തിരുവനന്തപുരം: ചിറയിന്‍കീഴിലെ കോണ്‍ഗ്രസുകാരുടെ തമ്മിലടിയില്‍ വിശദീകരണവുമായി കോണ്‍ഗ്രസ് ജില്ലാ പഞ്ചായത്തംഗം സജിത്ത് മുട്ടപ്പാലം. എംഎല്‍എ രമ്യ ഹരിദാസിന്റേത് അഭിനയമാണെന്നും തന്റെ കൈയ്യാണ് എംഎല്‍എ പിടിച്ച് തിരിച്ചതെന്നും സജീത് പറയുന്നു. തന്റെ കൈ പിടിച്ച് തിരിച്ചിട്ട് വിടെടാ എന്ന് ബഹളം കൂട്ടുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. എംഎല്‍എയും പാളയം പ്രദീപും രാത്രി സജാദിന്റെ വീട്ടിലേക്ക് പോകരുതായിരുന്നുവെന്നും സജിത്ത് മുട്ടപ്പാലം അഭിപ്രായപ്പെട്ടു. സജാദ് വിളിച്ചിട്ടാണ് ജനപ്രതിനിധിയെന്ന നിലയില്‍ അങ്ങോട്ടേക്ക് പോയത്. എംഎല്‍എ ഈ മട്ടില്‍ അഭിനയിക്കുമെന്ന് കരുതിയിരുന്നില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞത് മുതല്‍ പാളയം പ്രദീപ് മണ്ഡലത്തില്‍ പ്രശ്നമാണ്. പാലക്കാട്ടുകാരനായ ഇയാള്‍ മണ്ഡലത്തിലെ കാര്യങ്ങളില്‍ ഇടപെടുന്നതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നും സജിത്ത് മുട്ടപ്പാലം പറഞ്ഞു.
ചിറയിന്‍കീഴിലെ കോണ്‍ഗ്രസുകാരുടെ തമ്മിലടിയില്‍ വിശദീകരണവുമായി എംഎല്‍എ രമ്യ ഹരിദാസും രംഗത്തെത്തിയിരുന്നു. പിന്നില്‍ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണെന്നും സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ രണ്ട് വിഭാഗങ്ങളായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മത്സരിച്ചുവെന്നും രമ്യ മാധ്യമങ്ങളോട് പറഞ്ഞു. ഇതില്‍ കെപിസിസിയില്‍ പരാതി കൊടുത്തിരുന്നുവെന്നും രണ്ട് വിഭാഗങ്ങളോടും താന്‍ സഹകരിച്ചില്ലെന്നും എംഎല്‍എ പറഞ്ഞു. വിഷയത്തിൽ പാര്‍ട്ടി കൃത്യമായ ഇടപെടല്‍ നടത്തുമെന്ന് വിചാരിക്കുന്നുവെന്നും രമ്യ ഹരിദാസ് പറഞ്ഞു.
അതേസമയം, ചിറയിൻകീഴിലെ കോൺഗ്രസ് നേതാക്കളുടെ തമ്മിൽ തല്ലിൽ അന്വേഷണത്തിനൊരുങ്ങുകയാണ് കെപിസിസി. രമ്യ ഹരിദാസിന്റെ പരാതിയിലാണ് അന്വേഷണം. ഇരുവിഭാഗത്തിന്റെയും പരാതികൾ കേൾക്കാനാണ് തീരുമാനം. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കും. തമ്മിൽതല്ല് നാണക്കേടെന്നാണ് വിലയിരുത്തൽ. കെപിസിസി വൈസ് പ്രസിഡന്റ് കൂടിയാണ് രമ്യ ഹരിദാസ്.
സംഭവത്തിൽ രണ്ട് കൂട്ടരുടെയും പരാതികളിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. എംഎല്‍എ നല്കിയ പരാതിയില്‍ ഏഴുപേര്‍ക്കെതിരെയാണ് കേസെടുത്തത്. ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പലം, മണ്ഡലം വൈസ് പ്രസിഡന്റ് സജാദ് എന്നിവരുള്‍പ്പെടെ പ്രതികളാണ്. സജാദും ഭാര്യയും നല്കിയ പരാതിയിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. താനും മക്കളും മാത്രമുള്ള വീട്ടിലേക്കാണ് എംഎല്‍എയുടെ നേതൃത്വത്തിലുള്ള സംഘം കയറിവന്നതെന്ന് സജാദിന്റെ ഭാര്യ സിനി റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു.
ഇന്നലെയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. കഴിഞ്ഞ ദിവസം ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തില്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം നടന്നിരുന്നു. ഇതില്‍ യോഗവുമായി ബന്ധമില്ലാത്ത പാളയം പ്രദീപ് പങ്കെടുത്തിരുന്നു. രമ്യ ഹരിദാസുമായി അടുത്ത ബന്ധമുള്ളയാളാണ് പാളയം പ്രദീപ്. ഇതിനെ ജനപ്രതിനിധികള്‍ ചോദ്യം ചെയ്യുകയും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഇതിനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിടുകയും ചെയ്തിരുന്നു. ഇതേപ്പറ്റി സംസാരിക്കുന്നതിനായി എംഎല്‍എയും പാളയം പ്രദീപും ഫേസ്ബുക്ക് പോസ്റ്റിട്ട ജനറല്‍ സെക്രട്ടറിയുടെ വീട്ടില്‍ എത്തുകയും വിഷയത്തില്‍ സംസാരമുണ്ടാവുകയും ചെയ്തു. ഇതറിഞ്ഞ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീട്ടിലെത്തുകയും എംഎല്‍എയുമായി വാക്കേറ്റമുണ്ടാവുകയുമായിരുന്നു. ഇതിന് പിന്നാലെ ഇരുകൂട്ടരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. സംഭവത്തിന് പിന്നാലെ രമ്യ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. പ്രാദേശിക നേതാക്കള്‍ മര്‍ദ്ദിച്ചെന്നായിരുന്നു രമ്യ ഹരിദാസിന്റെ ആരോപണം. രമ്യ ഹരിദാസ് അടിച്ചതായി പഞ്ചായത്തംഗവും പറഞ്ഞിരുന്നു.
Content Highlights: Sajith Muttapalam has issued an explanation regarding the internal dispute among Congress workers in Chirayinkeezhu