'രാഷ്ട്രീയ പകപോക്കലിന് EDയെ ഉപയോഗിക്കുന്നു, സംസ്ഥാന കമ്മിറ്റിയില്‍ ചര്‍ച്ചയാകും'

നിയമസഭാ തെരഞ്ഞെടുപ്പ് പരാജയം പാര്‍ട്ടിയുടെയോ സര്‍ക്കാരിന്റെയോ പിഴവല്ലെന്നും എളമരം കരീം

കോഴിക്കോട്: സിപിഐഎം വിശാല സംസ്ഥാന കമ്മിറ്റിയില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നീക്കം ചര്‍ച്ചയാകുമെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം റിപ്പോര്‍ട്ടറിനോട്. രാഷ്ട്രീയ പകപോക്കലിനായി ഇഡിയെ കേന്ദ്രസര്‍ക്കാര്‍ ഉപയോഗിക്കുന്നുവെന്ന അഭിപ്രായമാണ് സിപിഎമ്മിനുള്ളത്. തെരഞ്ഞെടുപ്പ് തിരിച്ചടിയും ജനവിരുദ്ധ സര്‍ക്കാരിനെതിരെയുള്ള പ്രക്ഷോഭങ്ങളും വിശാല സംസ്ഥാന കമ്മിറ്റിയില്‍ ആസൂത്രണം ചെയ്യുമെന്നും എളമരം കരീമും ടി പി രാമകൃഷ്ണനും റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പ് പരാജയം പാര്‍ട്ടിയുടെയോ സര്‍ക്കാരിന്റെയോ പിഴവല്ലെന്നും എളമരം കരീം പറഞ്ഞു. തുടര്‍ഭരണ സാധ്യത ഒഴിവാക്കാന്‍ പ്രതിപക്ഷം നടത്തിയ പ്രചാരം പ്രതിരോധിക്കാനായില്ല. ആര്‍എസ്എസും ജമാഅത്തെ ഇസ്ലാമിയും മാധ്യമങ്ങളും പ്രതിപക്ഷത്തിനൊപ്പം നിന്നതാണ് പരാജയ കാരണം. ജനങ്ങള്‍ തെറ്റിദ്ധരിക്കപ്പെട്ടു. അതാണ് പിണറായി വിജയന്‍ പൊതുയോഗത്തില്‍ പറഞ്ഞത്. പ്രവര്‍ത്തകര്‍ക്ക് സംഭവിച്ച പിഴവുകള്‍ പാര്‍ട്ടി പരിശോധിച്ചിട്ടുണ്ടെന്നും എളമരം കരീം പറഞ്ഞു.

വിപുലീകൃത സംസ്ഥാന കമ്മിറ്റിയില്‍ ഇ ഡി നീക്കം ചര്‍ച്ചയാകുമെന്ന് ടി പി രാമകൃഷ്ണനും വ്യക്തമാക്കി. പാര്‍ട്ടി രേഖയ്ക്ക് പുറത്തുള്ള ഇ ഡി നീക്കം അടക്കമുള്ള കാര്യങ്ങളും പ്രതിനിധികള്‍ക്ക് ചര്‍ച്ച ചെയ്യാം. പ്രതിപക്ഷ ഉപനേതാവ് പദവിയിലെ തര്‍ക്കങ്ങളും ചര്‍ച്ചയാകും. പക്ഷേ തീരുമാനം യോഗത്തില്‍ എടുക്കില്ല. സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ അടക്കമുള്ളവരുടെ മാറ്റവും ചര്‍ച്ചയാകില്ല. നിലവിലുള്ള നേതൃത്വം തെറ്റുതിരുത്തല്‍ നടപടിക്ക് വിധേയമായി മുന്നോട്ട് പോവുകയാകും ചെയ്യുകയെന്നും ടി പി രാമകൃഷ്ണന്‍ വ്യക്തമാക്കി.

മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന സിപിഐഎം വിശാല സംസ്ഥാന കമ്മിറ്റി യോഗത്തിനാണ് ഇന്ന് കോഴിക്കോട് തുടക്കമാകുക. രാവിലെ 10 മണിക്ക് ജനറല്‍ സെക്രട്ടറി എം എ ബേബി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ സംഘടനാരേഖ അവതരിപ്പിക്കും. നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനങ്ങളുള്ള രേഖയിന്മേല്‍ നടക്കുന്ന ചര്‍ച്ചകളില്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളും പോഷക സംഘടനാ പ്രതിനിധികളും പങ്കെടുക്കും. സംസ്ഥാന സെക്രട്ടറിയേറ്റ്, സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ ചര്‍ച്ചകളില്‍ പങ്കെടുക്കില്ല.

Content Highlights: Elamaram Kareem and TP Ramakrishnan said the Enforcement Directorate’s move against Pinarayi Vijayan will be discussed at the party’s extended state committee meeting. The development is expected to feature in the party’s internal discussions.

To advertise here,contact us