നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടത്തില്‍ SIT;കുബേരകുമാരനായ പ്രതിയുടെ പിതാവ് ആരുടെ സ്‌പോണ്‍സര്‍ എന്ന് MB രാജേഷ്

കേസ് അട്ടിമറിക്കാന്‍ ഇടപെട്ടുവെന്ന ഡിവൈഎഫ്‌ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ജെയിംസ് സാമുവലിന്റെ ആരോപണം മന്ത്രി ലിജു തള്ളി

കൊച്ചി: നെടുമ്പാശ്ശേരിയില്‍ മൂന്നുപേരുടെ മരണത്തിനിടയാക്കിയ മിനി കൂപ്പര്‍ അപകടത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. എറണാകുളം റൂറല്‍ എസ്പിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം. ആലുവ ഡിവൈഎസ്പി ബൈജു കെ പൗലോസിനാണ് അന്വേഷണ ചുമതല.

അതേസമയം കേസ് അട്ടിമറിക്കാന്‍ ഇടപെട്ടുവെന്ന ഡിവൈഎഫ്‌ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ജെയിംസ് സാമുവലിന്റെ ആരോപണം തള്ളി മന്ത്രി ലിജു രംഗത്തെത്തി. നുണ പ്രചാരണമാണ് നടക്കുന്നതെന്നും പ്രതിയെ അറിയില്ലെന്നും മന്ത്രി പറഞ്ഞു. അപകടവാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ മദ്യം നല്‍കിയ സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഒരു പ്രതിക്ക് വേണ്ടിയും ആരും ഇടപെട്ടിട്ടില്ല. മദ്യപിച്ച് മൂന്ന് പേരുടെ ജീവനെടുത്ത പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കണം എന്നാണ് അഭിപ്രായം. ചോര കൊതുകിന് കൗതുകം എന്ന തരത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തിക്കുന്നത് ശരിയല്ലെന്നും എം ലിജു പ്രതികരിച്ചു.

എന്നാല്‍ സംഭവത്തില്‍ സര്‍ക്കാരിനെതിരെ ആരോപണം കടുപ്പിക്കുകയാണ് സര്‍ക്കാര്‍. ആഭ്യന്തരവകുപ്പ് മന്ത്രി പ്രതിയെ സംരക്ഷിക്കുന്ന നിലപാടെടുത്തു. കെപിസിസി ജനറല്‍ സെക്രട്ടറി എ എ ഷുക്കൂര്‍ പ്രതിയെ രക്ഷിക്കാനായി ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു. അപകടം നടന്ന് ഒരു മണിക്കൂറിനുള്ളില്‍ ആലപ്പുഴയില്‍ നിന്ന് ഒരു ഡിസിസി അംഗം അപകടം നടന്ന സ്ഥലത്ത് എത്തി പ്രതിയെ രക്ഷിക്കാനുള്ള മാര്‍ഗങ്ങള്‍ തേടിയെന്നതടക്കമുള്ള ആരോപണങ്ങളാണ് സര്‍ക്കാരിന് നേരെ ഉയരുന്നത്.

പണക്കൊഴുപ്പുള്ളവനൊപ്പമാണ് പൊലീസും സര്‍ക്കാരും നിന്നതെന്ന് സിപിഐഎം നേതാവ് എം ബി രാജേഷ് ആരോപിച്ചിരുന്നു. പണക്കൊഴുപ്പ് ഉള്ളവന് എന്തും ആകാം എന്ന ധൈര്യമാണ്. ഉയര്‍ന്ന സ്ഥാനത്തുള്ളവര്‍ ഇതില്‍ ഇടപെട്ടു. കുബേരകുമാരനായ പ്രതിയുടെ പിതാവ് ഈ സര്‍ക്കാരില്‍ ആരുടെ സ്‌പോണ്‍സറാണ്. പ്രതിയെ താലോലിക്കാനാണ് പൊലീസ് ശ്രമിച്ചത്. എന്തിനാണ് വൈദ്യപരിശോധന വൈകിപ്പിച്ചത്. അതിന് ആഭ്യന്തരമന്ത്രി മറുപടി പറയട്ടെ. രമേശ് ചെന്നിത്തല അദ്ദേഹത്തിന്റെ പിആര്‍ മാത്രമാണ് നോക്കുന്നതെന്നും എം ബി രാജേഷ് ആരോപിച്ചിരുന്നു.

പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള എല്ലാ സഹായവും പൊലീസ് ചെയ്തുകൊടുത്തെന്ന് പി രാജീവ് പറഞ്ഞു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ അഞ്ച് മണിക്കൂറിലധികം സമയമെടുത്തു. പ്രതിയുടെ പേര് വരാതിരിക്കാന്‍ പ്രത്യേക ജാഗ്രത കാട്ടി. ബോധപൂര്‍വ്വമായി കേസില്‍ പൊലീസ് ഇടപെട്ടു. ഉന്നത ഭരണ നേതൃത്വത്തിന്റെ പിന്തുണയില്ലാതെ ആരും ഇതിന് ധൈര്യം കാണിക്കില്ലെന്നും പി രാജീവ് പറഞ്ഞു.

Content Highlights: A special investigation team has been formed to probe the Mini Cooper accident in Nedumbassery that claimed three lives.

To advertise here,contact us