തിരുവനന്തപുരം: ചിറയിന്‍കീഴ് കയ്യാങ്കളിക്കേസില്‍ രമ്യാ ഹരിദാസ് എംഎല്‍എയ്ക്കെതിരെ കടുത്ത നടപടി ഉണ്ടാകില്ല. രമ്യാ ഹരിദാസിനെ പരസ്യമായി താക്കീത് ചെയ്തേക്കും. അന്വേഷണസമിതി റിപ്പോര്‍ട്ട് ഉടന്‍ പാര്‍ട്ടി നേതൃത്വത്തിന് കൈമാറും. സമിതി അധ്യക്ഷന്‍ എംഎം ഹസന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫുമായി കൂടിക്കാഴ്ച നടത്തും.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി കൂടിയായ കയ്യാങ്കളിയുടെ ഭാഗമായ സജിത് മുട്ടപ്പാലത്തിന് എതിരെയും നടപടി കടുപ്പിക്കില്ല. നിലവില്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാവായ സജാദിനെയും പാളയം പ്രദീപിനെയുമാണ് പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. നടപടി ഇവരില്‍ ഒതുങ്ങുമെന്നാണ് വിവരം.
കയ്യാങ്കളി വിവാദത്തില്‍ അന്വേഷണ കമ്മീഷന് മുന്നില്‍ ഹാജരാകാന്‍ ആദ്യഘട്ടത്തില്‍ രമ്യാ ഹരിദാസ് തയ്യാറായിരുന്നില്ല. പാലക്കാട് ആയിരുന്ന രമ്യാ ഹരിദാസ് നടപടി ചര്‍ച്ചയായതോടെ ചൊവ്വാഴ്ച മുതല്‍ മണ്ഡലത്തില്‍ സജീവമാവുകയും ഇന്നലെ എംഎം ഹസ്സനെ കാണുമെന്ന് മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തിരുന്നു. എല്ലാം പാര്‍ട്ടി പറയും എന്നായിരുന്നു വിഷയത്തില്‍ രമ്യാ ഹരിദാസ് പ്രതികരിച്ചത്.
കഴിഞ്ഞയാഴ്ചയായിരുന്നു ചിറയിന്‍കീഴില്‍ രമ്യാ ഹരിദാസ് എംഎല്‍എയും പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളും തമ്മില്‍ വാക്കുതര്‍ക്കവും കയ്യാങ്കളിയും ഉണ്ടായത്. എംഎല്‍എ, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്ത ഔദ്യോഗിക യോഗത്തില്‍ എംഎല്‍എയുടെ പിഎ ആയ പാളയം പ്രദീപ് പങ്കെടുത്തതാണ് തര്‍ക്കത്തിന്റെ തുടക്കം. പ്രദീപ് യോഗത്തില്‍ പങ്കെടുക്കുകയും ചില കരാറുകാര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തതില്‍ പ്രാദേശിക തലത്തില്‍ എതിര്‍പ്പ് ഉണ്ടായിരുന്നു. യോഗത്തില്‍ പങ്കെടുക്കുന്ന പ്രദീപിന്റെ ദൃശ്യങ്ങള്‍ എംഎല്‍എ തന്നെ പിന്നീട് വാട്സ്ആപ്പ് ഗ്രൂപ്പില്‍ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് ആയ സജാദ് ഗ്രൂപ്പില്‍ സന്ദേശം അയക്കുകയായിരുന്നു. പിന്നാലെ രാത്രി രമ്യാ ഹരിദാസും സംഘവും സജാദിന്റെ വീട്ടിലെത്തുകയായിരുന്നു. സജാദിന്റെ മകളെക്കൊണ്ട് ഫോണിലെ സന്ദേശങ്ങള്‍ വായിപ്പിക്കാന്‍ ശ്രമിച്ചെന്ന് ഇവര്‍ ആരോപിച്ചിരുന്നു. വിവരമറിഞ്ഞ് ജില്ലാ പഞ്ചായത്ത് അംഗവും വാട്സാപ് ഗ്രൂപ്പ് അഡ്മിനുമായ സജിത് മുട്ടമ്പലം അടക്കമുള്ളവര്‍ സ്ഥലത്തെത്തി. ഇതോടെയാണ് തര്‍ക്കം കയ്യാങ്കളിയിലേക്കു നീങ്ങിയത്.
Content Highlights: No strict action is likely to be taken against MLA Ramya Haridas in connection with the Chirayinkeezhu clash case