തിരുവനന്തപുരം: രമ്യാ ഹരിദാസ് എംഎല്എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പി എയ്ക്ക് പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത് കൈമാറി. എംഎല്എയുമായുള്ള ഭിന്നതയാണ് രാജിക്ക് കാരണം എന്നാണ് വിവരം. മൂന്ന് പേഴ്സണല് സ്റ്റാഫ് അംഗങ്ങളാണ് രമ്യ ഹരിദാസിന് ഉണ്ടായിരുന്നത്. ഇതില് പി എ വിമലും ഡ്രൈവര് കുഞ്ഞുമുഹമ്മദുമാണ് രാജിവെച്ചത്.
തദ്ദേശ വകുപ്പില് ജോലി ചെയ്തിരുന്ന വിമല് ഡെപ്യൂട്ടേഷനിലാണ് പിഎയായി എത്തിയത്. കോണ്ഗ്രസ് അനുകൂല സര്വ്വീസ് സംഘടന നേതാവ് കൂടിയാണ് വിമല്. വ്യക്തിപരമായ കാരണങ്ങള് ചൂണ്ടിക്കാട്ടിയായിരുന്നു വിമല് രാജിവെച്ചതെങ്കില് ജോലിഭാരത്തെ തുടര്ന്നാണ് പിഎ രാജിവെച്ചതെന്നായിരുന്നു രമ്യാ ഹരിദാസ് വിശദീകരിച്ചത്. പേഴ്സണല് സ്റ്റാഫ് അംഗങ്ങളുടെ തുടര്ച്ചയായ രാജിയില് നേതൃത്വം വിശദീകരണം തേടിയേക്കും.
ചിറയിന്കീഴിലെ കയ്യാങ്കളി വിവാദത്തിന് പിന്നാലെയാണ് കൂട്ടരാജി. കയ്യാങ്കളി വിവാദത്തിൽ രമ്യ ഹരിദാസ് എംഎല്എക്ക് വീഴ്ച സംഭവിച്ചതായി അന്വേഷണ സമിതി കണ്ടത്തിയിരുന്നു. രമ്യാ ഹരിദാസിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്നും പക്വതയോടെ ഇടപെട്ടില്ലെന്നും റിപ്പോര്ട്ടില് പറഞ്ഞിരുന്നു. തനിക്കെതിരെ അപവാദ പ്രചാരണം ഉണ്ടായപ്പോള് കെപിസിസിയോട് പരാതിപ്പെടുന്നതിന് പകരം അനാവശ്യമായി വിവാദം ഉണ്ടാക്കിയെന്നും റിപ്പോര്ട്ടില് ചൂണ്ടിക്കാട്ടിയിരുന്നു. തുടര്ന്ന് പാര്ട്ടി അധ്യക്ഷന് താക്കീത് നല്കി. സെപ്റ്റംബര് നാലാം തീയതിയായിരുന്നു ചിറയിന്കീഴില് രമ്യ ഹരിദാസ് എംഎല്എയും പ്രാദേശിക കോണ്ഗ്രസ് നേതാക്കളും തമ്മില് വാക്കുതര്ക്കവും കയ്യാങ്കളിയും ഉണ്ടായത്.
Content Highlights: Multiple members of MLA Ramya Haridas's personal staff have reportedly resigned