പാലക്കാട്: പിണറായി വിജയനും എം വി ഗോവിന്ദനും അടക്കമുള്ള മുതിർന്ന നേതാക്കൾക്കെതിരെ പാലക്കാട് വിപുലീകൃത ജില്ലാ കമ്മിറ്റിയിൽ രൂക്ഷ വിമർശനം. പിണറായി വിജയനും എംവി ഗോവിന്ദനുമാണ് തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണമെന്നാണ് വിമർശനം. 10 വർഷത്തെ ഭരണത്തിലെ പോരായ്മകൾ ജനങ്ങളിൽ നിന്നും അകലാൻ കാരണമായി. ജില്ലാ സെക്രട്ടറിക്ക് പക്വതയില്ലെന്നും വിഭാഗീയതയും വിമത നീക്കവും തടയാൻ കഴിഞ്ഞില്ലെന്നും വിമർശനം ഉയർന്നു. പികെ ശശി പാർട്ടി വിട്ടതോടെ മണ്ണാർക്കാട്ട് സംഘടന സംവിധാനം മെച്ചപ്പെട്ടെന്നും അഭിപ്രായം ഉയർന്നു
സിപിഐഎം പാലക്കാട് ജില്ലാ നേതൃത്വത്തിന് രൂക്ഷ വിമർശനമാണ് വിപുലീകൃത ജില്ലാകമ്മിറ്റിയില്‍ ഉയർന്നത്. ജില്ലാ സെക്രട്ടറിക്ക് വിഭാഗീയതയും വിമത നീക്കവും തടയാനായില്ലെന്നാണ് പ്രതിനിധികള്‍ ഉയര്‍ത്തിയ വിമര്‍ശനം. വിഭാഗീയ നീക്കം പരിഹരിക്കാന്‍ കഴിയാതെ പോയത് നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായി. ചിറ്റൂരിലെ തോല്‍വിക്ക് കാരണമായ കൊഴിഞ്ഞാമ്പാറയിലെ വിമത നീക്കവും, തൃത്താലയിലെ വിഭാഗീയതയും തടയാന്‍ ജില്ലാ സെക്രട്ടറിക്ക് ആയില്ലെന്നും വിമര്ശമമുണ്ട്.
അതേസമയം പി കെ ശശി പോയത് ഗുണമായി എന്നാണ് ജില്ലാ കമ്മിറ്റി യോഗത്തില്‍ ഉയര്‍ന്ന ചര്‍ച്ച. പി കെ ശശി പാര്‍ട്ടി വിട്ടതോടെ മണ്ണാര്‍ക്കാട്ട് സംഘടന സംവിധാനം മെച്ചപ്പെട്ടു. വിഭാഗീയത മണ്ണാര്‍ക്കാട് കുറഞ്ഞെന്നും പ്രതിനിധികള്‍ വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തില്‍ ചര്‍ച്ച ചെയ്തു.എന്നാല്‍ ജില്ലാ കമ്മിറ്റിയില്‍ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമുണ്ടായി. പിണറായി വിജയനും എം വി ഗോവിന്ദനുമാണ് തെരഞ്ഞെടുപ്പ് തോല്‍വിയുടെ പ്രധാന കാരണക്കാരെന്നാണ് പ്രതിനിധികളുടെ ചര്‍ച്ചയിലുള്ളത്. സംസ്ഥാന നേതൃത്വത്തിന് വീഴ്ച സംഭവിച്ചു.
ജില്ലയിലെ സിപിഐഎമ്മില്‍ രൂക്ഷമായ വിഭാഗീയതയെന്ന വിമര്‍ശനം കഴിഞ്ഞ ദിവസം ഉയര്‍ന്നിരുന്നു. ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നത്. തൃത്താല, കോങ്ങാട് അടക്കമുള്ള മണ്ഡലങ്ങളില്‍ സിപിഐഎമ്മിന്റെ തോല്‍വിക്ക് കാരണമായത് വിഭാഗീയതയാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എം ബി രാജേഷിന്റെ തോല്‍വിക്ക് കാരണം പാര്‍ട്ടിയിലെ വിഭാഗീയതയാണ്. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണത്തിനപ്പുറം വിഭാഗീയതയാണ് തൃത്താലയില്‍ പാര്‍ട്ടിയെ പരാജയപ്പെടുത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഇടത് കോട്ടയായിരുന്ന കോങ്ങാട് പരമ്പരാഗത പാര്‍ട്ടി വോട്ടുകള്‍ നഷ്ടപ്പെട്ടു. കോങ്ങാട് മണ്ഡലത്തില്‍ സിപിഐഎമ്മിന് മികച്ച സ്വാധീനമുള്ള പഞ്ചായത്തുകളില്‍ ഉള്‍പ്പെടെ വോട്ട് വന്‍തോതില്‍ കുറഞ്ഞത് ഗുരുതര പ്രശ്നമെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നു.
റിയല്‍ എസ്റ്റേറ്റ് മാഫിയയായി സിപിഐഎം മാറിയെന്നും പാലക്കാട്ടെ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അട്ടപ്പാടിയിലെ അനധികൃത ഭൂമി ഇടപാടുകളില്‍ സിപിഐഎം നേതാക്കള്‍ക്ക് പങ്കുണ്ട്. നേതാക്കളുടെ സ്വത്ത് വിവര കണക്കുകള്‍ പുറത്തുവിടണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തില്‍ വിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും രംഗത്തെത്തിയിരുന്നു. തൃത്താല, കോങ്ങാട് ഉള്‍പ്പെടെയുള്ള ചില മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം നേതാക്കള്‍ക്കിടയിലെ വിഭാഗീയതയാണെന്ന് എം വി ഗോവിന്ദന് വിമര്‍ശിച്ചു. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് വേണ്ടവിധത്തില്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും എം വി ഗോവിന്ദന് കുറ്റപ്പെടുത്തി.
Content Highlights: The CPM Palakkad district leadership faced criticism at the extended district committee meeting, with representatives alleging that the district secretary failed to prevent factionalism and rebel moves. The Kozhinjampara rebel move linked to the Chittur defeat and factionalism in Thrithala were also cited as factors behind the election setback.