'പാര്‍ട്ടിക്ക് വിധേയമാകണം'; രമ്യ ഹരിദാസ് എംഎല്‍എയ്ക്കെതിരെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെ പ്രമേയം

തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യം തുടര്‍ന്നാൽ രമ്യ ഹരിദാസിന് മണ്ഡലത്തിൽ പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാകുമെന്ന വിലയിരുത്തലുമുണ്ട്

തിരുവനന്തപുരം: രമ്യ ഹരിദാസ് എംഎല്‍എയ്ക്ക് എതിരെ പ്രമേയം പാസാക്കി ചിറയന്‍കീഴിലെ കോണ്‍ഗ്രസം മണ്ഡലം കമ്മറ്റികള്‍. രമ്യ ഹരിദാസ് പാര്‍ട്ടിക്ക് വിധേയമാകണമെന്ന് കിഴുവില്ലം, പൂന്തള്ളൂര്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികള്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ആസ്തി വികസന ഫണ്ട് എംഎല്‍എ വിനിയോഗിക്കണമെന്നും കൃത്യമായ പദ്ധതികള്‍ സമര്‍പ്പിക്കണമെന്നും പ്രമേയത്തിലൂടെ കമ്മറ്റികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചിറയന്‍കീഴില്‍ എംഎൽഎയും പാര്‍ട്ടിപ്രവര്‍ത്തകരുമായി ഉണ്ടായ കയ്യാങ്കളിക്ക് പിന്നാലെ പാര്‍ട്ടി പ്രാദേശിക നേതൃത്വം തന്നെ എംഎല്‍എയ്ക്ക് എതിരെ രംഗത്തെത്തുകയാണ്. രണ്ട് കോണ്‍ഗ്രസ് കമ്മിറ്റികളുടെയും യോഗത്തില്‍ ഏകകണ്ഠമായി രമ്യയ്ക്ക് എതിരെ പ്രമേയം പാസാക്കുകയായിരുന്നു.

രമ്യ ഹരിദാസ് പാര്‍ട്ടിയില്‍ അനാവശ്യമായ അസ്വസ്ഥകള്‍ സൃഷ്ടിക്കുന്നു. ആസ്തി വികസന ഫണ്ടുമായി ബന്ധപ്പെട്ടുള്ള അപേക്ഷകള്‍ പരിഗണിച്ച് അതിന്റെ പ്രൊപ്പോസലുകള്‍ സമര്‍പ്പിക്കാന്‍ പോലും എംഎല്‍എയോ എംഎല്‍എയുടെ ഓഫീസോ തയ്യാറാകുന്നില്ല എന്ന പരാതികളും പ്രമേയത്തില്‍ ഉയര്‍ത്തിക്കാട്ടുന്നുണ്ട്. മണ്ഡലം കമ്മറ്റികള്‍ പാസാക്കിയ പ്രമേയം കെപിസിസി നേതൃത്വത്തിന് കൈമാറാനും തീരുമാനിച്ചിട്ടുണ്ട്. ചിറക്കീഴില്‍ നടന്ന കയ്യാങ്കളി വിവാദമായതിനെ തുടര്‍ന്ന് കെപിസിസി നേതൃത്വം രമ്യ ഹരിദാസിന് താക്കീത് നല്‍കിയിരുന്നു. യൂത്ത് കോണ്‍ഗ്രസ് നേതാവ് സജിത്തുമായുള്ള തര്‍ക്കത്തിലായിരുന്നു അന്ന് കെപിസിസി ഇടപെടല്‍. തുടർന്ന് പ്രദേശത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എംഎം ഹസന്റെ നേതൃത്വത്തില്‍ സമിതി രൂപീകരിച്ചിരുന്നു.

കഴിഞ്ഞ തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുണ്ടായ പരാജയത്തിന് കാരണം രമ്യഹരിദാസുമായുള്ള കയ്യാങ്കളി പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കി എന്ന വിലയിരുത്തലാണ് ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിനുള്ളത്. ഈ സാഹചര്യത്തിലാണ് മണ്ഡലം കമ്മിറ്റികള്‍ പ്രമേയം പാസാക്കിയിരിക്കുന്നത്. ചിറയന്‍കീഴില്‍ പാര്‍ട്ടിക്കുള്ളിലുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ രൂപീകരിച്ച സമിതിയില്‍ എംഎം ഹസന് പുറമേ കെപിസിസി സംഘടനാ ചുമതലയുള്ള സെക്രട്ടറി നെയ്യാറ്റിന്‍കര സനല്‍, കെഎസ് ശബരീനാഥന്‍ എന്നിവരുള്‍പ്പെടെയാണ് ഉള്ളത്. ഈ നാലംഗ സമിതിക്കും മണ്ഡലത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയാത്ത സാഹചര്യമാണെന്നതാണ് നിലവിലുള്ളതെന്നാണ് പുതിയ സംഭവവികാസങ്ങള്‍ വ്യക്തമാക്കുന്നതെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.

തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യം തുടര്‍ന്നാൽ രമ്യ ഹരിദാസിന് മണ്ഡലത്തിൽ പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാകുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞദിവസമാണ് രമ്യ ഹരിദാസിന്റെ മൂന്ന് പേഴ്‌സണല്‍ സ്റ്റാഫുകളില്‍ രണ്ടു പേര്‍ രാജിവച്ചത്. രമ്യ ഹരിദാസുമായുള്ള ഭിന്നതയുടെ ഭാഗമായാണ് ഈ രാജികള്‍ സംഭവിച്ചതെന്ന ആരോപണവും ഒരുവശത്ത് ഉയരുന്നുണ്ട്. എന്നാല്‍ വ്യക്തിപരമായ കാരണങ്ങളാണ് രാജിക്ക് പിന്നിലെന്നാണ് എംഎല്‍എയുടെ ഭാഷ്യം.

തദ്ദേശസ്വയംഭരണ വകുപ്പില്‍ നിന്നും ഡെപ്യൂട്ടേഷനിലാണ് രമ്യ ഹരിദാസിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റായി വിമല്‍ നിയമിതനായത്. എന്നാൽ ജോലി ചെയ്യാന്‍ കഴിയാത്ത ഒരു സാഹചര്യം വിമലിനുണ്ടായെന്നും ഇക്കാര്യം അദ്ദേഹം കെപിസിസിയുടെ ശ്രദ്ധയില്‍പ്പെടുത്തിയെന്ന സൂചനയും പുറത്തുവന്നിട്ടുണ്ട്. കോണ്‍ഗ്രസ് അനുകൂല സര്‍വീസ് സംഘടനയുടെ നേതാവ് കൂടിയാണ് വിമല്‍.

Content Highlights: Congress mandalam committees have reportedly passed resolutions against MLA Ramya Haridas, stating that an MLA must remain accountable to the party

To advertise here,contact us