കണ്ണൂര്‍: മുഖ്യമന്ത്രി വിഡി സതീശന് തട്ടിപ്പ് ആരോപിച്ച ഭൂമിയില്‍ വ്യവസായ പാര്‍ക്കുണ്ടാക്കാന്‍ നീക്കവുമായി സര്‍ക്കാര്‍. കിഫ്ബി വഴി ഇടത് സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയിലാണ് പദ്ധതി കൊണ്ടുവരാനുള്ള നീക്കം നടക്കുന്നത്. കേന്ദ്ര സ്കീമില്‍ മൂന്ന് വ്യവസായ പാര്‍ക്കുകള്‍ക്കാണ് അനുമതി തേടിയിരിക്കുന്നത്. എറണാകുളം, കണ്ണൂര്‍ ജില്ലകളിലായി 1280 ഏക്കര്‍ ഭൂമി കേന്ദ്രത്തിന്റെ ഭവ്യ സ്കീമില്‍ ഉള്‍പ്പെടുത്താനാണ് നീക്കം. ഇതിന്റെ ഭാഗമായി മട്ടന്നൂരിലെ 476 ഏക്കര്‍ വിവാദ ഭൂമിയില്‍ വ്യവസായ പാര്ക്കുണ്ടാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
ഐഎഎസ് ഉദ്യോഗസ്ഥ സുധ പിള്ള തയ്യാറാക്കിയ റിപ്പോര്‍ട്ട് മുന്‍ നിര്‍ത്തിയാണ് ഭൂമിക്കെതിരെ ആരോപണം ഉയര്‍ന്നിരുന്നത്. കണ്ണൂരില്‍ ഉള്‍പ്പെടെ വ്യവസായ പാര്ക്കിന് വേണ്ടി ഭൂമി ഏറ്റെടുത്തത് മുമ്പ് തീരുമാനിച്ചതിനേക്കാള്‍ ഉയര്‍ന്ന നിരക്കില്‍ എന്നതാണ് ഉയര്‍ന്ന ആരോപണം. ഭൂമിയുടെ സാധ്യതാ പഠനം നടത്താതെ ഭൂമി വാങ്ങി. ഏറ്റെടുത്ത ഭൂമിയില്‍ മറ്റ് വ്യവസായങ്ങള്‍ ഒന്നും കൊണ്ടുവരാന്‍ സാധിച്ചില്ല. ഭൂമി ഏറ്റെടുക്കൽ മുഴുവന്‍ കണ്ണൂര്‍ കേന്ദ്രീകരിച്ച് നടന്നു. ഇത്തരത്തില്‍ വലിയ തട്ടിപ്പ് നടന്നു തുടങ്ങിയവയായിരുന്നു മുഖ്യമന്ത്രി വി ഡി സതീശന് ഉന്നയിച്ച ആരോപണങ്ങള്‍. ഈ ഭൂമിയിലാണ് സര്‍ക്കാര്‍ തന്നെ കേന്ദ്ര സ്കീമില്‍ മൂന്ന് വ്യവസായ പാര്‍ക്കുകള്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നത്.
ഭൂമി ഏറ്റെടുക്കള്‍ ഒരു തട്ടിപ്പ് ആയിരുന്നു എങ്കില്‍ പിന്നെ എങ്ങനെയാണ് അതേ ഭൂമിയില്‍ തന്നെ സര്‍ക്കാര്‍ പദ്ധതി എന്നാണ് ചോദ്യം ഉയരുന്നത്. മട്ടന്നൂരിലെ 476 ഏക്കര്‍ ഭൂമിയില്‍ ഉള്‍പ്പെടെയാണ് പദ്ധതിക്കായി പരിഗണിക്കുന്നത്. ഏകദേശം 1450 കോടിയോളം രൂപ കേന്ദ്രത്തില്‍ നിന്ന് കിട്ടുന്നതാണ് ഭവ്യ സകീം എന്നതും പ്രത്യേകതയാണ്. ഇതിനായുള്ള അനുമതി സര്‍ക്കാരിന് ഭാഗികമായി ലഭിച്ചു എന്നാണ് വിവരം. ഒരേസമയം പദ്ധതി ഉണ്ടാക്കാന്‍ മുന്നോട്ട് പോകുകയും അതേ ഭൂമിയില്‍ ആരോപണം ഉന്നയിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിയുടെ നിലപാടില്‍ പ്രതിപക്ഷം വിമര്‍ശനം ശക്തമാകുമെന്ന് ഉറപ്പാണ്.
