രമ്യാ ഹരിദാസിന്റെ നിലപാടുകളോട് ആർക്കും വിയോജിക്കാം, അത് വ്യക്തിഹത്യയിലേക്ക് വഴി മാറരുത്: ചാണ്ടി ഉമ്മൻ

വ്യത്യസ്ത അഭിപ്രായങ്ങളെ ഉള്‍ക്കൊള്ളാനും പരസ്പര ബഹുമാനത്തോടെ സംവദിക്കാനുമുള്ള വിശാലമനസ്സാണ് ഒരു ജനാധിപത്യ പ്രസ്ഥാനത്തിന്റെ യഥാര്‍ത്ഥ കരുത്തെന്നും ചാണ്ടി ഉമ്മന്‍

കോട്ടയം: രമ്യാ ഹരിദാസ് എംഎല്‍എയ്ക്ക് പിന്തുണയുമായി ചാണ്ടി ഉമ്മന്‍ എംഎല്‍എ. ജനാധിപത്യത്തില്‍ വിയോജിപ്പുകള്‍ സ്വാഭാവികമാണെന്നും എന്നാല്‍ വിയോജിപ്പുകളെ വ്യക്തികളെ ഒറ്റപ്പെടുത്താനുള്ള ആയുധമാക്കി മാറ്റുന്നത് ജനാധിപത്യപരമായ സംവാദങ്ങളുടെ അന്തസ്സിന് നിരക്കുന്നതല്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

രമ്യ ഹരിദാസിന്റെ നിലപാടുകളോട് ആര്‍ക്കും വിയോജിക്കുകയും അവരുടെ പ്രവര്‍ത്തനങ്ങളെ വിമര്‍ശനാത്മകമായി വിലയിരുത്തുകയും ചെയ്യാം. എന്നാല്‍ അതെല്ലാം വ്യക്തിഹത്യയിലേക്കോ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളിലേക്കോ വഴിമാറരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വ്യത്യസ്ത അഭിപ്രായങ്ങളെ ഉള്‍ക്കൊള്ളാനും പരസ്പര ബഹുമാനത്തോടെ സംവദിക്കാനുമുള്ള വിശാലമനസ്സാണ് ഒരു ജനാധിപത്യ പ്രസ്ഥാനത്തിന്റെ യഥാര്‍ത്ഥ കരുത്തെന്നും ചാണ്ടി ഉമ്മന്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്‌റെ പൂര്‍ണ രൂപം

ജനാധിപത്യത്തില്‍ വിയോജിപ്പുകള്‍ സ്വാഭാവികമാണ്. എന്നാല്‍ വിയോജിപ്പുകളെ വ്യക്തികളെ ഒറ്റപ്പെടുത്താനുള്ള ആയുധമാക്കി മാറ്റുന്നത് ജനാധിപത്യപരമായ സംവാദങ്ങളുടെ അന്തസ്സിന് നിരക്കുന്നതല്ല. രമ്യ ഹരിദാസിന്റെ നിലപാടുകളോട് ആര്‍ക്കും വിയോജിക്കാം; അവരുടെ പ്രവര്‍ത്തനങ്ങളെ വിമര്‍ശനാത്മകമായി വിലയിരുത്തുകയും ചെയ്യാം. എന്നാല്‍ അതെല്ലാം വ്യക്തിഹത്യയിലേക്കോ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളിലേക്കോ വഴിമാറരുത്.

വ്യത്യസ്ത അഭിപ്രായങ്ങളെ ഉള്‍ക്കൊള്ളാനും പരസ്പര ബഹുമാനത്തോടെ സംവദിക്കാനുമുള്ള വിശാലമനസ്സാണ് ഒരു ജനാധിപത്യ പ്രസ്ഥാനത്തിന്റെ യഥാര്‍ത്ഥ കരുത്ത്. വിമര്‍ശനങ്ങളെയും വിയോജിപ്പുകളെയും പ്രമേയങ്ങളിലൂടെ നേരിടുന്നതിനുപകരം, സംവാദങ്ങളിലൂടെയും ജനാധിപത്യപരമായ ഇടപെടലുകളിലൂടെയും പരിഹാരം കണ്ടെത്തുകയാണ് വേണ്ടത്. വിയോജിപ്പുകളെ അടിച്ചമര്‍ത്തുകയല്ല, കേള്‍ക്കുകയും സംവദിക്കുകയും ചെയ്യുക എന്നതാണ് ജനാധിപത്യത്തിന്റെ മഹത്വം എന്നും വിശ്വസിക്കുന്നു.

രമ്യാ ഹരിദാസും പ്രാദേശിക നേതാക്കളും തമ്മിലുള്ള തര്‍ക്കം തീര്‍ക്കാന്‍ കെപിസിസി സമിതിക്കും കഴിഞ്ഞിരുന്നില്ല. പാലോട് രവിയുടെ നേതൃത്വത്തിലുള്ള സമിതിയുടെ തെളിവെടുപ്പില്‍ രമ്യാ ഹരിദാസ് ഹാജരായിരുന്നില്ല. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഹാജരാകാതിരുന്നത്. തുടര്‍ന്ന് എംഎല്‍എയുടെ മൊഴിയില്ലാതെയാണ് സമിതി കെപിസിസിക്ക് റിപ്പോര്‍ട്ട് നല്‍കിയത്.

തന്റെ നിലപാട് കെപിസിസി അധ്യക്ഷനെ അറിയിച്ചിട്ടുണ്ടെന്നായിരുന്നു രമ്യാ ഹരിദാസിന്റെ വിശദീകരണം. തെളിവെടുപ്പില്‍ ഹാജരാകാത്ത കാരണവും കെപിസിസിയെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും രമ്യ പറഞ്ഞിരുന്നു. രമ്യാ ഹരിദാസിന് എതിരെയാണ് ചിറയിന്‍കീഴിലെ ഒരു വിഭാഗം നേതാക്കള്‍ ഇപ്പോഴുമുള്ളത്. ചിറയന്‍കീഴില്‍ എംഎല്‍എയും പാര്‍ട്ടിപ്രവര്‍ത്തകരുമായി ഉണ്ടായ കയ്യാങ്കളിക്ക് പിന്നാലെ പാര്‍ട്ടി പ്രാദേശിക നേതൃത്വം തന്നെ എംഎല്‍എയ്ക്ക് എതിരെ രംഗത്തെത്തി.

രമ്യയ്‌ക്കെതിരെ ചിറയിന്‍കീഴിലെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികള്‍ കഴിഞ്ഞ ദിവസം പ്രമേയം പാസാക്കിയിരുന്നു. രമ്യാ ഹരിദാസ് പാര്‍ട്ടിക്ക് വിധേയമാകണമെന്ന് കിഴുവില്ലം, പൂന്തള്ളൂര്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികള്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ആസ്തി വികസന ഫണ്ട് എംഎല്‍എ വിനിയോഗിക്കണമെന്നും കൃത്യമായ പദ്ധതികള്‍ സമര്‍പ്പിക്കണമെന്നും പ്രമേയത്തിലൂടെ കമ്മിറ്റികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് കോണ്‍ഗ്രസ് കമ്മിറ്റികളുടെയും യോഗത്തില്‍ ഏകകണ്ഠമായി രമ്യയ്ക്ക് എതിരെ പ്രമേയം പാസാക്കുകയായിരുന്നു.

Content Highlights: Ramya Haridas Gets Support From Chandy Oommen MLA Amid Congress Controversy

To advertise here,contact us