മലപ്പുറത്ത് ആറുവരി പാതയില്‍ തെറ്റായ ദിശയില്‍ കാറോടിച്ച സംഭവം; കേസെടുത്ത് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ

ഹോണ്ട ക്രെറ്റ വാഹനമാണ് നിയമലംഘനം നടത്തിയത്

മലപ്പുറം: മലപ്പുറം കൊളപ്പുറത്ത് ദേശീയപാതയില്‍ തെറ്റായ ദിശയില്‍ കാറോടിച്ച സംഭവത്തില്‍ കേസെടുത്ത് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ. ഡ്രൈവറുടെ ലൈസന്‍സ് റദ്ദ് ചെയ്യുന്നത് അടക്കമുള്ള നടപടികളിലേക്ക് നീങ്ങാനാണ് തീരുമാനം. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പുതിയ ദേശീയപാത തുറന്നതിന് പിന്നാലെ മലപ്പുറത്ത് അപകടങ്ങളും തുടര്‍ക്കഥയാവുകയാണെന്ന വിമർശനങ്ങൾക്കിടെയാണ് പുതിയ സംഭവം. ദേശീയപാതയില്‍ സ്പീഡ് ട്രാക്കിലൂടെ കാർ കടന്നുപോകുന്നതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്കാണ്. ഹോണ്ട ക്രെറ്റ വാഹനമാണ് നിയമലംഘനം നടത്തിയത്.

കഴിഞ്ഞ ഞായറാഴ്ച മലപ്പുറം ദേശീയപാതയിൽ അപകടകരമായ രീതിയിൽ നിയമലംഘനം നടത്തിയതിന് ഒരു ബസിനെതിരെ നടപടി സ്വീകരിച്ചിരുന്നു. തെറ്റായദിശയില്‍ ബസ് പിറകോട്ട് എടുക്കുകയായിരുന്നു. സംഭവത്തില്‍ കോട്ടയ്ക്കല്‍ പൊലീസാണ് കേസെടുത്തത്. കോട്ടയ്ക്കല്‍ സ്വാഗതമാടില്‍ ആറുവരി പാതയിലായിരുന്നു സ്വകാര്യ കോണ്‍ട്രാക്ട് കാരിയേജ് ബസ് അപകടകരമായ രീതിയില്‍ പിറകോട്ട് ഓടിച്ചത്. രാത്രി എട്ടുമണിയോടെ ആയിരുന്നു സംഭവം. എക്‌സിറ്റ് പോയിന്റ് കഴിഞ്ഞ് മുന്നോട്ട് പോയ ബസ് ദേശീയപാതയില്‍ നിന്ന് പുറത്തിറങ്ങാന്‍ റിവേഴ്‌സ് എടുക്കുകയായിരുന്നു. നാട്ടുകാര്‍ ചോദ്യം ചെയ്യുകയും ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തതോടെയാണ് ജീവനക്കാര്‍ ബസ് പിന്നോട്ട് എടുക്കുന്നത് നിര്‍ത്തിയത്.

Content Highlights: The Enforcement RTO has registered a case over an incident in which a car was driven in the wrong direction on a six lane road in Malappuram. The action follows the reported traffic violation on the highway. Authorities have initiated proceedings in connection with the incident.

To advertise here,contact us