പുനലൂര്‍ പത്മ കഫേ ഉദ്ഘാടനത്തില്‍ നിന്ന് വിട്ടുനിന്ന് ജി സുകുമാരന്‍ നായര്‍

സുകുമാരന്‍ നായര്‍ വിട്ടുനിന്നത് ആരോഗ്യ പ്രശ്നങ്ങള്‍ അലട്ടുന്നതിനാലാണെന്നാണ് സംഘാടകരുടെ വിശദീകരണം

കൊല്ലം: കൊല്ലം പുനലൂര്‍ പത്മ കഫേ ഉദ്ഘാടന ചടങ്ങില്‍ നിന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ വിട്ടുനിന്നു. പകരം എന്‍എസ്എസ് രജിസ്ട്രാര്‍ ഡോ. കെ ബി ജഗദീഷ് പത്മ കഫെയുടെ ഉദ്ഘാടനം ചെയ്തു. കെ ബി ഗണേഷ്‌കുമാറുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് സുകുമാരന്‍ നായരുടെ പിന്‍മാറ്റമെന്നാണ് സൂചന.

സുകുമാരന്‍ നായര്‍ വിട്ടുനിന്നത് ആരോഗ്യ പ്രശ്നങ്ങള്‍ അലട്ടുന്നതിനാലാണെന്നാണ് സംഘാടകരുടെ വിശദീകരണം. എന്നാല്‍ കെ ബി ഗണേഷ് കുമാര്‍ താലൂക്ക് പ്രസിഡന്റായായിരുന്നപ്പോഴാണ് പത്മ കഫേയ്ക്കുള്ള കെട്ടിടം നിര്‍മ്മിച്ചത്. എന്നാല്‍ ഗണേഷ്‌കുമാറിന് ചടങ്ങിലേക്ക് ക്ഷണമില്ലായിരുന്നു. പത്മ കഫേ യാഥാര്‍ഥ്യമാക്കിയ ഗണേഷ്‌കുമാറിനെ അഭിനന്ദിച്ചുകൊണ്ട് പലയിടത്തും ഫ്‌ളക്‌സുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

പുനലൂര്‍ പത്മ കഫേയുടെ ഉദ്ഘാടനവിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് ഗണേഷ്‌കുമാര്‍ പ്രതികരിച്ചിരുന്നു. താന്‍ എന്‍എസ്എസ് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് ആയിരുന്ന സമയത്ത് പൂര്‍ണ്ണമായും പത്മ കഫേയുടെ പണി കഴിപ്പിച്ചിരുന്നുവെന്നും ഇപ്പോഴെങ്കിലും ഉദ്ഘാടനം ചെയ്യപ്പെടുമ്പോള്‍ സന്തോഷമുണ്ടെന്നുമായിരുന്നു കെ ബി ഗണേഷ് കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

'പത്മാ കഫേ യുടെ നിര്‍മ്മാണത്തിന് വേണ്ടി ചിലവഴിക്കപ്പെട്ട യഥാര്‍ത്ഥ തുക എത്രയാണ് എന്നുള്ളത് ഞാന്‍ രണ്ടു ദിവസം മുന്‍പ് പ്രാദേശിക മാധ്യമ പ്രവര്‍ത്തകരെ കണ്ടപ്പോള്‍ ബാങ്ക് രേഖകളുടെ ആധികാരികയോടെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു.അത് മറച്ചുവച്ചുകൊണ്ടാണ് തെരഞ്ഞെടുപ്പ് സമയത്ത് എനിയ്‌ക്കെതിരെ വ്യാജപ്രചാരണം ഉന്നയിച്ച് രാഷ്ട്രീയ ഗൂഢാലോചന നടപ്പിലാക്കിയത് എന്നുള്ളതും ഓര്‍ക്കേണ്ടതുണ്ട്. സത്യവുമായി യാതൊരു ബന്ധവുമില്ലാത്ത കള്ള കണക്കുകള്‍ പ്രചരിപ്പിച്ച് എനിയ്‌ക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചിട്ട് യാതൊരു ലജ്ജയുമില്ലാതെ കഫേയുടെ മനോഹരമായ പൂര്‍ത്തീകരണത്തിന്റെ പിതൃത്വം ഏറ്റെടുക്കുന്നത് കാണുമ്പോള്‍ അഭിമാന ബോധത്തോടെ ഞാന്‍ ആശംസകള്‍ നേരുന്നു' എന്നും മുന്‍ മന്ത്രി ചൂണ്ടിക്കാട്ടുകയുണ്ടായി.

Content Highlights: NSS General Secretary G Sukumaran Nair did not attend the inauguration ceremony of Padma Cafe in Punalur, Kollam

To advertise here,contact us