'ശശിധരൻ കര്‍ത്തയുമായി യാതൊരു ബന്ധവുമില്ല, ശ്യാംജിത്തിന്റെ ഭാര്യ റിസോര്‍ട്ടില്‍ തട്ടിപ്പ് നടത്തി'; ഇ പി ജയരാജൻ

വൈദേഹം റിസോര്‍ട്ടിലെ പിആര്‍ഒ എന്ന പേരില്‍ കാര്‍ഡ് അടിച്ച് ശ്യം ജിത്ത് പണം തട്ടിയെന്നും ആരോപണമുണ്ട്

കണ്ണൂര്‍: വൈദേഹം റിസോര്‍ട്ടുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ഒരു ഷെയറും അവിടെ ഇല്ലെന്നും വ്യക്തമാക്കി സിപിഐഎം നേതാവ് ഇ പി ജയരാജന്‍. ആതിന്റെ ആരംഭ കാലഘട്ടത്തില്‍ അതിന് വേണ്ടി ഉപദേശങ്ങളും പ്രോത്സാഹനങ്ങളും നല്‍കിയിരുന്നു. ഇന്റര്‍നെറ്റില്‍ നോക്കിയാല്‍ ആ സ്ഥാപനത്തെ കുറിച്ച് എല്ലാ കാര്യങ്ങളും മനസിലാകും. ആ സ്ഥാപനത്തില്‍ ഒന്‍പത് കോടി ഡെപ്പോസിറ്റ് ഉള്ള ഒരാളും ഇല്ല. ശശിധരന്‍ കര്‍ത്തയുമായി തനിക്ക് യാതൊരു ബന്ധവുമില്ല. തന്റെ ഭാര്യയ്ക്ക് വിരമിക്കുമ്പോൾ ലഭിച്ച പണം മാത്രമാണ് സ്ഥാപനത്തില്‍ ഷെയറായി നല്‍കിയിരിക്കുന്നതെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

ആരോപണം ഉന്നയിച്ച ശ്യാംജിത്തിന്റെ ഭാര്യ റിസോര്‍ട്ടിലെ പ്രവര്‍ത്തനത്തില്‍ വ്യാപക ക്രമക്കേട് വരുത്തി. സ്വന്തമായി പണം എഴുതി എടുക്കുകയും ആനുകൂല്യങ്ങള്‍ കൈപ്പറ്റുകയും ചെയ്തു. എന്നാല്‍ അവര്‍ക്കെതിരെ നടപടി എടുക്കാതിരുന്നത് തന്റെ സഹോദരീ പുത്രന്റെ ഭാര്യ എന്ന നിലയിലാണെന്നും ഇ പി ജയരാജന്‍ പറഞ്ഞു. ജനറല്‍ മാനേജര്‍ എന്ന പേരില്‍ വ്യാജ ലെറ്റര്‍ പാഡ് ഉണ്ടാക്കിയതടക്കമുള്ള ആരോപണം ഉയര്‍ന്നു. ഇത് ബന്ധപ്പെട്ടവര്‍ എന്നെ അറിയിച്ചപ്പോള്‍ അതില്‍ നടപടി എടുക്കണമെന്ന് താന്‍ പറഞ്ഞു. വൈദേഹം റിസോര്‍ട്ടിലെ പിആര്‍ഒ എന്ന പേരില്‍ കാര്‍ഡ് അടിച്ച് ശ്യം ജിത്ത് പണം തട്ടിയെന്നും റിസോര്‍ട്ട് ആരോപണം ഉന്നയിക്കുന്നുണ്ട്. ഇതിന് പിന്നാലെ ശ്യാംജിത്തിന്റെ ഭാര്യയെ കമ്പനിയില്‍ നിന്ന് പുറത്താക്കി. ഇതിന് ശേഷമാണ് കമ്പനിക്കെതിരെ അവര്‍ വ്യാജ പരാതികള്‍ കൊടുക്കാന്‍ തുടങ്ങിയതെന്നു ഇ പി ജയരാജൻ പ്രതികരിച്ചു.

