മസ്കറ്റ്: തന്റെ പിതാവിനോട് അനീതി കാണിച്ചെന്ന് കരുതി മറ്റുള്ളവരോട് അന്യായം കാണിക്കാന്‍ കോണ്‍ഗ്രസ് തയാറല്ലെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ. അങ്ങനെ ചെയ്താല്‍ അവരും നമ്മളും തമ്മില്‍ എന്താണ് വ്യത്യാസമെന്നും ഒമാനില്‍ വെച്ച് സിഎംആര്‍എല്‍ കേസിനെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കവേ അദ്ദേഹം ചോദിച്ചു. സർക്കാർ സമയമെടുത്ത് കേസ് അന്വേഷിക്കുമെന്നും ധൃതിപിടിച്ച് ആരെയെങ്കിലും പ്രതിയാക്കാനോ പ്രതിയല്ലാതാക്കാനോ ശ്രമിക്കാന്‍ പാടില്ലെന്നും ചാണ്ടി പറഞ്ഞു.
'നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, എന്റെ പിതാവിനോട് അനീതി ചെയ്തെന്നുവെച്ച് അത് ചെയ്തരവരോട് അങ്ങനെ കാണിക്കേണ്ടതുണ്ടോ. അങ്ങനെ ചെയ്താല്‍ അവരും നമ്മളും തമ്മില്‍ എന്താണ് വ്യത്യാസം. ഞങ്ങളും അവരും തമ്മിലെ വ്യത്യാസവും അതാണ്. അന്യായം നേരിട്ടാലും മറ്റുള്ളവരോട് അന്യായം കാണിക്കാറില്ല. സര്‍ക്കാര്‍ സര്‍ക്കാരിന്റെ സമയമെടുത്താണ് ഒരു പ്രവര്‍ത്തനം നടത്തേണ്ടത്. അന്വേഷണമാണെങ്കിലും സമയമെടുത്ത് ചെയ്യണം. അല്ലാതെ ധൃതിപിടിച്ച് ആരെയെങ്കിലും പ്രതിയാക്കാനോ പ്രതിയല്ലാതാക്കാനോ ശ്രമിക്കാന്‍ പാടില്ല. ആര് ഭരിച്ചാലും അങ്ങനെയാണ് വേണ്ടത്', അദ്ദേഹം പറഞ്ഞു.
അതേസമയം, സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടിലെ വിജിലന്‍സ് കേസില്‍ പിണറായി വിജയന്റെ അപ്പീല്‍ ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. അപ്പീല്‍ അനുമതി നിഷേധിച്ച ബെഞ്ച് തന്നെയാണ് പരിഗണിക്കുന്നത്. ഹര്‍ജി ഉടന്‍ പരിഗണിക്കണം എന്ന് അഭിഭാഷകന് ആവശ്യപ്പെട്ടത് അംഗീകരിച്ചാണ് ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ നടപടി. ജസ്റ്റിസ് നടരാജന് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
ജസ്റ്റിസ് സതീഷ് നൈനാന് അധ്യക്ഷനായ ഡിവിഷന് ബെഞ്ചിന് മുന്നിലാണ് അപ്പീല്‍ ഉടന്‍ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകര്‍ ആവശ്യം ഉന്നയിച്ചത്. ഇത് അംഗീകരിച്ച് തിങ്കളാഴ്ചത്തെ പരിഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്താമെന്ന് ഹൈക്കോടതി അറിയിക്കുകയായിരുന്നു. പിണറായി വിജയന്, ടി വീണ, മുഹമ്മദ് റിയാസ് ഉള്‍പ്പെടെയുള്ള ഏഴ് പേരുടെ അപ്പീലുകളാണ് ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ പരിഗണനയില്‍ വരുന്നത്.
കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ അപ്പീല്‍ അനുമതിക്ക് സമീപിച്ചപ്പോള്‍ ഡിവിഷന് ബെഞ്ചില്‍ നിന്ന് തിരിച്ചടിയാണ് പിണറായി വിജയന് ഉണ്ടായത്. ഇതിന് പിന്നാലെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്നാണ് കഴിഞ്ഞ ദിവസം വിജിലന്‍സ് അന്വേഷണം ഒരാഴ്ചത്തേക്ക് സ്റ്റേ ചെയ്തുകൊണ്ട് സുപ്രീം കോടതി അവധിക്കാല ബെഞ്ചിന്റെ ഉത്തരവ് ഉണ്ടാകുന്നത്. ഇതിന് പിന്നാലെ സുപ്രീം കോടതി ഉത്തരവ് ഇന്നലെ ഹൈക്കോടതിയില്‍ പിണറായി വിജയന് ഹാജരാക്കിയിരുന്നു. സുപ്രീം കോടതി ഉത്തരവ് പ്രകാരമുള്ള സ്റ്റേ തുടരുമോ എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. സുപ്രീം കോടതി നിലപാട് തന്നെ ഹൈക്കോടതി ഡിവിഷന് ബെഞ്ച് സ്വീകരിക്കാനാണ് സാധ്യത കൂടുതല്‍.
ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന് കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനുള്ള നിര്‍ദ്ദേശം നല്കാന് അധികാരമില്ലെന്നും അത് തെറ്റായ വിധിയാണെന്നുമാകും പിണറായി വിജയന് ഡിവിഷന് ബെഞ്ചിന് മുന്നില്‍ വാദമായി ഉന്നയിക്കുന്നത്. പിണറായി വിജയന് ഉള്‍പ്പെടെയുള്ളവരുടെ വാദം കേള്‍ക്കാതെയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനുള്ള അനുമതി നല്‍കിയതെന്നാണ് നേരത്തെ തന്നെ സുപ്രീം കോടതിയില്‍ വാദം ഉന്നയിച്ചിരുന്നത്. വിജിലന്‍സ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഇഡി ഇസിഐആറും രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതുമായി മുന്നോട്ട് പോകുന്നതില്‍ നിലവില്‍ നിമതടസങ്ങള് ഇല്ല എന്നതും പ്രധാനമാണ്. എന്നാല്‍ ഇഡിയുടെ നടപടികളെ നിയമപരമായി ചോദ്യം ചെയ്യാന്‍ ഹര്‍ജിക്കാര്‍ക്ക് അവകാശമുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കയിരുന്നു.
Content Highlights: Chandy Oommen said the party would not treat others unfairly in response to what he described as injustice towards his father