നെടുമ്പാശ്ശേരി അപകടം; പൊലീസ് നടപടിയിൽ വീഴ്ചയുണ്ടായെന്ന് പിണറായി, പ്രതിക്ക് പരമാവധി ശിക്ഷ നൽകുമെന്ന് ചെന്നിത്തല

പ്രതിയോട് വിട്ടുവീഴ്ചയില്ലെന്നും പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് പ്രതിപക്ഷ നേതാവിന് ഉറപ്പ് നല്‍കുന്നതായും ആഭ്യന്ത്ര മന്ത്രി രമേശ് ചെന്നിത്തല

തിരുവനന്തപുരം: നെടുമ്പാശ്ശേരി വാഹനാപകടം സഭയില്‍ ഉന്നയിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. എഫ്‌ഐആര്‍ ഇടുന്നതില്‍ കാലതാമസമുണ്ടായെന്നും ആദ്യം പ്രതിയുടെ പേരുണ്ടായിരുന്നില്ലെന്നും പിണറായി വിജയന്‍ ആരോപിച്ചു. ഇത് പ്രതിയെ മാറ്റാനാണോ എന്ന സംശയവും ഉയര്‍ന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പത്തൊന്‍പത് വയസിന്‌റെ ഇളവിന്‌റെ പേരില്‍ പ്രതിയെ ജുവനൈല്‍ ഹോമിലേക്ക് അയച്ചു. ഇത്തരം കാര്യങ്ങള്‍ ഗൗരവമായി ആലോചിക്കണം. എല്ലാം ഗൗരവമായി പരിശോധിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തെ ഞെട്ടിപ്പിച്ച ദാരുണമായ സംഭവമാണ് നെടുമ്പാശ്ശേരിയില്‍ ഉണ്ടായതെന്നും പ്രതിയോട് വിട്ടുവീഴ്ചയില്ലെന്നും പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് പ്രതിപക്ഷ നേതാവിന് ഉറപ്പ് നല്‍കുന്നതായും ആഭ്യന്ത്ര മന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചു. ഇത്തരം സംഭവങ്ങള്‍ കേരളത്തിലുണ്ടാവാതിരിക്കാനുള്ള നടപടികള്‍ ഉണ്ടാകുമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. പ്രതിയെ ബോര്‍സ്റ്റല്‍ സ്‌കൂളിലേക്ക് അയക്കാനുണ്ടായ സാഹചര്യവും അദ്ദേഹം വിശദീകരിച്ചു.

ജയില്‍ ചട്ടം 25, റൂള്‍ 324 പ്രകാരം 18-21 വരെ പ്രായമുള്ള കുറ്റവാളികളെ ജയിലില്‍ അയക്കുന്നതിന് പകരം ബോര്‍സ്റ്റല്‍ സ്‌കൂളിലേക്ക് അയക്കണമെന്നാണ് പറഞ്ഞിട്ടുള്ളതെന്നും മന്ത്രി വിശദീകരിച്ചു. നിലവിലെ നിയമം അങ്ങനെയാണെന്നും കോടതിയാണ് പ്രതികളെ അവിടേക്ക് അയച്ചതെന്നും അദ്ദേഹം പറഞ്ഞു. മാറ്റണമെങ്കില്‍ ഒന്നിച്ച് തീരുമാനമെടുക്കാമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

അന്വേഷണത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ല. എഫ്‌ഐആറില്‍ എന്തുകൊണ്ട് പ്രതിയുടെ പേര് ഉള്‍പ്പെടുത്തിയില്ലെന്ന ചോദ്യം മുഖ്യമന്ത്രി ഉള്‍പ്പെടെ ചോദിച്ചിരുന്നു. അപകടത്തില്‍ മരിച്ചവരുടെ സുഹൃത്ത് പ്രിയാദ് പൊലീസിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അപകട സമയത്ത് പ്രിയാദിന് പ്രതിയുടെ പേര് അറിയാതിരുന്നതിനാലാണ് പേര് നല്‍കാതിരുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന വര്‍ഗീയപ്രചരണത്തെ സഭ അപലപിച്ചു. എല്ലാവരും ദു:ഖിച്ചിരിക്കുന്ന സമയത്താണ് ഇത്തരത്തില്‍ വര്‍ഗീയപ്രചരണങ്ങള്‍ നടത്തുന്നതെന്ന് ചെന്നിത്തല പറഞ്ഞു. മന്ത്രി പറഞ്ഞ കാര്യം ശരിയാണെന്ന് പ്രതിപക്ഷ നേതാവും കൂട്ടിച്ചേർത്തു. സംഭവത്തെ വര്‍ഗീയമായി കാണാന്‍ പാടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അപകടം വര്‍ഗീയാടിസ്ഥാനത്തിൽ പറയുന്നതിനെ അംഗീകരിക്കാനാവില്ലെന്ന് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. മനുഷ്യ സമൂഹത്തിന്‌റെ സംസ്‌കാരത്തിന് വിരുദ്ധമായ രൂപത്തില്‍ പ്രതികരിക്കുന്ന ആളുകളെ സഭ അപലപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മിനികൂപ്പര്‍ അപകടം കൊലപാതകമായി കണക്കാക്കണമെന്നും സുഹൈലിന്റെ ലൈസന്‍സ് ആജീവനാന്തമായി റദ്ദ് ചെയ്യണമെന്നും അന്‍വര്‍ സാദത്ത് എംഎല്‍എയും ആവശ്യപ്പെട്ടു. പ്രതികള്‍ക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കണമെന്നും അദ്ദേഹം സഭയില്‍ പറഞ്ഞു.

Content Highlights: Nedumbassery accident raised in assembly by opposition leader Pinarayi Vijayan

To advertise here,contact us