ഇഎസ്എ വിജ്ഞാപനം; പരിസ്ഥിതി ലോല മേഖലയുടെ മാപ്പില്‍ അവ്യക്തതയെന്ന് വിമര്‍ശനം, 'കൃഷിയിടം കണ്ടെത്താനാകുന്നില്ല'

മാപ്പ് നോക്കി കര്‍ഷകന് തന്റെ കൃഷിയിടം പരിസ്ഥിലോല മേഖലയാണോയെന്ന് കണ്ടെത്താന്‍ കഴിയുന്നില്ലെന്നാണ് വിമർശനം

ഇടുക്കി: പരിസ്ഥിതി ലോല മേഖലയുടെ പുറത്തുവന്ന മാപ്പിൽ വിമർശനവുമായി സിറോ മലബാർ സഭ. ഈ മാപ്പ് പ്രസിദ്ധീകരിച്ചത് ആരെ ബോധിപ്പിക്കാനാണെന്നാണ് സിറോ മലബാര്‍ സഭ വക്താവും പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാവുമായ ഡോ ചാക്കോ കാളാംപറമ്പില്‍ വിമർശിച്ചത്. മാപ്പ് നോക്കി കര്‍ഷകന് തന്റെ കൃഷിയിടം പരിസ്ഥിലോല മേഖലയാണോയെന്ന് കണ്ടെത്താന്‍ കഴിയുന്നില്ല. ജില്ലാ അടിസ്ഥാനത്തിലാണ് മാപ്പ് നല്‍കിയിരിക്കുന്നതെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. വില്ലേജ് അടിസ്ഥാനത്തില്‍ മാപ്പ് നല്‍കണമെന്നാണ് ആവശ്യം. ആകെ അവ്യക്തതയാണ് മാപ്പില്‍ നിലനില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കൃഷിഭൂമിയോ വീടോ തോട്ടഭൂമിയോ വ്യക്തമായി കണ്ടെത്താന്‍ കഴിയുന്ന നിലയില്‍ ലാന്‍ഡ് മാര്‍ക്ക് പോലും ഇല്ലാതെയാണ് മാപ്പ് നല്‍കിയിരിക്കുന്നത്. മൊബൈല്‍ ഫോണില്‍ ഗൂഗിള്‍ മാപ്പിലൂടെ പരിശോധിക്കാനുള്ള സൗകര്യം ഒരുക്കണമെന്ന ആവശ്യം ശക്തമാണ്. റിപ്പോര്‍ട്ട് നല്‍കിയശേഷം ആ റിപ്പോര്‍ട്ട് അനുസരിച്ച് മാപ്പ് തയ്യാറാക്കിയത് ചെരുപ്പ് നോക്കി കാല്‍ മുറിച്ചതുപോലെയാണെന്ന് ചാക്കോ കാളാംപറമ്പില്‍ വിമര്‍ശിച്ചു. 2014ലും, 2018 ലും സര്‍ക്കാരുകള്‍ നല്‍കിയ കണക്കിനെക്കാള്‍ കൂടുതല്‍ വന വിസ്തൃതി 2026 ലെ റിപ്പോര്‍ട്ടില്‍ കാണിച്ചു. 25 വില്ലേജുകളില്‍ വനഭൂമി കൂട്ടിക്കാണിച്ചു. ഫോറസ്റ്റ് ഇല്ലാത്ത വയനാട് ചൂണ്ടേല്‍ വില്ലേജ് ഇഎസ്എയില്‍ ഉള്‍പ്പെട്ടു. സംസ്ഥാനത്തെ വനവിസ്തൃതി വനംവകുപ്പ് പുറത്തുവിടണമെന്നും സിറോ മലബാര്‍ സഭ ആവശ്യപ്പെടുന്നുണ്ട്.

കരട് വിജ്ഞാപനം കേന്ദ്രം പുറത്തിറക്കിയതിന് ശേഷം മൂന്ന് മാസത്തെ സമയ പരിധിയാണ് പരാതി നല്‍കാന്‍ കൊടുത്തിരുന്നത്. എന്നാല്‍ അവസാന നിമിഷമാണ് സംസ്ഥാന സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കിയത്. റിപ്പോര്‍ട്ട് നല്‍കി രാണ്ടാഴ്ചയ്ക്ക് ശേഷം ഇന്നലെയാണ് പരിസ്ഥിതി ലോല മേഖലയുടെ മാപ്പ് കേന്ദ്രം പുറത്തിറക്കുന്നത്. ഇതിലാണ് വലിയ അവ്യക്തത നിലനില്‍ക്കുന്നത്. ഉദാഹരണത്തിന് താമരശേരി ചുരത്തിലെ ലക്കിടി വ്യൂ പോയിന്റ് തിരഞ്ഞാല്‍ ഇതില്‍ ലഭിക്കുന്നത് കല്‍പ്പറ്റ നഗരമാണ്. ഇത്തരത്തില്‍ ലാന്റ് മാര്‍ക്ക് പോലും ഇല്ലാതെ മാപ്പ് പുറത്തിറക്കിയതാണ് വലിയ വിമര്‍ശമങ്ങള്‍ക്ക് വഴിവെച്ചത്.

റോഡുകള്‍, പുഴകള്‍, തോടുകള്‍, പ്രധാന കെട്ടിടങ്ങള്‍ എന്നിവ ഒന്നും ഇതില്‍ രേഖപ്പെടുത്തിയിട്ടില്ല. മാപ്പ് ഉപയോഗിച്ച് പരിചയമുള്ളവര്‍ക്ക് പോലും സ്ഥലം കണ്ടെത്താന്‍ കഴിയാത്ത നിലയാണ് ഉള്ളത്. സാധാരണ ജനങ്ങള്‍ക്ക് മനസിലാകുന്ന നിലയില്‍ മാപ്പ് നല്‍കണമെന്നാണ് ആവശ്യം. റിപ്പോര്‍ട്ടിന് ഉതകുന്ന നിലയില്‍ മാപ്പ് തയ്യാറാക്കി കണ്ണില്‍ പൊടിയിടുകയാണെന്ന് വിമര്‍ശനവും ശക്തമാണ്. 33 വില്ലേജുകളെ പരിസ്ഥിതി ലോല മേഖലയില്‍ നിന്ന് ഒഴിവാക്കി എന്നാണ് പറയുന്നത്. പ്രധാനമായും ഇടുക്കി ജില്ലയിലെ വില്ലേജുകളാണ് ഒഴിവായത്. എന്നാല്‍ വടക്കന്‍ ജില്ലകളിലെ പ്രദേശങ്ങള്‍ ഒഴിവായിട്ടില്ല. 28 ഓളം വില്ലേജുകള്‍ അവിടെ ഇഎസ്എയില്‍ ഉള്‍പ്പെടുന്നുണ്ട്. കര്‍ഷകരുടെ ആശങ്ക ഇപ്പോഴും നിലനില്‍ക്കുന്നു എന്നും വിമര്‍ശനമുണ്ട്.

Content Highlights: Dr Chacko Kalamparambil, spokesperson for the Syro-Malabar Church and leader of the Western Ghats Protection Committee, has questioned the purpose of publishing the eco-sensitive zone map. He said farmers cannot determine whether their land falls within the designated area because the map is organised by district rather than village. He has called for village-level maps to resolve the existing ambiguity.

To advertise here,contact us