'വഖഫ് ബോർഡ് പിരിച്ചുവിട്ട നടപടി ന്യൂനപക്ഷ അവകാശങ്ങളെ ഹനിക്കുന്നത്; ഉത്തരവ് അടിയന്തരമായി സർക്കാർ റദ്ദുചെയ്യണം

2016-ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നപ്പോള്‍, ലീഗ് നേതാവ് റഷീദലി തങ്ങള്‍ ചെയര്‍മാനായ ബോര്‍ഡിനെ പിരിച്ചുവിടാതെ കാലാവധി പൂര്‍ത്തിയാക്കാന്‍ അനുവദിച്ച ജനാധിപത്യ മര്യാദ യുഡിഎഫ് കാട്ടിയില്ലെന്നും പിണറായി

തിരുവനന്തപുരം: വഖഫ് ബോര്‍ഡ് പിരിച്ചുവിട്ടതിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. വഖഫ് നിയമപ്രകാരം കാലാവധി തീരും മുന്‍പ് നിലവിലെ ഭരണസമിതിയെ പിരിച്ചുവിടാന്‍ സംസ്ഥാന സര്‍ക്കാരിന് നിയമപരമായി യാതൊരു അധികാരവുമില്ലെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ വിമര്‍ശിച്ചു.

2016-ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നപ്പോള്‍, ലീഗ് നേതാവ് റഷീദലി തങ്ങള്‍ ചെയര്‍മാനായ ബോര്‍ഡിനെ പിരിച്ചുവിടാതെ കാലാവധി പൂര്‍ത്തിയാക്കാന്‍ അനുവദിച്ച ജനാധിപത്യ മര്യാദ യുഡിഎഫ് കാട്ടിയില്ല. ഹൈക്കോടതി പരാമര്‍ശത്തെ തെറ്റായി വ്യാഖ്യാനിച്ച് ബോര്‍ഡ് പിരിച്ചുവിട്ട നടപടി ന്യൂനപക്ഷ അവകാശങ്ങളെ ഹനിക്കുകയും സംഘപരിവാര്‍ അജണ്ടകളെ സഹായിക്കുകയും ചെയ്യുന്നതാണ്. വഖഫ് ബോര്‍ഡ് പിരിച്ചുവിട്ട ഉത്തരവ് സര്‍ക്കാര്‍ അടിയന്തരമായി റദ്ദുചെയ്യണമെന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

പിണറായി വിജയന്‌റെ ഫേസ്ബുക്ക് കുറിപ്പ്

കാലാവധി പൂര്‍ത്തിയാക്കാന്‍ വര്‍ഷങ്ങള്‍ ബാക്കിനില്‍ക്കെ, കെഎസ് ഹംസ ചെയര്‍മാനായ വഖഫ് ബോര്‍ഡ് ഭരണസമിതിയെ പിരിച്ചുവിട്ട യുഡിഎഫ് സര്‍ക്കാര്‍ നടപടി അംഗീകരിക്കാന്‍ കഴിയില്ല. വഖഫ് നിയമപ്രകാരം കാലാവധി തീരുംമുന്‍പ് നിലവിലെ ഭരണസമിതിയെ പിരിച്ചുവിടാന്‍ സംസ്ഥാന സര്‍ക്കാരിന് നിയമപരമായി യാതൊരു അധികാരവുമില്ല. 2016 ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നപ്പോള്‍, ലീഗ് നേതാവ് റഷീദലി തങ്ങള്‍ ചെയര്‍മാനായ ബോര്‍ഡിനെ പിരിച്ചുവിടാതെ കാലാവധി പൂര്‍ത്തിയാക്കാന്‍ അനുവദിച്ച ജനാധിപത്യ മര്യാദ യുഡിഎഫ് കാട്ടിയില്ല.

പുതിയ വഖഫ് ഭേദഗതി നിയമ പ്രകാരം ചില വിഭാഗം അംഗങ്ങളെ ഉള്‍പ്പെടുത്താനായി പുനസംഘടപ്പിക്കുന്ന വിഷയമാണ് ഹൈക്കോടതിയില്‍ വന്നത്. സുപ്രീം കോടതിയിലെ കേസ് കഴിഞ്ഞ ശേഷം അക്കാര്യം തീരുമാനിക്കുമെന്ന മുന്‍ സര്‍ക്കാര്‍ നിലപാടല്ല യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചത്. കേന്ദ്ര വഖഫ് നിയമഭേദഗതിക്കെതിരെ കോടതിയിലുള്ള സംസ്ഥാനത്തിന്റെ നിലപാടുകളെ തകര്‍ക്കുന്നതാണ് യുഡിഎഫ് സര്‍ക്കാരിന്റെ നടപടികള്‍. അമുസ്ലിങ്ങളെ വഖഫ് ബോര്‍ഡിലേക്ക് നിയമിക്കാമെന്ന അപകടകരമായ നിലപാടാണ് യുഡിഎഫ് സര്‍ക്കാര്‍ ആദ്യം സ്വീകരിച്ചത്. സമുദായ വഞ്ചന കയ്യോടെ പിടിക്കപ്പെട്ടപ്പോള്‍ മാത്രമാണ് അവര്‍ അത് മയപ്പെടുത്താന്‍ തയ്യാറായത്.

അമുസ്ലിം പ്രാതിനിധ്യം സംബന്ധിച്ച് പുതിയ ചെയര്‍മാന്‍ നടത്തുന്ന പരാമര്‍ശങ്ങളും അതീവ ഗൗരവമുള്ളതാണ്.ഹൈക്കോടതി വഖഫ് ബോര്‍ഡ് പിരിച്ചു വിടണമെന്ന് നിര്‍ദ്ദേശിച്ചിട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്തത് വഖഫ് ബോര്‍ഡ് കാലാവധിക്കു മുന്‍പേ നിയമവിരുദ്ധമായി പാടെ പിരിച്ച് വിടുകയാണ്. ഹൈക്കോടതി പരാമര്‍ശത്തെ തെറ്റായി വ്യാഖ്യാനിച്ച് ബോര്‍ഡ് പിരിച്ചുവിട്ട നടപടി ന്യൂനപക്ഷ അവകാശങ്ങളെ ഹനിക്കുകയും സംഘപരിവാര്‍ അജണ്ടകളെ സഹായിക്കുകയും ചെയ്യുന്നതാണ്. വഖഫ് ബോര്‍ഡ് പിരിച്ചുവിട്ട ഉത്തരവ് സര്‍ക്കാര്‍ അടിയന്തരമായി റദ്ദുചെയ്യണം.

Content Highlights: waqf board dissolution opposition leader pinarayi vijayan responds to kerala government decision

To advertise here,contact us