'പാര്‍ട്ടികളിലെ പ്രായപരിധി ശുദ്ധ അസംബന്ധം; അത് വെച്ചവരെല്ലാം അനുഭവിക്കും'; സഭയില്‍ ചിരി പടര്‍ത്തി ജി സുധാകരന്‍

മുതിര്‍ന്ന പൗരന്മാരുടെ അവകാശസംരക്ഷണ ബില്ലിന്റെ ചര്‍ച്ചാവേളയിലായിരുന്നു ജി സുധാകരന്റെ പരാമര്‍ശം

തിരുവനന്തപുരം: പാര്‍ട്ടികളില്‍ പ്രായ പരിധിവെയ്ക്കുന്നത് അസംബന്ധമാണെന്ന് ജി സുധാകരന്‍ എംഎല്‍എ. അത് വെച്ചവരെല്ലാം അനുഭവിക്കുമെന്നും അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്നും ജി സുധാകരന്‍ പറഞ്ഞു. മുതിര്‍ന്ന പൗരന്മാരുടെ അവകാശസംരക്ഷണ ബില്ലിന്റെ ചര്‍ച്ചാവേളയിലായിരുന്നു ജി സുധാകരന്റെ പരാമര്‍ശം.

'പ്രായപരിധി ശുദ്ധ അസംബന്ധമാണ്. ബുദ്ധിയില്ലായ്മയാണ്. ചരിത്രനിരാസമാണ്. അത് വെച്ചവരെല്ലാം അനുഭവിക്കും സര്‍…അനുഭവിച്ചുകൊണ്ടിരിക്കുകയാണ് സാര്‍…', എന്നായിരുന്നു ജി സുധാകരന്റെ പ്രതികരണം. 'ഒരു പാര്‍ട്ടിയുടെ കാര്യം മാത്രമല്ല. എനിക്ക് 75 വയസ്സ് ആയില്ല. ഞാന്‍ മൂന്നര വയസ്സില്‍ അക്ഷരം പഠിച്ചതിനാല്‍ ആറ് വയസ്സുവെച്ച് സ്‌കൂളില്‍ ചേര്‍ത്തതാണ്', ജി സുധാകരന്‍ പറഞ്ഞു. പൊളിറ്റ് ബ്യൂറോയിലും കോണ്‍ഗ്രസിലും ബിജെപിയിലുമെല്ലാം മുതിര്‍ന്ന പൗരരെ പ്രായപരിധിയുടെ പേരില്‍ ഒഴിവാക്കുന്നത് ശരിയാണോയെന്ന് എം വിന്‍സെന്റ് ചോദിച്ചപ്പോഴായിരുന്നു ചിരി പടര്‍ത്തുന്ന മറുപടി.

ഓള്‍ഡ് ഈസ് ഗോള്‍ഡ് എന്നാണ്. ഓള്‍ഡ് ഈസ് വേസ്റ്റ് അല്ല. ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്രമോദി, ജവഹര്‍ലാല്‍ നെഹ്‌റു, ലാല്‍ ബഹദൂര്‍ ശാസ്ത്രി, വി പി സിംഗ്, ഇഎംഎസും അച്യുതമേനാനും ഇവരെല്ലാം 60 കഴിഞ്ഞാണ് മുഖ്യമന്ത്രിയായത്. ട്രംപ്, ഭ്രാന്തനാണെങ്കിലും നല്ല പ്രായമുള്ളയാളാണ്. വായില്‍ തോന്നുന്നത് വിളിച്ചുപറയുമെന്ന് മാത്രമെയുള്ളൂ. സ്വത്ത് കൊടുത്താല്‍ അവരെ നോക്കുന്നില്ലെങ്കില്‍ തിരിച്ചെടുക്കാനുള്ള അവകാശവും നിയമത്തില്‍ ഉള്‍പ്പെടുത്തണം. വി ഡി സതീശന്‍ യുവത്വത്തില്‍ നിന്നും മധ്യവയസ്സിലേക്ക് കടന്നു. 80 വയസ്സ് കഴിഞ്ഞാലും ജീവിച്ചിരിക്കാനുള്ള സാധ്യതയും ഉണ്ട്. നിയമം അദ്ദേഹത്തിനും ഉപകാരപ്പെടുമെന്നതില്‍ സംശയമില്ലെന്നും ജി സുധാകരന്‍ പറഞ്ഞു.

Content Highlights: G Sudhakaran MLA has described the imposition of age limits in political parties as absurd, expressing his position on age restrictions within party organisations.

To advertise here,contact us