തിരുവനന്തപുരം: എംഎസ്സി കപ്പല് അപകടത്തിന്റെ മറവില് വമ്പന് തട്ടിപ്പിന് ശ്രമം. പരിസ്ഥിതിക്ക് പ്രശ്നമുണ്ടാക്കുന്ന പ്ലാസ്റ്റിക്ക് നര്ഡില്സുകള് കടല്ത്തീരത്ത് വിതറി അതിന്റെ ശുചീകരണ പ്രവര്ത്തനങ്ങള് നടത്തി പണം തട്ടാനുള്ള ശ്രമമാണ് നടന്നത്. സ്വകാര്യ ഏജന്സിയായ മെര്ക്ക് എന്ന കമ്പനിയുടെ ജീവനക്കാരൻ പ്ലാസ്റ്റിക്ക് നര്ഡില്സുകള് വേളി കടല്ത്തീരത്ത് വിതറുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. പ്രാദേശികരായ മത്സ്യത്തൊഴിലാളികള് പകര്ത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സംഭവത്തില് ലത്തീന് കത്തോലിക്ക ഐക്യവേദി നല്കിയ പരാതിയുടെ അടിസ്ഥാനത്തില് ജില്ലാ കളക്ടര് അന്വേഷണത്തിന് ഉത്തരവിട്ടു. പ്ലാസ്റ്റിക്ക് നര്ഡില്സ് തീരത്ത് വിതറിയ ശേഷം അത് വൃത്തിയാക്കുന്ന ജോലി തുടരാനാണ് ശ്രമം എന്നാണ് ആരോപണം.
പാടത്ത് വിത്ത് വിതയ്ക്കുന്ന രീതിയില് തിരുവനന്തപുരം വേളി ബീച്ചിലൂടെ നടന്ന് ഒരു തൊഴിലാളി പ്ലാസ്റ്റിക്ക് നര്ഡില്സ് വിതറുന്നതാണ് പുറത്ത് വന്ന ദൃശ്യങ്ങളിലുള്ളത്. കഴിഞ്ഞ കുറച്ച് നാളുകളായി ഈ തട്ടിപ്പ് നടന്നുവരുന്നതായാണ് റിപ്പോര്ട്ട്. കഴിഞ്ഞ വര്ഷം മെയ്യ് മാസത്തിലാണ് എംഎസ്സി കപ്പല് കേരള തീരത്ത് മുങ്ങിയത്. കപ്പലിലെ 630ഓളം കണ്ടെയ്നറുകളാണ് കടലില് പതിച്ചിത്. പിന്നാലെ ഇത്തരത്തിലുള്ള പ്ലാസ്റ്റിക്ക് നഡില്സുകള് തീരത്ത് അടിഞ്ഞു. ഇത് വലിയ പാരിസ്ഥിതിക പ്രശ്നങ്ങള്ക്ക് വഴിവയ്ക്കുമെന്ന പരാതി ഉയര്ന്നതോടെ കടല്ത്തീരങ്ങളില് നിന്നും ഇവ മാറ്റാനായുള്ള ശുചീകരണ പ്രവര്ത്തനങ്ങള് ആരംഭിച്ചു. ഇതിനായി മെര്ക്ക് എന്ന കമ്പനിക്കാണ് കരാര് നല്കിയത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ തീരങ്ങളില് രണ്ട് സൂപ്പര്വൈസര്മാര് ഉള്പ്പെട ഒമ്പത് ജീവനക്കാര് അടങ്ങുന്ന സംഘങ്ങളെ ശുചീകരണത്തിനായി നിയോഗിച്ചു. ആറേഴ് മാസത്തിനുള്ളില് പ്ലാസ്റ്റിക്ക് നര്ഡില്സുകള് തീരങ്ങളില് നിന്നും മാറ്റാന് ഇവര്ക്ക് കഴിഞ്ഞിരുന്നു.
എന്നാല് ഈ പ്രവര്ത്തനങ്ങള് തുടര്ന്ന് കൊണ്ട് പോകാന് തീരത്ത് നിന്നും ആദ്യം ശേഖരിച്ച് മാറ്റിയ നര്ഡില്സുകള് വീണ്ടും അവിടെ തന്നെ വിതറുകയാണ് ഉണ്ടായത്. ഒരാഴ്ച മുമ്പ് വര്ക്കലയിലെ വെട്ടൂര് ഭാഗത്ത് പുലര്ച്ചെ മൂന്നു മണിയോടെ കാറില് ചാക്കിലാക്കി കൊണ്ടുവന്ന നര്ഡില്സുകള് വിതറാന് ശ്രമം നടന്നിരുന്നു. തുടര്ന്ന് പ്രദേശവാസികളും വര്ക്കല നഗരസഭയും പ്രശ്നത്തില് ഇടപെട്ടിരുന്നു. പിന്നാലെയാണ് ശംഖുമുഖം, വേളി പ്രദേശങ്ങളിലും സമാന സംഭവമുണ്ടായത്. ഭക്ഷണത്തിന് പുറമേ 1400 രൂപയാണ് ഇവിടെ ജോലി ചെയ്തിരുന്നവര്ക്ക് ലഭിച്ച് വന്നത്. കോടികളുടെ തട്ടിപ്പാണ് ഇതിന്റെ മറവില് നടക്കുന്നതെന്നാണ് ആരോപണം.
Content Highlights: An allegation has emerged following the MSC Elsa ship accident, with a group accused of scattering plastic nurdles along the seashore to extract money