സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട്: EDയോട് രേഖകള്‍ ആവശ്യപ്പെട്ട് വിജിലന്‍സ്

രേഖകളുടെ പരിശോധന പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും ചോദ്യം ചെയ്യല്‍

കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടില്‍ പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരായ അന്വേഷണത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് രേഖകള്‍ ആവശ്യപ്പെട്ട് വിജിലന്‍സ്. പണമിടപാട് രേഖകള്‍ ആവശ്യപ്പെട്ടാണ് വിജിലന്‍സ് കത്തയച്ചത്. മൊഴിയുടെ വിശദാംശങ്ങളും തേടി. ഇ ഡി പിടിച്ചെടുത്ത രേഖകളും ആവശ്യപ്പെട്ടിട്ടുണ്ട്. രേഖകളുടെ പരിശോധന പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും പ്രതികളുടെ ചോദ്യം ചെയ്യല്‍.

സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടില്‍ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്യാനാണ് ഇ ഡി നീക്കം. നേരത്തെ എസ്എഫ്‌ഐഒ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഇഡി ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. വിജിലന്‍സ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും പുതിയ നീക്കം. പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെയും മുഹമ്മദ് റിയാസിനെതിരെയും പ്രത്യേകം ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്യും.

ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസമായിരുന്നു വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തത്. സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് സംബന്ധിച്ച ആദ്യകേസില്‍ പിണറായി വിജയനും വീണ ടിയുമാണ് പ്രതികള്‍. റിയാസ് മന്ത്രിയായിരിക്കെ പണം വിദേശത്തേക്ക് കടത്തിയെന്നാണ് രണ്ടാമത്തെ കേസ്. ഇതില്‍ റിയാസ് ഒന്നാം പ്രതിയും വീണ രണ്ടാം പ്രതിയുമാണ്.

രണ്ട് കേസുകളും അന്വേഷിക്കാന്‍ രണ്ട് സംഘങ്ങളെയാണ് നിയോഗിച്ചിരിക്കുന്നത്. കൈക്കൂലി കേസും കള്ളപ്പണ ഇടപാട് കേസും പ്രത്യേകം അന്വേഷിക്കാനാണ് തീരുമാനം. സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാടില്‍ പിണറായി വിജയന്‍ കുറ്റകരമായ ഗൂഢാലോചന നടത്തിയെന്നാണ് വിജിലന്‍സ് എഫ്‌ഐആറില്‍ പറയുന്നത്. പിണറായി വിജയന്‍, വീണ, ശശിധരന്‍ കര്‍ത്ത എന്നിവര്‍ കുറ്റകരമായ ഗൂഢാലോചന നടത്തിയെന്നാണ് എഫ്‌ഐആറിലെ പരാമര്‍ശം. വ്യക്തിതാല്‍പര്യങ്ങള്‍ക്കായി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്നും എഫ്‌ഐആറിലുണ്ട്. വിജിലന്‍സ് എഫ്‌ഐആറിന്റെ പകര്‍പ്പ് റിപ്പോര്‍ട്ടറിന് ലഭിച്ചിരുന്നു.

2016 മുതല്‍ 2020 വരെയുള്ള കാലയളവില്‍ ഒന്നാം പ്രതിയായ പിണറായി വിജയനും രണ്ടാം പ്രതിയായ ടി വീണയും സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയുമായി ചേര്‍ന്ന് ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്നാണ് എഫ്‌ഐആറിലെ പരാമര്‍ശം. സേവനങ്ങള്‍ നല്‍കാതെ വീണ ടിയുടെ കമ്പനി സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നും ഇതിനായി പിണറായി വിജയന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്നും ആരോപണമുണ്ട്. പിണറായി വിജയന്‍, വീണ ടി, എക്‌സാലോജിക് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, ശശിധരന്‍ കര്‍ത്ത, പി സുരേഷ് കുമാര്‍, സിഎംആര്‍എല്‍, എംപവേര്‍ഡ് ഇന്ത്യ കാപിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവരാണ് ഒന്ന് മുതല്‍ ഏഴ് വരെയുള്ള പ്രതികള്‍.

വിജിലന്‍സ് കേസിനെതിരെ റിയാസും വീണയും ഉള്‍പ്പെടെയുള്ളവര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി ഇന്നലെ പരിഗണിച്ചിരുന്നു. എന്നാല്‍ എഫ്‌ഐആര്‍ അടിയന്തരമായി സ്റ്റേ ചെയ്യാന്‍ കോടതി വിസമ്മതിക്കുകയായിരുന്നു. പ്രത്യേക അനുമതിക്ക് ശേഷമേ സ്റ്റേ ആവശ്യം പരിഗണിക്കാനാകൂ എന്നാണ് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയത്.

Content Higlights: Kerala Vigilance has sought documents from the Enforcement Directorate regarding the financial transactions between CMRL and Exalogic.

To advertise here,contact us