ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഐഎം പ്രവര്‍ത്തകരായ മൂന്ന് പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് പൊലീസ്

തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഇത് സംബന്ധിച്ച അപേക്ഷ സമര്‍പ്പിച്ചു

തിരുവനന്തപുരം: ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ സിപിഐഎം പ്രവര്‍ത്തകരായ മൂന്ന് പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് പൊലീസ്. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഇത് സംബന്ധിച്ച അപേക്ഷ സമര്‍പ്പിച്ചു. ഉണ്ണികൃഷ്ണന്‍, ദിനീത്, രേവന്ത് എന്നിവരുടെ ജാമ്യം റദ്ധാക്കണമെന്നാണ് ആവശ്യം. പ്രതികള്‍ ജാമ്യ വ്യവസ്ഥ ലംഘിച്ചെന്നും സമാനമായ കുറ്റകൃത്യങ്ങളില്‍ പ്രതികള്‍ ഏര്‍പ്പെട്ടെന്നുമാണ് പൊലീസ് പറയുന്നത്. കന്റോണ്‍മെന്റ് എസ് ഐ ഗോകുലിന്റെ വീട്ടിലേക്ക് നടത്തിയ മാര്‍ച്ചില്‍ ഇവരെ പ്രതി ചേര്‍ത്തിരുന്നു.

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ് പ്രതികളുടെ ജാമ്യം റദ്ദാക്കാനുള്ള നീക്കം നടക്കുന്നത്. ജാമ്യ വ്യവസ്ഥകളില്‍ സമാന കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുതെന്ന നിര്‍ദ്ദേശം ഉണ്ടായിരുന്നു. എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ കണ്‍ഡോണ്‍മെന്റ് എസ്‌ഐ ഗോകുല്‍ ഗോപന്റെ വീട്ടിലേക്ക് നടത്തിയ മാര്‍ച്ചിലാണ് ഇവര്‍ പങ്കെടുത്തത്. നേരത്തെ ഐപി ബിനു ഉള്‍പ്പെടെയുള്ളവരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് അപേക്ഷ നല്‍കിയിരുന്നു. ഇത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കോടതി ഇന്ന് പരിഗണിക്കുമെന്നാണ് വിവരം. പ്രതികളുടെ ഫോണിന്റെ ഫൊറെന്‍സിക് പരിശോധനാ ഫലം കൂടി ലഭിച്ചാല്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് പൊലീസ് ഒരുങ്ങുന്നത്.

മെയ് 27നാണ് സിഎംആര്‍എല്‍ എക്‌സാലോജിക്ക് സാമ്പത്തിക ഇടപാട് കേസുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വിട്ടില്‍ ഇഡി റെയ്ഡ് നടത്തിയത്. കേസില്‍ പ്രതിയായ ടി വീണ താമസിക്കുന്ന വീട് എന്ന നിലയിലായിരുന്നു ബേക്കറി ജംഗ്ഷനിലെ വാടക വീട്ടിലെ ഇഡി റെയ്ഡ്. ഇതിന് പിന്നാലെ ഇഡി പിണറായി വിജയനെ രാഷ്ട്രീയമായി ആക്രമിക്കുകയാണെന്നാരോപിച്ച് സിപിഐഎം പ്രവര്‍ത്തകര്‍ വീടിനു മുന്നില്‍ തടിച്ചുകൂടിയിരുന്നു. തുടര്‍ന്ന് റെയ്ഡ് കഴിഞ്ഞു പുറത്തിറങ്ങിയ ഇഡി ഉദ്യോഗസ്ഥരുടെ വാഹനം സിപിഐഎം പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു.

Content Highlights: Police have filed an application before the Judicial First Class Magistrate Court in Thiruvananthapuram seeking cancellation of bail granted to CPI(M) workers Unnikrishnan, Dineeth and Revanth. Police allege that the three violated bail conditions and were involved in similar offences. They were also named as accused in a march to the residence of Cantonment SI Gokul.

To advertise here,contact us