കണ്ണൂര്‍ വിമാനത്താവളത്തിന് അടുത്തും കിഫ്ബി ഭൂമി ഏറ്റെടുത്തിരുന്നു. ഇതിലും വലിയ ക്രമക്കേട് നടന്നിട്ടുണ്ടെന്നായിരുന്നു സുധാ പിള്ള റിപ്പോര്‍ട്ട് ഉദ്ദരിച്ച് മുഖ്യമന്ത്രിയുടെ ആരോപണം. സിപിഐഎമ്മിന്റെ പല നേതാക്കള്‍ക്കെതിരെയാണ് ഇതില്‍ ആരോപണം ഉന്നയിച്ചിരുന്നത്. പലരും ബിനാമിയിലൂടെ അവിടെ ഭൂമി വാങ്ങിക്കൂട്ടുകയും പിന്നാലെ പൊന്നുംവിലയ്ക്ക് വില്‍ക്കുകയും ചെയ്യുകയായിരുന്നു എന്നും ആരോപിച്ചിരുന്നു. ഫെയര്‍ വാല്യുവിന്റെ അഞ്ച് ഇരട്ടി വില കൊടുത്താണ് ഭൂമി വാങ്ങിയതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഈ 461 ഏക്കര്‍ ഭൂമിയിലും പദ്ധതി കൊണ്ടുവരാനാണ് സര്‍ക്കാര്‍ നീങ്ങുന്നത്.
കിഫ്ബിയില്‍ മുഖ്യമന്ത്രിക്ക് ഒന്നുകില്‍ വ്യക്തത ഇല്ലാത്തതാണെന്നും അല്ലെങ്കില്‍ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കമാണ് നടന്നതെന്നുമാണ് സിപിഐഎം നേതാവ് പി രാജീവ് കുറ്റപ്പെടുത്തിയത്. മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം കണ്ടപ്പോള്‍ നിയമത്തെ കുറിച്ച് ഇത്രയും അജ്ഞത അദ്ദേഹത്തിന് എങ്ങനെ ഉണ്ടായി എന്ന് തനിക്ക് തോന്നി. ഫെയര്‍ വാല്യുവിന് കൂടുതല്‍ തുകയാണെന്ന് പറയുന്ന മുഖ്യമന്ത്രി അദ്ദേഹത്തിന്റെ മണ്ഡലമായ പറവൂരില്‍ ഇറങ്ങി ഹൈവേക്ക് ഭൂമി കൊടുത്ത ആളുകള്‍ക്ക് എത്ര രൂപയാണ് നഷ്ടപരിഹാരമായി കിട്ടിയതെന്ന് തിരക്കിയാല്‍ നിയമം അറിയില്ലെങ്കിലും വസ്തുത മനസിലാക്കാനാകും. ഭൂമി ഏറ്റെടുക്കുന്നത് റവന്യൂ വകുപ്പാണ്. അതില്‍ കൃത്യമായ നടപടി പാലിച്ചാണ് ഭൂമി ഏറ്റെടുത്തതെന്ന് അദ്ദേഹം വ്യക്തമാക്കി. വസ്തുതകള്‍ മനസിലാക്കാതെ തെറ്റിദ്ധാരണ ഉണ്ടാക്കുന്നത് കേരളത്തിന്റെ വികസനത്തിന് തടയിടാനേ വഴിയൊരുക്കൂ എന്നും പി രാജീവ് ചൂണ്ടിക്കാട്ടി.
Content Highlights: The Kerala government is planning to establish an industrial park on 476 acres of land in Mattannur that was acquired through KIIFB by the LDF government. The move comes amid allegations raised by Chief Minister V D Satheesan over the land. The government is seeking central approval for three industrial parks under the BHAVYA scheme, covering 1,280 acres across Ernakulam and Kannur districts. The Mattannur project is part of this proposal.