മുഖ്യമന്ത്രിക്ക് എതിരായ ലേഖനം: 'ആ കോളം പത്രത്തിൻ്റെ അഭിപ്രായമോ നയമോ അല്ല'; വിശദീകരണവുമായി സുപ്രഭാതം എഡിറ്റർ

'മര്യാദയ്ക്ക് സംസാരിക്കണം' എന്ന തലക്കെട്ട് പത്രത്തിന്റെ ഭാഷയോ നിലപാടോ അല്ലെന്നും മാനേജിങ് എഡിറ്റര്‍ ടി പി ചെറൂപ്പ

കോഴിക്കോട്: സമസ്ത മുഖപത്രം സുപ്രഭാതത്തിലെ 'മര്യാദക്ക് സംസാരിക്കണം' ലേഖനത്തില്‍ വിശദീകരണവുമായി മാനേജിങ് എഡിറ്റര്‍ ടി പി ചെറൂപ്പ. ആ കോളം പത്രത്തിന്റെ അഭിപ്രായമോ നയമോ അല്ലെന്നാണ് മാനേജിങ് എഡിറ്ററുടെ വിശദീകരണം.വ്യക്തിവിചാരമെന്ന കോളം എഡിറ്റോറിയലായി തെറ്റിദ്ധരിക്കപ്പെട്ടുവെന്നും ടി പി ചെറൂപ്പ് ചൂണ്ടിക്കാട്ടി. തലക്കെട്ട് മുഖ്യമന്ത്രിയുടെ വാക്ക് ഉദ്ധരിക്കുക മാത്രമാണ് ചെയ്തതെന്നും ടി പി ചെറൂപ്പ് പറഞ്ഞു.

'മര്യാദയ്ക്ക് സംസാരിക്കണം' എന്ന തലക്കെട്ട് പത്രത്തിന്റെ ഭാഷയോ നിലപാടോ അല്ലെന്നും അദ്ദേഹം പറഞ്ഞു. സാധാരണ എഡിറ്റോറിയൽ പ്രത്യക്ഷപ്പെടുന്ന സ്ഥലത്ത് വ്യക്തി വിചാരം വന്നതാണ് തെറ്റിദ്ധാരണക്ക് കാരണമായതെന്നും ടി പി ചെറൂപ്പ് വ്യക്തമാക്കി. മുഖ്യമന്ത്രിയെ വിമര്‍ശിച്ചത് സമസ്തയില്‍ കടുത്ത ഭിന്നാഭിപ്രായത്തിന് കാരണമായിരുന്നു. ഇതിനിടെയാണ് വിശദീകരണം വന്നിരിക്കുന്നത്.

സമസ്ത മുഖപത്രം സുപ്രഭാതത്തിൽ കാന്തപുരത്തെ തള്ളിയ മുഖ്യമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയർന്നിരുന്നു . 'മര്യാദയ്ക്ക് സംസാരിക്കണം' എന്ന തലക്കെട്ടോടെയാണ് സതീശനെതിരെ സമസ്ത മുഖപത്രത്തിലെ എഡിറ്റോറിയല്‍ ഇറക്കിയത്. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയെ തടഞ്ഞ ഡിസിസി അംഗം ചേന്തി അനിലും മുഖ്യമന്ത്രിയും തമ്മിലുണ്ടായ തര്‍ക്കം വിശദീകരിച്ചായിരുന്നു മുഖപ്രസംഗം തുടങ്ങുന്നത്. കൊണ്ടും കൊടുത്തുമാണ് സതീശന്‍ മുഖ്യമന്ത്രി കസേരയില്‍ എത്തിയതെന്ന് സുപ്രഭാതത്തിൽ പറഞ്ഞിരുന്നു.

Content Highlights: Supprabhatam editor clarified that the article concerning the Chief Minister does not represent the newspaper's opinion or editorial policy.

To advertise here,contact us