ഉദ്യോഗസ്ഥരെ ആക്രമിച്ചതില്‍ PMLA നിയമപ്രകാരം കേസെടുത്ത് ഇ ഡി; അന്വേഷണം CPIM നേതാക്കളിലേക്കും

കൂടുതല്‍ തെളിവ് ശേഖരണത്തിന് ശേഷം പ്രതികള്‍ക്ക് സമന്‍സ് അയക്കാനാണ് ഇ ഡി നീക്കം

കൊച്ചി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീട്ടില്‍ പരിശോധനയ്‌ക്കെത്തിയ തങ്ങളുടെ ഉദ്യോഗസ്ഥരെ ആക്രമിച്ചതില്‍ കേസെടുത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്. പിഎംഎല്‍എ നിയമപ്രകാരമാണ് ഇ ഡി കേസെടുത്തിരിക്കുന്നത്. ആക്രമണത്തിന് പിന്നിലെ ഗൂഢാലോചനയും സാമ്പത്തിക ഇടപാടുകളും വിശദമായി അന്വേഷിക്കാനാണ് ഇ ഡി തീരുമാനം. നിലവില്‍ പൊലീസ് എടുത്ത കേസിലെ പ്രതികളായ 27 പേരെയും ഇ ഡി കേസിലും പ്രതി ചേര്‍ത്തു. വധശ്രമക്കേസില്‍ പിഎംഎല്‍എ ചുമത്തുന്നത് ആദ്യമായാണ്.

കൂടുതല്‍ തെളിവ് ശേഖരണത്തിന് ശേഷം പ്രതികള്‍ക്ക് സമന്‍സ് അയക്കാനാണ് ഇ ഡി നീക്കം. സംഭവത്തില്‍ ഇ ഡിയുടെ അന്വേഷണം സിപിഐഎം നേതാക്കളിലേക്കും നീളും. ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികള്‍ സിഎംആര്‍എല്‍-എക്‌സാലോജിക് കേസിലെ പ്രതികളെ സഹായിക്കുകയായിരുന്നുവെന്നാണ് ഇ ഡി നിരീക്ഷണം. കുറ്റകൃത്യത്തില്‍ നിന്നും സമ്പാദിച്ചെന്ന് സംശയിക്കുന്ന പണം കണ്ടെത്താനുള്ള അന്വേഷണത്തെ പ്രതികള്‍ തടസ്സപ്പെടുത്തുകയായിരുന്നുവെന്നും ഇ ഡി സംശയിക്കുന്നു.

സിഎംആര്‍എല്‍-എക്‌സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാട് കേസില്‍ മെയ് 27ന് പിണറായി വിജയന്റെ വീട്ടില്‍ പരിശോധന നടത്തി മടങ്ങുന്ന ഇ ഡി ഉദ്യോഗസ്ഥരുടെ വാഹനമാണ് പ്രതിഷേധക്കാര്‍ അടിച്ചുതകര്‍ത്തത്. ഇ ഡി പിണറായി വിജയനെ രാഷ്ട്രീയമായി ആക്രമിക്കുകയാണെന്നാരോപിച്ച് സിപിഐഎം പ്രവര്‍ത്തകര്‍ വീടിനു മുന്നില്‍ തടിച്ചുകൂടിയിരുന്നു. തുടര്‍ന്ന് റെയ്ഡ് കഴിഞ്ഞു പുറത്തിറങ്ങിയ ഇഡി ഉദ്യോഗസ്ഥരുടെ വാഹനം സിപിഐഎം പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു.

Content Highlights: Enforcement Directorate has registered a case over the alleged attack on its officials who arrived for an inspection at Pinarayi Vijayan’s residence in Thiruvananthapuram

To advertise here,contact us