തിരുവനന്തപുരം: സര്‍ക്കാര്‍ അനുമതി ഇല്ലാതെ ചെക്ക് റിപബ്ലിക്കിന്റെ തലസ്ഥാനമായ പ്രാഗിലേക്ക് മന്ത്രി കെ എം ഷാജി നടത്തിയ യാത്ര ദുരൂഹമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം വിജിന്. മന്ത്രിയുടെ യാത്ര എന്തിനായിരുന്നുവെന്ന് ജനങ്ങളോട് വ്യക്തമാക്കാന്‍ തയ്യാറാകണമെന്ന് വിജിന് ആവശ്യപ്പെട്ടു. മന്ത്രിയുടെ യാത്രയില്‍ സര്‍ക്കാരിന്റെ അനുമതിയില്ലെന്നാണ് നിയമസഭ രേഖയില്‍ പറയുന്നത്. മുസ്ലിം പെണ്‍കുട്ടികളുടെ അപകടകരമായ യാത്രയെ കുറിച്ച് വിവാദപരാമര്‍ശം നടത്തിയ ആളാണ് കെ എം ഷാജി. പ്രാഗിലേക്കുള്ള യാത്ര ഏത് ചാട്ടമാണ് എന്നാണ് അറിയേണ്ടത്. മദ്യവ്യവസായി ആണ് സ്പോണ്സര് എന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും വിജിന് പറഞ്ഞു.
നെടുമ്പാശേരിയിലെ വാഹനാപകടത്തിലും എം വിജിന് പ്രതികരിച്ചു. മദ്യപിച്ചിരുന്നുവെന്ന് പ്രതി തന്നെ സമ്മതിച്ചതാണ്. എന്നാല്‍ എഫ്ഐആറില്‍ പ്രതി മദ്യപിച്ചതായി പറയുന്നില്ല. എഫ്ഐആറില്‍ പ്രതിയുടെ പേരു പരാമര്‍ശിച്ചിട്ടില്ലെന്ന് വിജിന് ആരോപിച്ചു. പണക്കാരന്റെ മക്കള്‍ വരുമ്പോള്‍ എന്താണ് പൊലീസിന് ഇങ്ങനൊരു നിലപാടെന്നും ഈ സര്‍ക്കാര്‍ ആരെയാണ് രക്ഷിക്കാന്‍ നോക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. പൊലീസ് പ്രതിയുടെ ബന്ധുക്കളുമായി ഒത്തുകളിക്കുന്നു. കേസില്‍ നിന്ന് രക്ഷിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇതിനെതിരെ ഡിവൈഎഫ്ഐ പ്രതിഷേധം ശക്തമാക്കും. സര്‍ക്കാരിന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും എം വിജിന് പറഞ്ഞു.
കഴിഞ്ഞ ദിവസം അടൂരില്‍ നടന്ന എസ്എഫ്ഐ-യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പറയുന്നത് അനുസരിച്ചാണ് പൊലീസ് കാര്യങ്ങള്‍ ചെയ്യുന്നതെന്നും വിജിന് അഭിപ്രായപ്പെട്ടു. പൊലീസ് ജീപ്പില്‍ കയറി ചോദ്യം ചെയ്യാന്‍ ആര്‍ക്കാണ് ഇയാള്‍ക്ക് അധികാരം നല്‍കിയതെന്നും വിജിന് ചോദിച്ചു.
Content Highlights: M. Vijin has criticised K. M. Shaji’s foreign trip to Prague, questioning the purpose of the visit with the remark.