കോഴിക്കോട്: കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ സ്ത്രീവിരുദ്ധ പ്രസ്താവനയെ പിന്തുണച്ച് സമസ്ത ഇകെ വിഭാഗം നേതാവ്നാസര് ഫൈസി കൂടത്തായി. സ്ത്രീകളെ ഉയര്‍ത്തിക്കൊണ്ടുവരാനായിരുന്നു നബിയുടെ നിര്‍ദ്ദേശം. മതപണ്ഡിതര്‍ പറയുന്ന കാര്യങ്ങള്‍ തെറ്റിദ്ധരിപ്പിക്കപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകളെ നയിക്കാന്‍ കാന്തപുരം ശ്രമിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്ക് വേണ്ടി സംസാരിക്കുന്ന വ്യക്തിയാണ് കാന്തപുരം. അദ്ദേഹത്തിന്റെ വാക്കുകള്‍ മാത്രമല്ല ചെയ്തികള്‍ കൂടി വിലയിരുത്തണമെന്നും നാസര്‍ ഫൈസി പറഞ്ഞു. ഇസ്ലാം സ്ത്രീകളെ പിന്നോട്ട് നയിക്കുന്നു എന്ന പ്രചരണം നിര്‍മ്മിച്ചെടുക്കുകയാണ്. കാന്തപുരം അറുപിന്തിരിപ്പന്‍ സമീപനം ഉള്ളയാളാണെന്ന് തോന്നുന്നില്ല. വിമര്‍ശകര്‍ സ്ത്രീകളെ രാഷ്ട്രീയത്തിനുവേണ്ടി ഉപയോഗിക്കുകയാണ്. കാന്തപുരത്തിന്റെ പ്രസംഗം അടര്‍ത്തിയെടുത്ത് പ്രചരിപ്പിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും നാസര്‍ ഫൈസി കൂടത്തായി കൂട്ടിച്ചേര്‍ത്തു.
കാന്തപുരത്തിനെതിരായ പ്രസ്താവന മുഖ്യമന്ത്രി വി ഡി സതീശന് തിരുത്തി. മുഖ്യമന്ത്രിയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. അദ്ദേഹത്തിന്റെ വിശാല ബോധത്തെ സ്വാഗതം ചെയ്യുന്നുവെന്നും സത്യം ബോധ്യപ്പെട്ടിട്ടുണ്ട്. സമസ്ത നേതാക്കള്‍ അദ്ദേഹത്തോട് കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിക്ക് ചരിത്രപരമായ കാര്യങ്ങള്‍ പറയുന്നതില്‍ ചില തെറ്റുകളുണ്ടായി. അതിനോട് വിയോജിപ്പുണ്ടെന്നും നാസര്‍ ഫൈസി കൂട്ടിച്ചേര്‍ത്തു.
സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ കാന്തപുരത്തിന് പിന്തുണയുമായി പി കെ നവാസ് എംഎല്‍എയും രംഗത്തെത്തി. കാന്തപുരം പറഞ്ഞത് അനുയായികളോടാണ്. മത നേതാവ് സംസാരിക്കുമ്പോള്‍ ആരോട് സംസാരിക്കുന്നു എന്നത് പ്രധാനമാണ്. കാന്തപുരത്തിന്റെ ജീവിതത്തെ ഒരു വരി കൊണ്ട് റദ്ദ് ചെയ്യരുതെന്നും പി കെ നവാസ് പ്രതികരിച്ചു.
നബിദിനത്തില്‍ കണ്ട ചില അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാതിരിക്കണം എന്നാണ് കാന്തപുരം പറഞ്ഞതെന്നും പി കെ നവാസ് പറഞ്ഞു. 'അദ്ദേഹം പറഞ്ഞത് സമുദായത്തോട് ആണ്. അദ്ദേഹത്തിന്റെ സര്‍ക്കുലര്‍ അംഗീകരിക്കുകയോ അംഗീകരിക്കാതിരിക്കുകയോ ചെയ്യാം. അദ്ദേഹത്തിന്റെ ജീവിതത്തെ ഒരു വരി കൊണ്ട് റദ്ദ് ചെയ്യരുത്. കാന്തപുരം ഒരുപാട് സ്ത്രീ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വ്യക്തിയാണ്. എംഎസ്എഫില്‍ മുസ്ലിം ഭാരവാഹികള്‍ ഉണ്ട്', പി കെ നവാസ് പറഞ്ഞു.
നബിദിന ആഘോഷങ്ങളില്‍ സ്ത്രീകളെ പങ്കെടുപ്പിച്ചതില്‍ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ മഹല്ലുകള്‍ക്കും മദ്രസകള്‍ക്കും നിര്‍ദ്ദേശം എന്ന നിലയില്‍ കാന്തപുരം അബൂബക്കര്‍ മുസ്ലിയാര് ഇറക്കിയ പ്രസ്താവനയാണ് വിവാദമായത്. പ്രസ്താവന വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. അന്യപുരുഷന്മാര്ക്കിടയില് വേദിയിലോ പൊതു ഇടങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുതെന്നും ആഘോഷങ്ങള്‍ അതിരുകടക്കുന്നത് തടയണമെന്നുമായിരുന്നു പ്രസ്താവനയില്‍ പറഞ്ഞത്.
Content Highlights: Nasar Faizy Koodathayi Supports Kanthapuram A P Aboobacker Musliyar’s Remarks on Women