്പിലാക്കുന്നതിന്റെ ആദ്യഘട്ടമാണിതെന്നായിരുന്നു കെ സി വോണുഗോപാലിന്റെ വിമര്‍ശനം.

സമ്മിശ്രമായ ഭക്ഷണ സംസ്‌കാരമുള്ള നാടാണ് കേരളം. തീരദേശ സംസ്ഥാനമായ കേരളത്തില്‍ മത്സ്യസമ്പത്ത് ആവോളമുണ്ട്. അതുകൊണ്ടുതന്നെ വെജിറ്റേറിയനായും നോണ്‍ വെജിറ്റേറിയനായും ഓരോ മനുഷ്യനും ഇവിടെ തുടര്‍ന്നുപോരാം. മലയാളി ശീലിച്ച ഭക്ഷണരീതിക്ക് വിലക്കേര്‍പ്പെടുത്താനോ ഇനിമുതല്‍ എന്ത് കഴിക്കണമെന്ന നിര്‍ദേശം പുറപ്പെടുവിക്കാനോ ആരെങ്കിലും ശ്രമിച്ചാല്‍ അത് അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും കോണ്‍ഗ്രസ് നേതാവ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

മാംസാഹാരം പാചകം ചെയ്യരുതെന്ന ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂരിന്റെ നിര്‍ദേശത്തിനെതിരെ സിപിഐയും രംഗത്തെത്തിയിരുന്നു. ഗവര്‍ണറുടെ തീരുമാനം വേഗത്തില്‍ തിരുത്തണമെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവശ്യപ്പെട്ടിരുന്നു. ഉപദേഷ്ടാക്കള്‍ തന്നെ അക്കാര്യം അദ്ദേഹത്തെ പറഞ്ഞ് മനസ്സിലാക്കണമെന്നും ബിനോയ് വിശ്വം റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

ഗവര്‍ണര്‍ സസ്യാഹാരി ആണെങ്കില്‍ എല്ലാവരും സസ്യാഹാരം കഴിക്കണമെന്ന തിട്ടൂരം ശരിയല്ലെന്ന് ആനി രാജയും പ്രതികരിച്ചിരുന്നു. ഗവര്‍ണറുടെ നിര്‍ദേശം ഭരണഘടനാ വിരുദ്ധമാണെന്നും ലോക്ഭവന്‍ ജീവനക്കാരുടെ ഭക്ഷണ സ്വാതന്ത്ര്യം അനുവദിച്ച് കൊടുക്കണമെന്നും ആനി രാജ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. എന്നാല്‍ ഗവര്‍ണറെ പിന്തുണച്ച് കെവി തോമസ് രംഗത്തെത്തി. തീരുമാനത്തില്‍ തെറ്റില്ലെന്നും നിര്‍ദേശം വിവാദമാക്കേണ്ടതില്ലെന്നുമാണ് കെ വി തോമസ് റിപ്പോര്‍ട്ടറിനോട് പറഞ്ഞത്.

Content Highlights: BJP Kerala president Rajeev Chandrasekhar criticised Congress over the vegetarian food controversy at Lok Bhavan, questioning whether the party would insist on serving pork at a Muslim's home.

To advertise here,contact us