ആദ്യ കാല എം ഡിയായിരുന്ന കെ പി രമേശന്റെ പേരില്‍ വ്യാജ പരാതി നല്‍കിയെന്നും അതില്‍ ശ്യാംജിത്തിന്റെ ഭാര്യ ദീപ കള്ള ഒപ്പിട്ടെന്നും ഇ പി ജയരാജന്‍ ആരോപിച്ചു. ഇതറിഞ്ഞ രമേശന്‍ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് കമ്പനിക്കെതിരെ വ്യാജ പരാതി നല്‍കിയതില്‍ വൈദേഹം റിസോര്‍ട്ടും പരാതികള്‍ പല ഇടങ്ങളില്‍ നല്‍കിയിരുന്നു. കമ്പനിയെ തകര്‍ക്കാന്‍ ശ്രമിച്ച ഒരാളെ സംരക്ഷിക്കാന്‍ തനിക്ക് ആകില്ല. അതിന് പിന്നാലെയാണ് തന്റെ ഭാര്യയുമായി ചേര്‍ത്ത് ആരോപണം വരുന്നത്. കര്‍ത്തയുടെ പേര് തന്റെ ഭാര്യക്ക് അറിയുകപോലുമില്ലെന്നും അദ്ദേഹം പറഞ്ഞു. സ്ഥാപനവുമായി തനിക്ക് ഒരു ബന്ധവുമില്ല. തന്നോട് എന്തെങ്കിലും ഉപദേശങ്ങളോ നിര്‍ദ്ദേശങ്ങളോ ചോദിച്ചാല്‍ നല്‍കും. തന്റെ വ്യക്തിത്വത്തെ കളങ്കപ്പെടുത്താന്‍ അനുവദിക്കില്ലെന്നും ഇ പി മുന്നറിയിപ്പ് നല്‍കി. വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെയും പോസ്റ്റിട്ട ശ്യാം ജിത്തിനെതിരെയും നടപടി സ്വീകരിക്കുമെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

ശശിധരന്‍ കര്‍ത്തയില്‍ നിന്ന് ഇ പി ജയരാജന്റെ ഭാര്യ പണം വാങ്ങിയെന്നായിരുന്നു ഇപി ജയരാജന്റെ ബന്ധു ശ്യാംജിത് ഇ പിയുടെ ആരോപണം. വൈദേകം റിസോര്‍ട്ടില്‍ ചെലവഴിച്ചത് ഈ പണമാണെന്നാണ് ആരോപണമായി ഉന്നയിച്ചിരുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിമര്‍ശനം. ഇപി ജയരാജന്റെ കൈപ്പടയില്‍ എഴുതിയതെന്ന് അവകാശപ്പെട്ട് ഒരു നോട്ട്ബുക്കിന്റെ ചിത്രവും പോസ്റ്റിനൊപ്പം പങ്കുവെച്ചിരുന്നു. പ്രൈഡ് പ്രേംകുമാര്‍ 9 കോടി, ജീവന്‍ ജ്യോതി 50 ലക്ഷം, പ്രശാന്ത് 2 കോടി എന്നിങ്ങനെ ബ്ലാക്ക് മണിയായും വൈദേകം റിസോര്‍ട്ടില്‍ നിക്ഷേപിച്ചു എന്ന് ഇപിയുടെ സഹോദരീപുത്രന്‍ പോസ്റ്റില്‍ ആരോപിച്ചിരുന്നു. ഇതിലും കൂടുതല്‍ പേര്‍ പണം നല്‍കിയിട്ടുണ്ടെന്നും അടുത്തദിവസം അറിയിക്കുമെന്നും ഫേസ്ബുക്ക് കുറിപ്പില്‍ ഉണ്ടായിരുന്നു. താന്‍ ജീവിതം അവസാനിപ്പിച്ചാല്‍ ഉത്തരവാദിത്വം പി കെ ഇന്ദിര, ഇ പി ജയരാജന്‍, തോമസ്, സി കെ ഷാജി എന്നിവര്‍ക്കാണെന്നും കുറിപ്പില്‍ പറഞ്ഞിരുന്നു. വാര്‍ത്ത വന്നതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചു. പിന്നാലെ തന്റെ പേജ് ഹാക്ക് ചെയ്തതെന്ന വിശദീകരണവുമായി ശ്യാംജിത് രംഗത്തെത്തുകയായിരുന്നു.

Content Highlights: CPI(M) leader EP Jayarajan has denied having any ownership or shareholding in Vaideham Resort. He said he had offered advice and encouragement during the establishment’s early stages but had no ongoing connection with it or with Sasidharan Kartha. Jayarajan also rejected claims that anyone had deposited ₹9 crore in the establishment, stating that the only share investment linked to his family was his wife’s retirement deposit.

To advertise here,contact us