ചെക്ക് കേസ്; മാണി സി കാപ്പന്റെ ശിക്ഷ മരവിപ്പിച്ച് സെഷന്‍സ് കോടതി

പ്രവാസി മലയാളിയായ പാലക്കാട് സ്വദേശി ദിനേശ് മേനോന്റെ പരാതിയില്‍ അടക്കം നാല് കേസുകളിലായിരുന്നു മുംബൈ ബോറിവെല്ലി കോടതി മാണി സി കാപ്പന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്

മുംബൈ: ചെക്ക് കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന്റെ ശിക്ഷ മരവിപ്പിച്ച് ദിന്തോഷി സെഷന്‍സ് കോടതി. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മാണി സി കാപ്പന്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ച കോടതി പിഴത്തുകയും 20 ശതമാനം കെട്ടിവെയ്ക്കാന്‍ നിര്‍ദേശിച്ചു.

പ്രവാസി മലയാളിയായ പാലക്കാട് സ്വദേശി ദിനേശ് മേനോന്റെ പരാതിയില്‍ അടക്കം നാല് കേസുകളിലായിരുന്നു മുംബൈ ബോറിവെല്ലി കോടതി മാണി സി കാപ്പന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ഒരു കോടി ഇരുപത് ലക്ഷം രൂപ മാണി സി കാപ്പന്‍ പരാതിക്കാരന് നല്‍കണമെന്നും കോടതി വിധിയിലുണ്ടായിരുന്നു. ഇതിനെതിരെ എംഎല്‍എ സെഷന്‍സ് കോടതിയെ സമീപിച്ചത്. സെക്യൂരിറ്റി എന്ന നിലയിലാണ് ചെക്ക് നല്‍കിയതെന്നാണ് മാണി സി കാപ്പന്റെ അഭിഭാഷകന്‍ വാദിച്ചത്.

കണ്ണൂര്‍ വിമാനത്താവളത്തില്‍ ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന ദിനേശ് മേനോന്റെ പരാതിയിലടക്കം നാല് കേസുകളില്‍ മുംബൈ ബോറിവലി മജിസ്‌ട്രേറ്റ് കോടതിയാണ് മാണി സി കാപ്പനെ ഒരുവര്‍ഷം തടവിന് ശിക്ഷിച്ചത്. വിധി പ്രസ്താവിക്കുന്ന സമയത്ത് കോടതിയില്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് കാപ്പനെതിരെ കോടതി ജാമ്യമില്ലാ വാറണ്ടും പുറപ്പെടുവിച്ചിരുന്നു. മൂന്നുകോടിയിലധികം രൂപ മാണി സി കാപ്പന്‍ തട്ടിയെടുത്തുവെന്നാണ് കേസ്.

അതേസമയം കോടതി ജാമ്യമില്ലാ വാറണ്ട് പിന്‍വലിച്ചത് മാണി സി കാപ്പന് ആശ്വാസമായിരിന്നു. കാപ്പന്‍ നേരിട്ട് കോടതിയില്‍ ഹാജരായി അപേക്ഷ നല്‍കിയതിനെ തുടര്‍ന്നായിരുന്നു കോടതിയുടെ നടപടി.

Content Highlights: Dindoshi Sessions Court has suspended the sentence of Pala MLA Mani C Kappan in a cheque case

To advertise here,contact us