'വഖഫ് ബോര്‍ഡില്‍ പ്രാതിനിധ്യം വേണം'; ആവശ്യവുമായി ജമാഅത്തെ ഇസ്‌ലാമി, പരിഗണിക്കാമെന്ന് സര്‍ക്കാര്‍

വഖഫ് ബോര്‍ഡ് പുന:സംഘടന ഉടന്‍ നടക്കാനിരിക്കെയാണ് ജമാഅത്തെ ഇസ്‌ലാമിയുടെ നീക്കം

തിരുവനന്തപുരം: വഖഫ് ബോര്‍ഡില്‍ പ്രാതിനിധ്യം വേണമെന്ന ആവശ്യവുമായി ജമാഅത്തെ ഇസ്‌ലാമി രംഗത്ത്. മുഖ്യമന്ത്രിയേയും വഖഫ് മന്ത്രിയെയും ആവശ്യം അറിയിച്ചു. നിര്‍ദേശം പരിഗണിക്കാമെന്ന് യുഡിഎഫ് നേതാക്കള്‍ ജമാഅത്തെ ഇസ്‌ലാമി നേതൃത്വത്തിന് ഉറപ്പ് നല്‍കി എന്നാണ് വിവരം. വഖഫ് ബോര്‍ഡ് പുന:സംഘടന ഉടന്‍ നടക്കാനിരിക്കെയാണ് ജമാഅത്തെ ഇസ്‌ലാമിയുടെ നീക്കം. പുതിയ വഖഫ് ബോര്‍ഡ് രൂപീകരിക്കുന്നതിന് മുമ്പ് തന്നെ പ്രാധിനിത്യം ഉറപ്പിക്കാനാണ് ജമാഅത്തെ ഇസ്‌ലാമിയുടെ നീക്കം. ആവശ്യം ഉന്നയിച്ച് മുസ്‌ലിം ലീഗ് നേതൃത്വത്തെയും സംഘടന കണ്ടിരുന്നു.

മുമ്പ് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുന്ന സമയത്തൊന്നും ജമാഅത്തെ ഇസ്‌ലാമിക്ക് വഖഫ് ബോര്‍ഡില്‍ പ്രതിനിധ്യം നല്‍കിയിരുന്നില്ല. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഒരു ഘട്ടത്തില്‍ നല്‍കിയിരുന്നെന്നാണ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്. ഇത്തവണ യുഡിഎഫിന് അനുകൂലമായ നിലപാടാണ് പല തവണ ജമാഅത്തെ ഇസ്‌ലാമിയുടെ നേതൃത്വത്തിലുള്ള വെല്‍ഫെയര്‍ പാര്‍ട്ടി സ്വീകരിച്ചത്. അതിന് പ്രതിഫലമായി ചില മന്ത്രിമാരുടെ ഓഫീസുകളില്‍ ഇവര്‍ക്ക് നിയമനം അടക്കം നല്‍കിയിരുന്നു. മുസ്‌ലിം സംഘനകള്‍ക്കാണ് സാധാരണ വഖഫ് ബോര്‍ഡില്‍ പ്രാതിനിധ്യം നല്‍കുന്നത്. അതിനാല്‍ പ്രധാനപ്പെട്ട മുസ്‌ലിം സംഘടന എന്ന നിലയില്‍ തങ്ങളെ കൂടി പരിഗണിക്കണം എന്നാണ് ജമാഅത്തെ ഇസ്‌ലാമിയുടെ ആവശ്യം. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മുസ്‌ലിം ലീഗാണ് വഖഫ് ബോര്‍ഡുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ എടുക്കുന്നത്. സമസ്ത ഇകെ എപി വിഭാഗങ്ങൾ, സലഫി, മജാഹിദ് വിഭാഗങ്ങള്‍ക്കൊക്കെയാണ് സാധാരണ പ്രാധിനിത്യം നല്‍കുക. ഇതിനോടൊപ്പം ജമാഅത്തെ ഇസ്‌ലാമിയെ കൂടി പരിഗണിക്കാമെന്നാണ് യുഡിഎഫ് നല്‍കിയിരിക്കുന്ന ഉറപ്പ്.

ജമാഅത്തെ ഇസ്‌ലാമി പഴയ നിലപാടുകള്‍ മാറ്റി എന്നും അതിനാല്‍ പിന്തുണ സ്വീകരിക്കുന്നതില്‍ തെറ്റില്ലെന്നും വി ഡി സതീശന്‍ തന്നെ തെരഞ്ഞെടുപ്പിന് മുമ്പ് പറഞ്ഞിരുന്നു. അതിനാല്‍ ജമാഅത്തെയുടെ ആവശ്യം കൂടി ഇപ്പോള്‍ സര്‍ക്കാര്‍ പരിഗണിക്കേണ്ടി വരും. വഖഫ് ബോര്‍ഡ് പുനസംഘടനയില്‍ ഇകെ വിഭാഗത്തിനാകും ചെയര്‍മാന്‍ സ്ഥാനം നല്‍കുക എന്നാണ് കരുതുന്നത്. ഒണമ്പള്ളി മുഹമ്മദ് ഫൈസിയുടെ പേരാണ് ഇകെ വിഭാഗം മുന്നോട്ട് വെക്കുന്നത്. മുത്തവല്ലി വിഭാഗത്തില്‍ കൂടി ലീഗ് അനുകൂലിയായ ഒരു ഇകെ വിഭാഗക്കാരന്‍ എത്താന്‍ സാധ്യത ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഇതില്‍ സ്‌കോളര്‍ വിഭാഗത്തിലേക്ക് ജമാഅത്തെ ഇസ്‌ലാമിയെ പരിഗണിച്ചേക്കാമെന്നാണ് കരുതുന്നത്. എന്നാല്‍ സുന്നി സംഘടനകള്‍ ഇതിനെ എതിര്‍ത്ത് രംഗത്തെത്താന്‍ സാധ്യത ഉണ്ട്. മറ്റ് മുസ്‌ലിം സംഘടനകള്‍ ഒന്നും തന്നെ ജമാഅത്തെ ഇസ്‌ലാമിയെ സ്വതന്ത്ര മുസ്‌ലിം സംഘടനയായി പരിഗണിക്കുന്നില്ല. ഈ എതിര്‍പ്പിനെ മറികടന്ന് ജമാഅത്തെ ഇസ്‌ലാമിക്ക് പ്രതിനിധ്യം ഉറപ്പിക്കുന്നതാകും സര്‍ക്കാരിന് പ്രതിസന്ധിയാകുക.

Content Highlights: Jamaat-e-Islami has sought representation in the Kerala Waqf Board ahead of its planned reconstitution. The organisation has reportedly approached the Chief Minister, Waqf Minister and Muslim League leadership. UDF leaders have reportedly assured its leadership that the proposal will be considered.

To advertise here,contact us