തിരുവനന്തപുരത്ത് മഴ കനക്കുന്നു; ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു

മക്കിയാര്‍ കര കവിഞ്ഞ് മക്കി, മരുതാമല, പേപ്പാറ, ആനപ്പാറ മേഖലകളില്‍ വീടുകള്‍ വെളളം കയറി

തിരുവനന്തപുരം: തലസ്ഥാനത്ത് മഴ കനക്കുന്നു. വിതുര - പൊന്മുടി മേഖലയില്‍ ശക്തമായ മഴയെ തുടര്‍ന്ന് വാമനപുരം നദിയില്‍ ജലനിരപ്പ് ഉയര്‍ന്നു. ജില്ലയില്‍ അതിശക്തമായ മഴക്ക് സാധ്യതയെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. കനത്ത മഴയെ തുടര്‍ന്ന് സൂര്യകാന്തി പാലം, പൊന്നാം ചുണ്ട് പാലം എന്നിവ മുങ്ങി. മക്കിയാര്‍ കര കവിഞ്ഞ് മക്കി, മരുതാമല, പേപ്പാറ, ആനപ്പാറ മേഖലകളില്‍ വീടുകളിൽ വെളളം കയറി. വിതുര പഞ്ചായത്തിലെ മണിതൂക്കി, മരുതാമല വാര്‍ഡുകളില്‍ വെള്ളം കയറിയ വീടുകളില്‍ ഉള്ളവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു.

പേപ്പാറ ഡാമിന്റെ റിസര്‍വോയറില്‍ നിന്നുള്ള വെള്ളം വന്നതോടെ പേപ്പാറ പൊടിയക്കാല ആദിവാസി ഊരിലേക്കുള്ള വഴിയിലും വെള്ളം കയറി. ഇതേതുടര്‍ന്ന് പൊടിയക്കാല ഊര് ഒറ്റപ്പെട്ടു. തിരുവനന്തപുരത്ത് മലയോര മേഖലയില്‍ മഴ കനക്കുകയാണ്. കൊല്ലത്തും മഴ ശക്തമാണ്.

ചാത്തന്നൂരിൽ സർവ്വീസ് റോഡുകൾ മുങ്ങി. ഗതാഗതം സ്തംഭിച്ചു. വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി.

കനത്ത മഴയെ തുടര്‍ന്ന് ജില്ലയില്‍ നേരത്തെ നല്‍കിയിരുന്ന യെല്ലോ അലേര്‍ട്ട് ആണ് ഓറഞ്ച് അലേര്‍ട്ട് ആയി ഉയര്‍ത്തിയത്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 മില്ലി മീറ്റര്‍ മുതല്‍ 204.4 മില്ലി മീറ്റര്‍ വരെ ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തുടരും.

കൊല്ലത്ത് കനത്ത മഴ

ചാത്തന്നൂരിൽ സർവ്വീസ് റോഡുകൾ മുങ്ങി. ഗതാഗതം സ്തംഭിച്ചു

വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി

പുതിയ ദേശീയ പാതയിൽ വലിയ വെള്ളക്കെട്ട്

Content Highlights: Heavy rain in Thiruvananthapuram has raised water levels in the Vamanapuram River, submerged bridges and flooded houses. The Podiyakkala tribal settlement has been isolated, and an orange alert has been issued for the district

To advertise here,contact us