തിരുവനന്തപുരം: സിഎംആര്എല്-എക്സാലോജിക് കേസില് പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഉള്പ്പടെയുള്ളവരുടെ അപ്പീല് സുപ്രീംകോടതിയുടെ പ്രത്യേക അവധിക്കാല ബെഞ്ച് പരിഗണിച്ചേക്കും. ജഡ്ജിമാരുടെ ലഭ്യത നോക്കി അവധിക്കാല ബെഞ്ച് രൂപീകരണം പരിഗണിക്കും. 82 വയസ്സുള്ള പിണറായി വിജയന് ഉള്പ്പടെയുള്ളവര്ക്കെതിരെ എഫ്ഐആര് രജിസ്റ്റര് ചെയ്തുവെന്നും സംരക്ഷണം വേണമെന്നുമാണ് അഭിഭാഷകന് ആവശ്യപ്പെട്ടത്. ഹൈക്കോടതിയുടെ അപ്പീല് അനുമതി നിഷേധം തെറ്റെന്നാണും പിണറായി വിജയന് അപ്പീലില് അറിയിച്ചു.
സിംഗിള് ബെഞ്ചിനു മുന്നിലുള്ള ഹര്ജിയില് തങ്ങളെ കക്ഷി ചേര്ത്തിരുന്നില്ലെന്നും പിണറായി വിജയനും പിഎ മുഹമ്മദ് റിയാസും വ്യക്തമാക്കി. തങ്ങളെ ബാധിക്കുന്ന ഉത്തരവാണ് സിംഗിള് ബെഞ്ച് പുറപ്പെടുവിച്ചത്. ഒരു ഉത്തരവ് വഴി നേരിട്ട് ബാധിക്കപ്പെടുന്ന വ്യക്തിക്ക് അതിനെതിരെ അപ്പീല് നല്കാന് അവകാശമുണ്ട്. അപ്പീല് നല്കുന്നവര്ക്ക് നിയമപരമായ പരിഹാരം നിഷേധിക്കാനാവില്ലെന്നും സുപ്രീംകോടതിയില് നല്കിയ അപ്പീലില് വാദമുയര്ത്തുന്നു. എഫ്ഐആര് രജിസ്റ്റര് ചെയ്യുന്നതിന് മുന്പ് പ്രതിയാക്കപ്പെടാന് സാധ്യതയുള്ളയാള്ക്ക് കേള്ക്കപ്പെടാനുള്ള അവകാശമില്ലെന്ന് കാണിച്ച് ഡിവിഷന് ബെഞ്ച് അപ്പീല് തള്ളിയത് തെറ്റായ മാനദണ്ഡം ഉപയോഗിച്ചാണ്. അപ്പീല് ഫയല് ചെയ്യാനുള്ള അനുമതി പരിഗണിക്കുന്ന ഘട്ടത്തില് തന്നെ കേസിന്റെ മെറിറ്റിലേക്ക് കടന്ന് അന്തിമതീര്പ്പ് കല്പ്പിക്കാന് പാടില്ലായിരുന്നുവെന്നതാണ് അപ്പീലിലെ മറ്റൊരു വാദം.
ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ 175 (4) വകുപ്പ് പ്രകാരം പൊതുപ്രവര്ത്തകനെതിരെ അന്വേഷണത്തിന് ഉത്തരവിടുന്നതിനു മുന്പ് മുതിര്ന്ന ഉദ്യോഗസ്ഥന്റെ റിപ്പോര്ട്ടും പ്രസ്തുത പൊതുപ്രവര്ത്തകന്റെ ഭാഗവും കേള്ക്കേണ്ടതുണ്ട്. അഴിമതി നിരോധന നിയമത്തിലെ 17 എ പ്രകാരമുള്ള മുന്കൂര് അനുമതി വാങ്ങാതെയാണ് പൊതുപ്രവര്ത്തകനെതിരെ എഫ്ഐആര് എടുക്കാന് നിര്ദ്ദേശം നല്കിയത്. എഫ്ഐആര് റദ്ദാക്കാനുള്ള വഴി മതിയായ പരിഹാരമല്ല. ഹൈക്കോടതി ഉത്തരവ് അടിസ്ഥാനമാക്കി രജിസ്റ്റര് ചെയ്ത എഫ്ഐആര് റദ്ദാക്കാന് ഹൈക്കോടതിയെ സമീപിക്കാമെന്ന ഡിവിഷന് ബെഞ്ചിന്റെ നിരീക്ഷണം തെറ്റാണ്. ഇ ഡി കൈമാറിയ വിവരങ്ങളില് നിന്ന് കുറ്റകൃത്യങ്ങള് പ്രഥമദൃഷ്ട്യാ നിലനില്ക്കുന്നുവെന്ന് ഹൈക്കോടതി വിലയിരുത്തി. ഈ സാഹചര്യത്തില് എഫ്ഐആര് റദ്ദാക്കാനുള്ള നടപടി ഫലശൂന്യമായി മാറും. ഉത്തരവ് അനുസരിച്ച് എഫ്ഐആര് രജിസ്റ്റര് ചെയ്തതുകൊണ്ടു മാത്രം അപ്പീല് അപ്രസക്തമാകില്ല. സിഎംആര്എല് - എക്സാലോജിക് ഇടപാടുകളുമായി ബന്ധപ്പെട്ട കേസ് കേന്ദ്ര സര്ക്കാര് കമ്പനി നിയമപ്രകാരം സീരിയസ് ഫ്രോഡ് ഇന്വെസ്റ്റിഗേഷന് ഓഫീസിന് കൈമാറിയിട്ടുണ്ട്. എസ്എഫ്ഐഒ അന്വേഷണ റിപ്പോര്ട്ടും പരാതിയും കോടതിയില് ഫയല് ചെയ്തിട്ടുണ്ട്. കമ്പനി നിയമ പ്രകാരം ഒരു കേസ് എസ്എഫ്ഐഒ അന്വേഷിക്കുമ്പോള്, സംസ്ഥാന പൊലീസിനോ മറ്റ് ഏജന്സികള്ക്കോ അതേ ഇടപാടുകളില് അന്വേഷണം നടത്താന് അധികാരമില്ലെന്നും അപ്പീലില് പറയുന്നു.
