രാഷ്ട്രീയം മാറാതെ മുന്നണി മാറാമെന്ന് കെഎൻഎ ഖാദ‍ർ; സിപിഐയെ ലക്ഷ്യമിട്ട് ചന്ദ്രികയിലെ ലേഖനം

'രാഷ്ട്രീയമായും പ്രത്യയ ശാസ്ത്രപരമായും സിപിഐഎമ്മിനെ നേരിടാൻ വേണ്ടത്ര ആയുധം സിപിഐയുടെ ആവനാഴിയിലുണ്ട്'

കോഴിക്കോട്: സിപിഐയെ വീണ്ടും ക്ഷണിച്ച് മുസ്‌ലിം ലീ​ഗ് മുഖപത്രം ചന്ദ്രിക. രാഷ്ട്രീയം മാറാതെ മുന്നണി മാറാം എന്ന തലക്കെട്ടിൽ എഴുതിയ ലേഖനത്തിൽ മുതിർന്ന ലീ​ഗ് നേതാവ് കെഎൻഎ ഖാദറാണ് സിപിഐയുടെ മുന്നണിമാറ്റം സംബന്ധിച്ച നിലപാട് പറഞ്ഞിരിക്കുന്നത്. രാജ്യസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ബാക്കി വരുന്ന 30 ഫസ്റ്റ് വോട്ടുകൾ സിപിഐയുമായി ചേർന്ന് തന്ത്രപരമായി ഉപയോ​ഗിച്ചാൽ എൽഡിഎഫിനെ നെടുകെ പിള‍ർത്താമെന്നും നിയമസഭയിൽ യുഡിഎഫിന് ഏകപക്ഷീയമായ മേൽക്കൈ ഉണ്ടാക്കാമെന്നുമാണ് ചന്ദ്രികയിലെ ലേഖനത്തിൽ കെഎൻഎ ഖാദർ പറഞ്ഞ് വെയ്ക്കുന്നത്.

പ്രതിപക്ഷ ഉപനേതാവ് കിട്ടിയില്ലെങ്കിൽ രാജ്യസഭാ സീറ്റ് സിപിഐഎമ്മിനു നഷ്ടപ്പെടുത്താൻ സിപിഐ ശ്രമിച്ചേക്കാം. 'രണ്ടു സ്ഥാനാർഥികളെ രാജ്യസഭയിലേക്ക് ജയിപ്പിച്ചാലും യുഡിഎഫിനു 30 ഫസ്റ്റ് വോട്ടുകൾ ബാക്കിവരും. എട്ടു സിപിഐ വോട്ടുകൾ പുറത്തുണ്ട്. അതു വേണ്ടവിധം പ്രയോജനപ്പെടുത്തിയാൽ യുഡിഎഫിന് ഒരാളെക്കൂടി രാജ്യസഭയിലെത്തിക്കാം. യുഡിഎഫ് ഭൂരിപക്ഷം നിയമസഭയിൽ 110 ആയി ഉയർത്തുന്നതോടെ ഏകപക്ഷീയ സാഹചര്യമാണുണ്ടാവുക. അതുവഴി എൽഡിഎഫ് മുന്നണിയെ നെടുകെ പിളർത്താം' എന്നാണ് ചന്ദ്രികയിലെ ലേഖനത്തിൽ കെഎൻഎ ഖാദർ ചൂണ്ടിക്കാണിക്കുന്നത്. 'സിപിഐ യുഡിഎഫിനോട് സഹകരിച്ചാലും അവരുടെ നിലവിലുള്ള പാർട്ടി നിലപാടുകൾക്ക് നേരിയ ക്ഷതം പോലും സംഭവിക്കില്ലെന്നും ചന്ദ്രികയിലെ ലേഖനം ചൂണ്ടിക്കാണിക്കുന്നുണ്ട്. ദേശീയ തലത്തിൽ അവരുടെ രാഷ്ട്രീയം കൂടുതൽ ഉറപ്പുള്ളതും വിശാലവും ആയിത്തിരും. സിപിഐഎം കേരള ഘടകത്തിന്റെ വീഴ്ചയുടെ ഭാരം അവർ ചുമക്കേണ്ടതായി വരികയില്ലെന്നതാണ് അവർക്ക് ഏറെ ആശ്വാസം പകരുക' എന്നാണ് ലേഖനത്തിൽ പറയുന്നത്. ദേശീയ തലത്തിൽ സിപിഐ ഉൾപ്പെടുന്ന ഇന്ത്യാ സഖ്യം വളച്ചു കെട്ടില്ലാതെ കേരളത്തിലും അവർക്ക് തുടരാമെന്നും കെഎൻഎ ഖാദ‍ർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. 'സിപിഐഎമ്മിനോട് ചേരുന്നത് അവർക്ക് കേരളത്തിൽ എത്ര ശരിയാണോ അതിലേറെ ശരിയാണ് കോൺഗ്രസുമായുള്ള സഖ്യം. രാഷ്ട്രീയ ലക്ഷ്യം മാറാതെ മുന്നണി മാറാൻ ഇന്ത്യാ സഖ്യത്തിലെ പാർട്ടികൾക്ക് സംസ്ഥാനങ്ങളിൽ സൗകര്യമുള്ള ഒരു വിശിഷ്ട കാലമാണിതെന്ന് പ്രത്യേകിച്ച് എടുത്തു പറയേണ്ടതില്ല. ചരിത്രം ഇടവേളകളിൽ ആവർത്തിക്കുമെന്നതാണ് ചരിത്രത്തിലെ ചരിത്രം. നമുക്കും കാത്തിരുന്ന് കാണാ'മെന്നും ലേഖനത്തിൽ പറയുന്നു.

