'കേന്ദ്ര അജണ്ട നടപ്പാക്കുന്ന പദ്ധതിയെങ്കിൽ അംഗീകരിക്കില്ല'; പിഎം ശ്രീയെ എതിർത്ത് യൂത്ത് ലീഗ്

പിഎം ശ്രീ കേരളത്തില്‍ നടപ്പാക്കില്ലെന്നാണ് ഇപ്പോഴും പ്രതീക്ഷിക്കുന്നതെന്നും യൂത്ത് ലീഗ്

ദുബായ്: സംസ്ഥാനത്ത് പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതിനെതിരെ മുസ്‌ലിം യൂത്ത് ലീഗ്. പദ്ധതി നടപ്പാക്കരുതെന്നും കേവലം ഫണ്ടിന് അപ്പുറം കേന്ദ്ര അജണ്ട നടപ്പാക്കുന്നതാണ് പദ്ധതിയെങ്കില്‍ അംഗീകരിക്കില്ലെന്നും യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ മുനവറലി ശിഹാബ് തങ്ങള്‍ ദുബായില്‍ പറഞ്ഞു. ഇക്കാര്യത്തില്‍ വിദ്യാഭ്യാസ മന്ത്രിക്ക് വ്യക്തത കുറവില്ലെന്നും അദ്ദേഹം പറഞ്ഞു. പിഎം ശ്രീ കേരളത്തില്‍ നടപ്പാക്കില്ലെന്നാണ് ഇപ്പോഴും പ്രതീക്ഷിക്കുന്നതെന്നും മന്ത്രിസഭ ഉപസമിതിയില്‍ പ്രായോഗികമായ കാര്യങ്ങളാകാം പരിശോധിക്കുന്നതെന്നും റിപ്പോര്‍ട്ടിനായി കാത്തിരിക്കുക ആണെന്നും അദ്ദേഹം പറഞ്ഞു.

പദ്ധതി കേരളത്തില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് മുസ്‌ലിം ലീഗ് വിദ്യാര്‍ത്ഥി സംഘടനയായ എംഎസ്എഫും മുമ്പും പ്രതികരിച്ചിരുന്നു. ഭരണം മാറുന്നത് അനുസരിച്ച് നിലപാട് മാറില്ലെന്നും പിഎംശ്രീ കേരളത്തില്‍ നടപ്പിലാക്കാന്‍ ഒരു സര്‍ക്കാരും വ്യാമോഹിക്കേണ്ടതില്ലെന്നുമായിരുന്നു സംസ്ഥാന അധ്യക്ഷന്‍ ഫറഫുദ്ദീന്‍ പിലാക്കല്‍ എംഎസ്എഫ് ലീഡേഴ്‌സ് മീറ്റില്‍ പറഞ്ഞത്.

പിഎം ശ്രീ നടപ്പാക്കുന്നതില്‍ കെപിസിസി ഭാരവാഹി യോഗത്തിലും എതിര്‍പ്പ് ഉയര്‍ന്നിരുന്നു. തെരഞ്ഞെടുപ്പ് വിജയത്തിന് കാരണം പദ്ധതിയോടുള്ള നിലപാടായിരുന്നുവെന്നും അതിനാല്‍ അത് നടപ്പിലാക്കരുതെന്നുമാണ് യോഗത്തില്‍ ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ പിഎം ശ്രീ മാത്രമല്ല തെരഞ്ഞെടുപ്പ് വിജയത്തിന് കാരണമെന്നും പദ്ധതിയില്‍ നിന്നും പിന്‍മാറാന്‍ കഴിയില്ലെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. കേന്ദ്രത്തിന് മുന്നില്‍ ഉപാധികള്‍ വയ്ക്കുമെന്നും മറ്റ് സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ പദ്ധതി നടപ്പാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

അതേസമയം പിഎം ശ്രീ നടപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് മേല്‍ വീണ്ടും കേന്ദ്രം സമ്മര്‍ദ്ദം ചെലുത്തുകയാണ്. പദ്ധതിയുടെ ഭാഗമായി തുടരണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരുന്നു. ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കണമെന്നും കേരളം ഇതിനകം ധാരണാപത്രം ഒപ്പിട്ടതാണെന്നുമാണ് കത്തിലുള്ളത്. യുഡിഎഫ് അധികാരത്തില്‍ വന്നതിന് ശേഷമുള്ള രണ്ടാമത്തെ കത്താണിത്. ഉപസമിതിയുടെ നടപടികള്‍ വേഗത്തിലാക്കണമെന്നും വിദ്യാര്‍ത്ഥികളുടെ താത്പര്യം സംരക്ഷിക്കണമെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Content Highlights: Muslim Youth League has expressed opposition to the PM SHRI scheme, stating that it will not support the project if it is intended to implement a central government agenda. The organization made its position clear regarding the scheme and its implementation.

To advertise here,contact us