പാലക്കാട്: കോണ്‍ഗ്രസ് അന്വേഷണ കമ്മീഷന് മുന്നില്‍ കള്ളം പറഞ്ഞെന്ന ആരോപണത്തില്‍ മറുപടിയുമായി രമ്യ ഹരിദാസ്. താന്‍ ഡല്‍ഹിയില്‍ പോയിട്ടില്ലെന്ന് സമ്മതിച്ച രമ്യ, ടിക്കറ്റ് എടുത്തിരുന്നുവെന്നും ശാരീരിക ബുദ്ധിമുട്ടുകള്‍ മൂലമാണ് പോകാതിരുന്നതെന്നുമാണ് വിശദീകരിച്ചത്. ഡിസിസി അധ്യക്ഷന്റെ മകളുടെ വിവാഹത്തിനായാണ് പാലക്കാട് എത്തിയതെന്നും രമ്യ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു. മാധ്യമങ്ങള്‍ തന്നെ വേട്ടയാടുകയാണെന്ന് ആരോപിച്ച രമ്യ, ചിറയിന്‍കീഴിലെ പ്രശ്നം പറഞ്ഞ് തീര്‍ക്കാവുന്നതാണെന്നും കൂട്ടിച്ചേര്‍ത്തു.
ചിറയിന്‍കീഴിലെ തമ്മിലടി അന്വേഷിക്കാന്‍ പാര്‍ട്ടി നിയോഗിച്ച അച്ചടക്ക സമിതിക്ക് മുമ്പില്‍ രമ്യ ഹരിദാസ് ഇന്നലെ ഹാജരായിരുന്നില്ല. ഫോണിലൂടെയായിരുന്നു മൊഴി നല്‍കിയത്. രമ്യ ഹരിദാസ് ഡല്‍ഹിയില്‍ ആണെന്നായിരുന്നു അന്വേഷണ കമ്മീഷന് അധ്യക്ഷന്‍ എം എം ഹസ്സന് ഇന്നലെ പ്രതികരിച്ചത്. എന്നാല്‍ രമ്യ ഇന്നലെ പാലക്കാട് ഉണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ അടക്കം പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്. പാലക്കാട് വെച്ച് കെ സി വേണുഗോപാലുമായും രമ്യ കുടിക്കാഴ്ച നടത്തിയിരുന്നു. ഡിസിസി അധ്യക്ഷന്‍ എ തങ്കപ്പന്റെ വീട്ടിലെ ചടങ്ങില്‍ പങ്കെടുക്കാനായാണ് രമ്യ പാലക്കാട് എത്തിയത്. ഔദ്യോഗിക വാഹനത്തിന് പകരം സ്വകാര്യ വാഹനത്തിലാണ് എത്തിയത്.
ചിറയിന്‍കീഴിലെ കയ്യാങ്കളിയില്‍ എം എം ഹസ്സന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു അന്വേഷണം നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ പാളയം പ്രദീപിനെയും സജാദിനെയും പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തിരുന്നു. സംഭവം പൊതുജനമധ്യത്തില്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയതായി കണ്ടെത്തിയിരുന്നു. ചിറയിന്‍കീഴിലെ സംഭവത്തില്‍ കെപിസിസിക്ക് കടുത്ത അതൃപ്തിയുണ്ടായിരുന്നു. രണ്ട് വാദങ്ങള്‍ ഉയര്‍ന്നതോടെയായിരുന്നു അന്വേഷണത്തിന് പ്രത്യേക സമിതിയെ നിയോഗിച്ചത്.
അതേസമയം രമ്യാ ഹരിദാസിനെതിരെ നടപടി എടുക്കാത്തത്തില്‍ കടുത്ത അതൃപ്തിയിലാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍. രമ്യ ഹരിദാസിന്റേത് പക്വതയില്ലാത്ത നിലപാടെന്നാണ് നേതാക്കള്‍ വിമര്‍ശിക്കുന്നത്. രമ്യക്കെതിരെ കര്‍ശന നടപടി വേണമെന്നാണ് ആവശ്യം. രമ്യ എന്തിനാണ് രാത്രി സജാദിന്റെ വീട്ടില്‍ പോയതെന്ന് ഇവര്‍ ചോദിക്കുന്നു. എന്നിട്ടും രമ്യയെ ഒഴിവാക്കി കെപിസിസി നടപടിയെടുത്തു. രമ്യാ ഹരിദാസിനെതിരെ കര്‍ശന നടപടി വേണമെന്ന് സജാദിനെ അനുകൂലിക്കുന്നവരും ആവശ്യപ്പെടുന്നുണ്ട്.
കെപിസിസി ജനറല്‍ സെക്രട്ടറി സജാദിന്റെ വീട്ടില്‍ വെച്ചായിരുന്നു രമ്യ ഹരിദാസ് എംഎല്‍എയും മറ്റ് പ്രവര്‍ത്തകരും തമ്മില്‍ അടിയുണ്ടായത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. പ്രാദേശിക നേതാക്കള്‍ മര്‍ദ്ദിച്ചെന്ന് രമ്യയും, എംഎല്‍എ അടിച്ചതായി പഞ്ചായത്തംഗം സജിത്ത് മുട്ടപ്പാലവും ആരോപിക്കുകയായിരുന്നു. സംഭവത്തില്‍ വിശദീകരണവുമായി രമ്യയും സജിത്തും രംഗത്തെത്തിയിരുന്നു.
Content Highlights: Ramya Haridas has responded to allegations that she gave false information before the Congress inquiry commission.