കള്ളപ്പണം തടയുന്ന നിയമം അനുസരിച്ച് ഇഡി വിവരം കൈമാറുന്നത് ആവശ്യമായ നടപടികള്ക്ക് വേണ്ടിയാണ്. ഇഡിയുടെ കത്തില് സംസ്ഥാന പോലീസ് യാന്ത്രികമായി എഫ്ഐആര് ഇടണം എന്ന നിര്ബന്ധമല്ല. ക്രമസമാധാനവും പൊലീസും സംസ്ഥാന വിഷയമാണ്. അതിനാല് എഫ്ഐആര് രജിസ്റ്റര് ചെയ്യണോ എന്നതില് പൊലീസിന് സ്വതന്ത്രമായി തീരുമാനമെടുക്കാം. ലളിതകുമാരി കേസിലെ സുപ്രിംകോടതി വിധിപ്രകാരം പ്രാഥമികാന്വേഷണം നടത്താന് പൊലീസിന് അവകാശമുണ്ട്. പ്രാഥമിക അന്വേഷണം നിയമവിരുദ്ധമെന്ന് പ്രഖ്യാപിക്കാന് കഴിയില്ല. സിഎംആര്എല് - എക്സാലോജിക് കേസില് ഇസിഐആര് രജിസ്റ്റര് ചെയ്ത് രണ്ടര വര്ഷത്തിലധികം വൈകിയാണ് ഇഡി വിവരം സംസ്ഥാന അന്വേഷണ ഏജന്സിക്ക് കൈമാറിയത്. ഇതുവഴി അടിസ്ഥാന കുറ്റകൃത്യം കൃത്രിമമായി സൃഷ്ടിക്കാനാണ് ഇഡിയുടെ നീക്കം. കെഎം ഷാജഹാന് കേസിലെ ഇരയോ പരാതിക്കാരനോ അല്ല. അഴിമതി ചൂണ്ടിക്കാട്ടുന്ന വിസില്ബ്ലോവര് എന്ന നിലയിലാണ് ഹര്ജി നല്കിയത്. പൊതുതാല്പ്പര്യ ഹര്ജിയുടെ സ്വഭാവത്തിലുള്ള ഈ കേസ് പരിഗണനാ അധികാരമുള്ള പ്രകാരമുള്ള ബെഞ്ചിന് മുന്നിലല്ല പരിഗണിച്ചത് എന്നുമാണ് വാദം.
ബിഎന്എസ്എസ് നിര്ദ്ദേശിക്കുന്ന നിയമപരമായ മറ്റ് പരിഹാരങ്ങള് തേടാതെയാണ് കെഎം ഷാജഹാന് ഹൈക്കോടതിയെ സമീപിച്ചത്. നടപടിക്രമം പാലിക്കാതെയാണ് കെഎം ഷാജഹാന് ഹര്ജി നല്കിയത്. ഇഡി നല്കിയ വിവരങ്ങളില് അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങളോ വ്യക്തമായ തെളിവുകളോ ഇല്ല. സിഎംആര്എല്ലും എക്സാലോജിക്കും തമ്മിലുള്ള ഇടപാടുകള് വാണിജ്യപരമായ ഇടപാടുകള് മാത്രമാണെന്നുമാണ് പിണറായി വിജയനും ടി വീണയും മുഹമ്മദ് റിയാസും സുപ്രിംകോടതിയില് ഉയര്ത്തുന്ന വാദം.
Content Highlights: The Supreme Court's special vacation bench may consider the appeals filed by Pinarayi Vijayan and others in the CMRL-Exalogic case