ഉലക്കയൊന്നുമല്ലല്ലോ; രണ്ട് കയ്യിലും ലാത്തി പിടിച്ചുയർത്തിയാണ് പൊലീസ് അടിച്ചത്, ഊക്ക് വരാനാണ് അത്:പിണറായി വിജയൻ

വാശിയോടെയും വീറോടെയും കാര്യങ്ങള്‍ അവതരിപ്പിക്കുന്നയാളാണ് നമ്മുടെ ആഭ്യന്തര മന്ത്രി. എന്നാല്‍ ഇന്ന് കുറ്റബോധം ഉണ്ടെന്ന് തോന്നുന്നുവെന്നും പിണറായി വിജയൻ

തിരുവനന്തപുരം: എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രതിഷേധങ്ങളെ ക്രൂരമായി നേരിടുന്ന സര്‍ക്കാര്‍ സംഘപരിവാറിന്റെ കാര്യത്തില്‍ മിതമായ ഇടപെടല്‍ മതിയെന്ന സമീപനം സ്വീകരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് നിയമസഭയില്‍. തലസ്ഥാനത്തെ എസ്എഫ്‌ഐ, യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷത്തിലെ പൊലീസ് നടപടിയിലാണ് പിണറായി വിജയന്റെ വിമര്‍ശനം. സംഘര്‍ഷത്തിനിടെ പരിക്ക് പറ്റിയ വേണു, വൈഷ്ണവി എന്നിവരുടെ പേരുകള്‍ പരാമര്‍ശിച്ചായിരുന്നു പ്രതിപക്ഷ നേതാവ് ഇക്കാര്യം പറഞ്ഞത്. എന്നാല്‍ വേണുവിന്റെ വൂണ്ട് സര്‍ട്ടിഫിക്കറ്റ് അയച്ചുതരാമെന്നും തലയ്ക്ക് പരിക്കേറ്റിട്ടില്ലെന്നും ആഭ്യന്തര മന്ത്രി മറുപടി നല്‍കി. പ്രതിപക്ഷ നേതാവിനെ വി ജോയ് ഉള്‍പ്പെടെയുള്ളവര്‍ കള്ളം പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുകയാണെന്നും രമേശ് ചെന്നിത്തല ഉന്നം വെച്ചു.

'വാശിയോടെയും വീറോടെയും കാര്യങ്ങള്‍ അവതരിപ്പിക്കുന്നയാളാണ് നമ്മുടെ ആഭ്യന്തര മന്ത്രി. എന്നാല്‍ ഇന്ന് കുറ്റബോധം ഉണ്ടെന്ന് തോന്നുന്നു. ഗ്യാനേഷ് കുമാറിനെതിരായ സമരത്തില്‍ എല്ലാവരും തെരുവിലാണ്. എന്നാല്‍ പ്രതിഷേധം എന്തിനാണ് യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് നേരെ തിരിച്ചത് എന്നാണ് പ്രശ്‌നം. എന്തിനാണ് അകത്തേക്ക് പന്തവും കുപ്പികളും കല്ലുകളും വലിച്ചെറിഞ്ഞത്. കറന്റ് പോകുമ്പോള്‍ കുട്ടികള്‍ കൂവും. അത് എങ്ങനെയാണ് യൂത്ത് കോണ്‍ഗ്രസിന് പ്രകോപനം ആകുന്നത്. പന്തം വലിച്ചെറിഞ്ഞതിന്റെ ഭാഗമായി ഫയര്‍ഫോഴ്‌സിന് എത്തി തീ അണക്കേണ്ടി വന്നു. അടിയന്തരാവസ്ഥകാലത്ത് പൊലീസ് സ്വീകരിച്ച രീതി ഉണ്ടായിരുന്നു. അന്ന് പൊലീസ് പിന്നിലും പ്രവര്‍ത്തകര്‍ മുന്നിലുമുണ്ടാകും. അവരുടെ കയ്യില്‍ ഒരു സഞ്ചി ഉണ്ടാകും. അതില്‍ ആയുധങ്ങള്‍ ആയിരിക്കും. ആരെയാണോ ആക്രമിക്കേണ്ടത് അവരെ ആക്രമിക്കും. പ്രതിരോധിച്ചാല്‍ പൊലീസ് ഇടപെടും. ഇവിടെയും നടന്നത് അതുതന്നെയാണ്. കന്റോണ്‍മെന്റ് പൊലീസ് ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ അടിക്കുകയായിരുന്നു. രണ്ട് കൈകൊണ്ടാണ് ലാത്തി പിടിച്ച് അടിച്ചത്. അടിക്കുന്നതിന് ഊക്ക് വേണം എന്നുള്ളതുകൊണ്ടാണ് അങ്ങനെ പിടിക്കുന്നത്. ഇത് ഉലക്കയൊന്നുമല്ലല്ലോ', പ്രതിപക്ഷ നേതാവ് പറഞ്ഞു.

'യൂത്ത് കോണ്‍ഗ്രസിന്റെയും തുടര്‍ന്നുള്ള പൊലീസ് ആക്രമണവും ഒരിക്കലും നടക്കാന്‍ പാടില്ലാത്തതായിരുന്നു. യൂത്ത് കോണ്‍ഗ്രസ് നേതാവായി യൂത്ത് കോണ്‍ഗ്രസ് പരിപാടി നടത്തിയതില്‍ പ്രശ്‌നമില്ല. അത്തരം ഒരു പരിപാടി അക്രമത്തിലേക്ക് തിരിയുമ്പോള്‍ അതില്‍ മന്ത്രിയുടെ കൂടി പങ്കാളിത്തം വരികയാണ്. അത് ഒരിക്കലും നല്ല കാര്യമല്ല. സാധാരണഗതിയില്‍ ഏതെങ്കിലും ഒരു പ്രകടനം യൂണിവേഴ്‌സിറ്റി ഹോസ്റ്റലിന്റെ മുന്നില്‍ നിന്നാണോ ആരംഭിക്കുന്നത്. അതിന് ഏതെങ്കിലും ഒരു ഉദാഹരണം കാട്ടി തരാമോ? എന്താണ് അങ്ങനെ ഒരു സ്ഥലം തെരഞ്ഞെടുക്കാന്‍ കാരണം. അതില്‍ തന്നെ കൃത്യമായ പദ്ധതിയുണ്ടായിരുന്നു. ഗ്യാനേഷ് കുമാറിനെതിരായ സമരത്തില്‍ നേരത്തെ തന്നെ എല്ലാ വിദ്യാര്‍ത്ഥി സംഘടനകളും ഉണ്ടായിരുന്നു. ഇതില്‍ എസ്എഫ്‌ഐയും യൂത്ത് കോണ്‍ഗ്രസും ഡിവൈഎഫ്‌ഐയും കെഎസ്യുവും രണ്ട് ചേരിയില്‍ അല്ലല്ലോ നില്‍ക്കേണ്ടത്. എന്തിനാണ് പിന്നെ ഇങ്ങനെ ഒരു സംഭവം ഉണ്ടാക്കിയത് എന്ന് പരിശോധിക്കണം. അതിനുള്ള ബാധ്യത ആഭ്യന്തരമന്ത്രിക്ക് ഉണ്ട്', പിണറായി വിജയന്‍ പറഞ്ഞു.

Content Highlights: Opposition Leader Pinarayi Vijayan criticised the government in the Assembly over police action against SFI and DYFI protests and its approach towards the Sangh Parivar

To advertise here,contact us