വി ഡി സതീശന് പിന്തുണയുമായി ബിജെപി; മുസ്‌ലിം ലീഗിന്റെ ഭീഷണി അംഗീകരിക്കാനാവില്ലെന്ന് രാജീവ് ചന്ദ്രശേഖർ

'മുഖ്യമന്ത്രി മറുപടി പറയേണ്ടത് ജനങ്ങളോടാണ്. ഭരണം ഭരണഘടനയ്ക്കും നിയമവാഴ്ചയ്ക്കും വിധേയമായിരിക്കണം'

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന് പിന്തുണയുമായി ബിജെപി. മുസ്‌ലിം ലീഗ് മുഖ്യമന്ത്രിയെ പരസ്യമായി ഭീഷണിപ്പെടുത്തുന്നുവെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഫേസ്ബുക്കില്‍ കുറിച്ചു. വര്‍ഗീയശക്തികളുടെ ഭീഷണി അംഗീകരിക്കാനാവില്ല, രാഷ്ട്രീയ വിയോജിപ്പുകള്‍ സ്വാഭാവികമാണെന്നും എന്നാല്‍ ഭീഷണിയുടെ രാഷ്ട്രീയം എതിര്‍ക്കുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

സ്ത്രീകളുടെ അവകാശങ്ങളെ പിന്തുണച്ചുകൊണ്ട് ലളിതമായ ഒരു പ്രസ്താവന നടത്താന്‍ പോലും ഇന്ന് മുഖ്യമന്ത്രി വിഡി സതീശന് സാധിക്കുന്നില്ല. എന്തുകൊണ്ടാണ് ഇത്?. കാരണം, മുസ്‌ലിം ലീഗിനെയും തീവ്രവാദ സംഘടനകളെയും പ്രീണിപ്പിച്ചാല്‍ മാത്രമേ തന്റെ സര്‍ക്കാരിന് നിലനില്‍പ്പുള്ളൂ എന്ന ഭയമാണ് ഇതിന് പിന്നില്‍. ഇത്തരം സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയാണ് പിഎം ശ്രീ, ആയുഷ്മാന്‍ ഭാരത് ഉള്‍പ്പെടെയുള്ള സുപ്രധാന കേന്ദ്ര പദ്ധതികളില്‍ നിന്ന് കേരള സര്‍ക്കാര്‍ പിന്മാറുന്നത്. ഇത് സംസ്ഥാനത്തിന്റെ വികസനത്തിന് വലിയ തടസ്സം സൃഷ്ടിക്കുന്നുണ്ടെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

മുഖ്യമന്ത്രി മറുപടി പറയേണ്ടത് ജനങ്ങളോടാണ്. ഭരണം ഭരണഘടനയ്ക്കും നിയമവാഴ്ചയ്ക്കും വിധേയമായിരിക്കണം. തീവ്രവാദ ആശയങ്ങള്‍ ഭരണകൂടത്തെ നിയന്ത്രിക്കുന്നത് അപകടകരമാണെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തുന്നതും സമ്മര്‍ദ്ദത്തിലാക്കുന്നതും ഒട്ടും അംഗീകരിക്കാനാവില്ല. ഭരണഘടനയോ നിയമവാഴ്ചയോ അല്ല, മറിച്ച് തങ്ങളുടെ കല്‍പ്പനകളാണ് സംസ്ഥാനം എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് തീരുമാനിക്കേണ്ടതെന്ന് വിശ്വസിക്കുന്ന മുസ്ലിം ലീഗും അതിന്റെ ഘടകങ്ങളും കേരള മുഖ്യമന്ത്രിയെ പരസ്യമായി ഭീഷണിപ്പെടുത്തുന്നത് അത്യന്തം ആശങ്കാജനകമാണ്.

സ്ത്രീകളുടെ അവകാശങ്ങളെ പിന്തുണച്ചുകൊണ്ട് ലളിതമായ ഒരു പ്രസ്താവന നടത്താന്‍ പോലും ഇന്ന് മുഖ്യമന്ത്രി വിഡി സതീശന് സാധിക്കുന്നില്ല. എന്തുകൊണ്ടാണ് ഇത്? കാരണം, മുസ്ലിം ലീഗിനെയും തീവ്രവാദ സംഘടനകളെയും പ്രീണിപ്പിച്ചാല്‍ മാത്രമേ തന്റെ സര്‍ക്കാരിന് നിലനില്‍പ്പുള്ളൂ എന്ന ഭയമാണ് ഇതിന് പിന്നില്‍.

ഇത്തരം സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയാണ് പി.എം. ശ്രീ, ആയുഷ്മാന്‍ ഭാരത് ഉള്‍പ്പെടെയുള്ള സുപ്രധാന കേന്ദ്ര പദ്ധതികളില്‍ നിന്ന് കേരള സര്‍ക്കാര്‍ പിന്മാറുന്നത്. ഇത് സംസ്ഥാനത്തിന്റെ വികസനത്തിന് വലിയ തടസ്സം സൃഷ്ടിക്കുന്നു.

ഒരു വശത്ത് മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി നിശബ്ദനാക്കുമ്പോള്‍, മറുവശത്ത് പോലീസ് കേസുകള്‍ പിന്‍വലിക്കാന്‍ ആഭ്യന്തരമന്ത്രിയോട് ആജ്ഞാപിക്കുന്നു. മുഖ്യമന്ത്രി സതീശനോടും കോണ്‍ഗ്രസിനോടും ഞങ്ങള്‍ക്ക് കടുത്ത വിയോജിപ്പുണ്ട്. ഒരു ജനാധിപത്യത്തില്‍ രാഷ്ട്രീയപരമായ വിയോജിപ്പുകള്‍ സ്വാഭാവികമാണ്; എന്നാല്‍ വര്‍ഗീയ ശക്തികളുടെ ഭീഷണി അംഗീകരിക്കാനാവില്ല. അധികാരത്തിന് വേണ്ടി വര്‍ഗീയ ശക്തികളുടെ നിയന്ത്രണത്തിലായ ഒരു നേതൃത്വം കേരളത്തെ എങ്ങോട്ടാണ് നയിക്കുന്നത് എന്ന് ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകനും ആത്മപരിശോധന നടത്തണം. തീവ്രവാദ ആശയങ്ങള്‍ ഭരണകൂടത്തെ വരുതിയിലാക്കാന്‍ അനുവദിക്കുന്നത് ഓരോ മലയാളിയുടെയും സുരക്ഷയെ അപകടത്തിലാക്കുന്ന വിനാശകരമായ നീക്കമാണ്.

ഞങ്ങള്‍ ഈ മുഖ്യമന്ത്രിയെ പിന്തുണയ്ക്കുന്നില്ല; ഒപ്പം ഈ ഭയപ്പെടുത്തലിന്റെ രാഷ്ട്രീയത്തെ ശക്തമായി എതിര്‍ക്കുകയും ചെയ്യുന്നു. കേരള സര്‍ക്കാര്‍ മറുപടി പറയേണ്ടത് ഭരണഘടനയോടും ജനങ്ങളോടുമാണ്. ഒരിക്കലും വോട്ട് ബാങ്ക് രാഷ്ട്രീയത്തോടല്ല.

Content Highlights: BJP Kerala president Rajeev Chandrasekhar has extended support to Chief Minister V D Satheesan, opposing what he described as threats from the Muslim League and warning against communal pressure influencing the state government.

To advertise here,contact us