മലപ്പുറം: ശിവഗിരി കയ്യടക്കി കേരളത്തെ കീഴ്പ്പെടുത്തുക എന്നത് ദശകങ്ങള്‍ക്ക് മുമ്പേ ഉള്ള ആര്‍എസ്എസ് അജണ്ട ആണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി ജയരാജന്. ആര്‍എസ്എസ് താത്വികാചാര്യന്‍ പി പരമേശ്വരന് തന്നെ പറഞ്ഞിട്ടുള്ളത് ശ്രീനാരായണ ഗുരുവിന് ശേഷം കേരളം വഴിമാറി സഞ്ചരിച്ചു എന്നാണ്. അതിനാല്‍ ഗുരുവിനെ കയ്യടക്കുക എന്നത് ആര്‍എസ്എസിന്റെ പദ്ധതിയാണ്. 1995ല്‍ എ കെ ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ശിവഗിരിയില്‍ നടന്ന പൊലീസ് നടപടി ആര്‍എസിന്റെ ആസൂത്രണം വിജയിപ്പിക്കാനാണെന്നും അതിനെ പിന്തുണച്ച് വന്നിരുന്നത് ആര്‍എസ്എസ് ബിജെപി നേതാക്കളായിരുന്നെന്നും ജയരാജന് ആരോപിച്ചു.
ഒരിക്കല്‍ സ്വാമി ശ്വാശതീകാനന്ദയെ കാണാന്‍ ശിവഗിയില് എത്തിയ ആര്‍എസ്എസ് പ്രചാരകന് ചെങ്കോട്ട്കോണം മഠാധിപതി സത്യാനന്ത സരസ്വതി പറഞ്ഞത് നമ്മള് ഇരുവരും ഒത്തുചേര്‍ന്നാല്‍ കേരളം നമ്മുടെ കയ്യില്‍ ഇരിക്കുമെന്നാണെന്ന് അദ്ദേഹം ചരിത്രം ഓര്‍മപ്പെടുത്തി. ശ്രീനാരായണ ദര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ആര്‍ക്കും ആര്‍എസ്എസിന്റെ ആശയങ്ങള്‍ക്ക് കീഴ്പ്പെടാനാകില്ലെന്നും പി ജയരാജന് ചൂണ്ടിക്കാട്ടി. ജാതിക്കതീതമായും മതാതീതമായും ആത്മീയത ഉയര്‍ത്തിപ്പിടിച്ച സന്യാസിയാണ് ശ്രീനാരായണ ഗുരു. ആദ്ദേഹത്തെ ആര്‍എസ്എസ് വല്‍ക്കരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ജാതിക്കെതിരായി ഗുരുവിന്റെ ശ്ലോകം ശാഖയില്‍ ചൊല്ലിയാല്‍ പിന്നെ ആര്‍എസ്എസ് ഇല്ലെന്നും സിപിഐഎം നേതാവ് വിശദീകരിച്ചു.
ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങള്‍ സമൂഹത്തില്‍ പ്രചരിപ്പിക്കാനാണ് ശിവഗിരി ധര്‍മ്മസംഘം ട്രസ്റ്റ് ഉണ്ടാക്കിയത്. അതിന് ഒരു ബൈലോ ഉണ്ട്. എന്നാല്‍ അതില്‍ എവിടെയും ഹിന്ദു സന്യാസിമാരുടെ സംഘമാണെന്ന് പറയുന്നില്ല. ജാതി ഭേദവും മതാന്ധതയും ഇല്ലാതാക്കുക എന്നതാണ് അതിന്റെ പ്രധാന അജണ്ട. എന്നാല്‍ ഈ മാതാന്ധതയാണ് ആര്‍എസ്എസ് പ്രചരിപ്പിക്കുന്നത്. ട്രസ്റ്റിന്റെ മൂല്യങ്ങളെ പാടെ നശിപ്പിക്കുന്ന ഇടപെടലാണെന്ന് ആതോടെ വ്യക്തമാണെന്നും ആദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം ഒരു നീക്കം ഉണ്ടാകുമ്പോള്‍ ശ്രീനാരായണീയര്‍ ഒന്നിച്ചിറങ്ങി ആര്‍എസ്എസിന്റെ പദ്ധതിയെ ചെറുത്ത് തോല്‍പ്പിക്കണമെന്നും ജയരാജന് പറഞ്ഞു.
ചരിത്രത്തെ ആര്‍എസ്എസ് വളച്ചൊടിക്കുന്നത് പോലെ ഗുരുവിനേയും വരുതിയില്‍ ആക്കാനാണ് ശ്രമിക്കുന്നത്. ഈഴവ സമുദായത്തിനെ മാത്രമല്ല ശ്രീനാരയണീയരെ മുഴുവനാണ് ഇവര്‍ ലക്ഷ്യമിടുന്നത്. എന്നോട് ഹിന്ദു ആരാധനാലയങ്ങള്‍ക്ക് ശിലയിടാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഞാന്‍ അത് ചെയ്തു, എന്നോട് മുസ്ലിം ആരാധനാലയത്തിന്റെയോ ക്രിസ്ത്യന്‍ ആരാധനാലയത്തിന്റെയോ ശിലയിടാന്‍ പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ അതും ചെയ്തേനെ എന്ന് പറഞ്ഞ ആളാണ് ഗുരു. ആ ഗുരുവിനെ ആര്‍എസ്എസിന് കീഴ്പ്പെടുത്താന്‍ ആകില്ലെന്ന് ജയരാജന് വിശദീകരിച്ചു. സംഘപരിവാറിന്റെ പദ്ധതി മുമ്പ് തന്നെ തുടങ്ങിയതാണ്. അത് വിജയിക്കാന്‍ പോകുന്നില്ല. ശ്രീ നാരായണീയര്‍ എല്ലാ സംഘപരിവാറിന്റെ പദ്ധതിയെ കുറിച്ചും ജാഗ്രത ഉള്ളവര്‍ ആയിരിക്കണമെന്നും പി ജയരാജന് മുന്നറിയിപ്പ് നല്കി.
Content Highlights: CPM state secretariat member P Jayarajan alleged that the RSS has pursued a plan for decades to gain control of Sivagiri and influence Kerala. He cited RSS ideologue P Parameswaran’s reported remarks that Kerala took a different path after Sree Narayana Guru, arguing that the organisation seeks to appropriate the Guru’s legacy. Jayarajan also alleged that the police action at Sivagiri in 1995, when AK Antony was Chief Minister, helped advance this agenda and claimed RSS and BJP leaders had supported it.