വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കപ്പെടുന്നു, സ്വകാര്യതയെ മാനിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു; സുഹൈലിന്റെ മാതാവ്

എന്റെ മകന്റെ ഭാവി ജീവിതം ഓര്‍ത്തുള്ള ദുഃഖത്തോടൊപ്പം അതുപോലെ തന്നെയുള്ള മൂന്ന് കുഞ്ഞുങ്ങളുടെ ജീവനെ ഓര്‍ത്തുള്ള വിഷമവും തനിക്ക് ഉണ്ടെന്നും അവര്‍ പറഞ്ഞു

കൊച്ചി: നെടുമ്പാശ്ശേരി മിനികൂപ്പര്‍ അപകടത്തില്‍ പ്രതികരണവുമായി പ്രതി സുഹൈല്‍ സജീവിന്റെ അമ്മ നൂഹ സജീവ്. മൂന്ന് കുഞ്ഞുങ്ങളുടെ വിലപ്പെട്ട ജീവനാണ് നഷ്ടപ്പെട്ടത്. അത് ആ കുടുംബങ്ങള്‍ക്ക് തീരാ ദുഃഖമാണെന്ന് നൂഹ പ്രതികരിച്ചു. സംഭവത്തില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ എന്ന് തന്നെയാണ് ആഗ്രഹിക്കുന്നത്. സത്യമായ കാര്യങ്ങള്‍ മാത്രം പുറത്ത് വരണം. എന്നാല്‍ ഇത്രയും പ്രയാസം അനുഭവിക്കുന്ന ഘട്ടത്തില്‍ തന്റെ കുടുംബത്തിന്റെ സ്വകാര്യതയെ മാനിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണെന്ന് സുഹൈലിന്റെ മാതാവ് പറഞ്ഞു.

അടിസ്ഥാനരഹിതമായ ചില വാര്‍ത്തകള്‍ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. തന്റെ മകന്റെ ഭാവി ജീവിതം ഓര്‍ത്തുള്ള ദുഖഃത്തോടൊപ്പം അതുപോലെ തന്നെയുള്ള മൂന്ന് കുഞ്ഞുങ്ങളുടെ ജീവനെ ഓര്‍ത്തുള്ള വിഷമവും തനിക്ക് ഉണ്ടെന്നും അവര്‍ പറഞ്ഞു. സത്യസന്ധമായ അന്വേഷണം ഇക്കാര്യത്തില്‍ വേണം. മരിച്ച കുട്ടികളുടെ കുടുംബത്തെ പിന്തുണയ്ക്കും. തങ്ങള്‍ ഉള്ളിടത്തോളം കാലം ആ കുടുംബങ്ങളോടൊപ്പം ഉണ്ടാകും. ആരുടേയും വേദന കുറച്ചു കാണിക്കാനോ കൂട്ടിക്കാണിക്കാനോ അല്ല ശ്രമിക്കുന്നത്. തന്റെ കുടുംബത്തിലെ നാല് പേര്‍ക്കും ഇനിയും ഒരു ജീവിതമുണ്ട്. കുടുംബത്തെ കുറിച്ചുള്ള പ്രചാരണങ്ങളില്‍ നിന്ന് ദയവായി പിന്മാറണമെന്നും നൂഹ പറഞ്ഞു.

കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ പന്ത്രണ്ടരയോടെയാണ് മദ്യലഹരിയില്‍ സുഹൈല്‍ സജീവ് ഓടിച്ച മിനി കൂപ്പര്‍ കാര്‍ മൂന്നുപേര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ഇടിച്ചത്. വയനാട് സ്വദേശി ദേവിക, പാലക്കാട് സ്വദേശി ഗോപിക, കര്‍ണാടക സുള്ള്യ സ്വദേശി ഇയാസ് എന്നിവര്‍ അപകടത്തില്‍ തല്‍ക്ഷണം മരിച്ചിരുന്നു. തൃക്കാക്കര കരകൗശല വില്‍പനശാലയില്‍ പാര്‍ട്ട് ടൈം ജോലി ചെയ്യുന്നവരായിരുന്നു മരിച്ച മൂന്ന് വിദ്യാര്‍ത്ഥികളും. സ്ഥാപനത്തിലെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം രാത്രിയില്‍ ചായ കുടിച്ച് മടങ്ങിവരവെയാണ് അപകടമുണ്ടായത്.

Content Highlights: Nuha Sajeev, mother of the accused Suhaeil Sajeev in the Nedumbassery Mini Cooper accident, expressed condolences to the affected families, saying the loss of three children would bring lasting grief. She said she wanted the law to take its course and the truth to emerge. She also appealed to the public to respect her family’s privacy during this difficult period.

To advertise here,contact us