തിരുവനന്തപുരം: സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസലിയാരെ വിമര്‍ശിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി. സ്ത്രീ വിഷയത്തില്‍ ആര്‍എസ്എസ് തലവന്‍ പറഞ്ഞ അഭിപ്രായമാണ് കാന്തപുരം പറഞ്ഞതെന്ന് എം എ ബേബി പറഞ്ഞു. മോഹന്‍ ഭാഗവത്തിന്റെ സ്വരത്തിലാണ് കാന്തപുരം നിലപാട് വ്യക്തമാക്കിയതെന്നാണ് അദ്ദേഹം പറഞ്ഞത്. ഭരണഘടനാ മൂല്യങ്ങള്‍ക്കെതിരാണ് കാന്തപുരത്തിന്റെ പ്രസ്താവനയെന്നും ഭരണഘടന അംഗീകരിക്കാത്തത് ആവരുത് മതത്തിന്റെ പേരിലുള്ള നിലപാടുകളെന്നും എം എ ബേബി ചൂണ്ടിക്കാട്ടി. സത്രീ-പരുഷ തുല്യത ഇന്ത്യന്‍ ഭരണഘടന ഉറപ്പ് നല്ക്കുന്നതാണ്. ഏത് മതത്തിന്റെ പേരിലുള്ള വ്യാഖ്യാനമായാലും അത് ഇന്ത്യന്‍ ഭരണഘടനാ മൂല്യങ്ങളെ അംഗീകരിക്കാതിരിക്കാന്‍ പാടില്ലെന്നും എം എ ബേബി പറഞ്ഞു.
'രാജ്യത്ത് സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ നടന്നപ്പോള്‍ ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്ത് പറഞ്ഞത് സ്ത്രീകള്‍ പുറത്തിറങ്ങുന്നതാണ് കാരണമെന്നും അവര്‍ വീട്ടില്‍ അടങ്ങി ഒതുങ്ങി ഇരിക്കണം എന്നുമായിരുന്നു. ഇതിന് സമാനാമായ പരാമര്‍ശമാണ് കാന്തപുരം എ പി അബൂബക്കര്‍ മുസലിയാർ നടത്തിയത്', എം എ ബേബി പറഞ്ഞു. സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ കാന്തപുരം ആത്മ പരിശോധന നടത്തണമെന്നും എം എ ബേബി അഭിപ്രായപ്പെട്ടു.
അന്യപുരുഷന്മാര്ക്കിടയില് വേദിയിലോ പൊതു ഇടങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുതെന്നും ആഘോഷങ്ങള്‍ അതിരുകടക്കുന്നത് തടയണമെന്നുമായിരുന്നു കാന്തപുരത്തിന്റെ വിവാദ പ്രസ്താവന. മഹല്ലുകള്‍ക്കും മദ്രസകള്‍ക്കും നിര്‍ദ്ദേശം എന്ന നിലയിൽ ഇറക്കിയ പ്രസ്താവന വ്യാപക വിമർശനങ്ങൾക്കാണ് കാരണമായിരിക്കുന്നത്.
Content Highlights: CPI(M) leader M A Baby criticised Kanthapuram's remarks, alleging that they reflect the RSS chief's view and go against constitutional values.