ഇടതുപക്ഷ ഐക്യമാണ് രാഷ്ട്രീയത്തിന്റെ മര്‍മ്മം, അത് സിപിഐക്ക് അറിയാം; സിപിഐഎമ്മിനും അറിയണം: ബിനോയ് വിശ്വം

'സിപിഐക്ക് ഒരു അങ്കലാപ്പും ഇല്ല. രാഷ്ട്രീയം വിജയിക്കും'

ന്യൂഡല്‍ഹി: പ്രതിപക്ഷ ഉപനേതാവ് പദവിയില്‍ ഉറച്ച് സിപിഐ. ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്തല്‍ ആണ് ലക്ഷ്യമെന്നും ഓരോ ആവശ്യങ്ങളും അതിന് വേണ്ടിയാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ഇടതുപക്ഷ ഐക്യമാണ് രാഷ്ട്രീയത്തിന്റെ മര്‍മ്മം എന്ന് സിപിഐക്ക് അറിയാം. സിപിഐഎമ്മിനും അത് അറിയണം എന്നും ബിനോയ് വിശ്വം പറഞ്ഞു.

'സിപിഐക്ക് ഒരു അങ്കലാപ്പും ഇല്ല. രാഷ്ട്രീയം വിജയിക്കും. ഇടതുപക്ഷ ഐക്യമാണ് രാഷ്ട്രീയത്തിന്റെ മര്‍മ്മം. അത് സിപിഐക്ക് അറിയാം. സിപിഐഎമ്മിനും അറിയണം. അറിയാമായിരിക്കും അത്. എല്ലാ പ്രയാസങ്ങളും തര്‍ക്കങ്ങളും തീരും. സിപിഐ, സിപിഐഎം വഴക്കല്ല ലക്ഷ്യം. ഇടതുപക്ഷ ഐക്യത്തെ ശക്തിപ്പെടുത്തല്‍ ആണ്. ഓരോ ആവശ്യങ്ങളും അതിന് വേണ്ടിയാണ്', എന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം.

എല്‍ഡിഎഫിനെ തകര്‍ക്കുന്ന ഒന്നും സിപിഐ ചെയ്യില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. എല്‍ഡിഎഫ് സിപിഐയുടെ കുഞ്ഞാണെന്നും കുഞ്ഞിനെ ഹനിക്കുന്ന ഒന്നും സിപിഐ ചെയ്യില്ലെന്നുമായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം. ഉപനേതൃപദവിയില്‍ സിപിഐ ഉന്നിയിച്ച ആവശ്യത്തില്‍ ഉറച്ച് നില്‍ക്കും. പ്രത്യേക ബ്ലോക്കായി ഇരിക്കുമോ എന്നതിനെക്കുറിച്ച് സിപിഐക്ക് അറിയില്ലെന്നും സെക്രട്ടറി പറഞ്ഞിരുന്നു.

പ്രതിപക്ഷ ഉപനേതൃപദവിയില്‍ ബിനോയ് വിശ്വം പ്രകടിപ്പിച്ചത് പാര്‍ട്ടിയുടെ ആത്മവിശ്വാസമാണെന്ന് മുന്‍ മന്ത്രി കെ രാജന്‍ എംഎല്‍എയും പ്രതികരിച്ചു. സിപിഐ ശരിയായ ആവശ്യമാണ് ഉന്നയിച്ചത്. അക്കാര്യത്തില്‍ ഉറച്ചുനില്‍ക്കും. അര്‍ഹതപ്പെട്ടതാണ് സിപിഐ ചോദിച്ചത്. എല്‍ഡിഎഫിന്റെ സൃഷ്ടി സിപിഐയുടെ കൂടി ത്യാഗത്തിന്റെയും നിശ്ചയത്തിന്റെയും അടിസ്ഥാനത്തിലാണ്. അതുവിട്ട് ഞങ്ങള്‍ പോകുമെന്ന് തെറ്റിദ്ധരിക്കേണ്ടെന്നും കെ രാജന്‍ പ്രതികരിക്കുകയുണ്ടായി.

Content Highlights: CPI has maintained its stand on the Opposition Deputy Leader post amid ongoing discussions and differences within the Left front

To advertise here,contact us