ദേശീയ സംസ്ഥാന രാഷ്ട്രീയരംഗത്ത് ജനപ്രതിനിധികളുടെ കൂടുമാറ്റവും കൂറുമാറ്റവും മുന്നണി മാറ്റവുമൊന്നും പുത്തരിയല്ലെന്നും ലേഖനത്തിൽ കെഎൻഎ ഖാദർ ചൂണ്ടിക്കാണിക്കുന്നുണ്ട്. 'പാർട്ടി അംഗങ്ങൾ മുന്നണി മാറുന്നതും ഒന്നിച്ച് മത്സരിച്ച് മറ്റൊരു സഖ്യത്തിനൊപ്പം ചേരുന്നതും പുതുമയല്ലെന്ന് ബംഗാൾ മുതൽ തമിഴകം വരെ സമീപകാലത്ത് കാണിച്ചു തന്നുവെന്നും ചന്ദ്രിക പറയുന്നു.

സിപിഐക്കും സിപിഐഎമ്മിനും ഇടയിൽ കേവലം പാർലിമെൻ്ററി പദവി മാതത്രമല്ല പ്രശ്നമെന്നും ചന്ദ്രിക പറയുന്നു. രാഷ്ട്രീയമായും പ്രത്യയ ശാസ്ത്രപരമായും സിപിഐഎമ്മിനെ നേരിടാൻ വേണ്ടത്ര ആയുധം സിപിഐയുടെ ആവനാഴിയിലുണ്ട്. അണികൾക്ക് അക്കാര്യം പാർട്ടി നേതൃത്വത്തെക്കാൾ ബോധ്യമാ'ണെന്നും ലേഖനം ചൂണ്ടിക്കാണിക്കുന്നു.

1964ൽ സിപിഐയെ പിളർത്തി പുതുതായി ഉണ്ടാക്കിയ സിപിഐഎമ്മിനെ നഖശിഖാന്തം പാർട്ടി എതിർത്തുപോന്നിരുന്നു. 'പിളർപ്പിനിടയാക്കിയ കാരണങ്ങൾ അസത്യവും അബദ്ധ ജടിലവുമായിരുന്നെന്ന വാദം സിപിഐ ഉപേക്ഷിച്ചതായി അറിയില്ല. കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ഏകീകരണം എന്ന് ഇടക്കിടെ പറയുമെങ്കിലും മാതൃസംഘടനയായ സിപിഐ സിപിഐഎമ്മിലേക്ക് പോകുന്നത് ഒരിക്കലും നടക്കാത്ത സ്വപ്നം മാത്രമാണ്. സിപിഐ യുമായുള്ള ചർച്ചകളിൽ സിപിഐഎം പ്രത്യശാസ്ത്ര വാദങ്ങൾ ഉയർത്താറില്ല. അവസ രത്തിനൊത്ത് ജനങ്ങളെ ഒപ്പം നിർത്താൻ പറ്റുന്ന വാദഗതികൾ ഉയർത്തി തലയൂരുകയാണ് പതിവെ'ന്നും ചന്ദ്രികയിലെ ലേഖനം ചൂണ്ടിക്കാണിക്കുന്നു. 1978 ലെ പതിനൊന്നാം പാർട്ടി കോൺഗ്രസ് ധൃതിയിൽ മുന്നോട്ടു വെച്ച ഒരു നിലപാടാണ് സിപി ഐയെ അബദ്ധത്തിൽ ചാടിച്ചത്. അവരോടൊപ്പം നിൽക്കുന്ന ജനങ്ങൾ അന്നും ഇന്നും അത് അംഗീകരിച്ചിട്ടില്ലെന്നും ലേഖനത്തിൽ കെഎൻഎ ഖാദർ പറയുന്നുണ്ട്.

Content Highlights: IUML leader KNA Khader says it is possible to change alliances without changing political ideology, while a Chandrika article appears to signal interest in the CPI.

To advertise here,contact us