കണ്ണൂര്‍: ഓണാഘോഷ സമാപന പരിപാടിയിൽ വന്ദേമാതരം മുഴുവന്‍ പാടിയതില്‍ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്. ആര്‍എസ്എസിന്റെ അതേ രീതിയിലാണ് കാര്യങ്ങള്‍ പോകുന്നതെന്ന് പിണറായി വിജയന് പറഞ്ഞു. ചില ആളുകള്‍ പങ്കെടുക്കുമ്പോഴുള്ള പ്രോട്ടോക്കോളിന്റെ ഭാഗമെന്ന വിശദീകരണം ആളുകളെ പറ്റിക്കാനാണെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു. സംസ്ഥാന സര്‍ക്കാരാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നും എങ്ങനെ വേണമെന്ന് സര്‍ക്കാരിന് നിശ്ചയിക്കാമെന്നും പിണറായി വിജയന് പറഞ്ഞു.
അതേസമയം തെരഞ്ഞെടുപ്പ് തോല്‍വിയെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. തെരഞ്ഞെടുപ്പ് പരാജയം അംഗീകരിച്ച് പ്രവര്‍ത്തിക്കാനാണ് തീരുമാനിച്ചതെന്നും തോല്‍ക്കാനുള്ള കാരണങ്ങള്‍ മുന്നണിയും പാര്‍ട്ടിയും പരിശോധിച്ചെന്നും തിരുത്തേണ്ടത് തിരുത്തി പോകാനാണ് തീരുമാനമെന്നും പിണറായി വിജയന് വ്യക്തമാക്കി. 'ഞങ്ങളെ തല്ക്കാലം ഉപേക്ഷിച്ചവര്‍ ഇക്കാലം കൊണ്ട് കുറേ കാര്യങ്ങള്‍ മനസിലാക്കി. ഞങ്ങള്‍ക്ക് ദുരുദ്ദേശമില്ല, കാപട്യമില്ല. ജനങ്ങളെ ഒരിക്കലും കബളിപ്പിക്കില്ല. കള്ളപ്രചാരവേലയുടെ കുത്തൊഴുക്കില്‍ പെട്ടുപോയവരുണ്ട്. അവര്‍ ശരിയായ നിലപാട് സ്വീകരിച്ച് തിരിച്ച് വരും. അതിശക്തമായ കോണ്‍ഗ്രസ് സാന്നിധ്യമുള്ള മണ്ഡലമാണ് തളിപ്പറമ്പ്. നേരിയ വോട്ടിനാണ് പലപ്പോഴും എല്‍ഡിഎഫ് ജയിച്ചിട്ടുള്ളത്', പിണറായി വിജയന് പറഞ്ഞു.
വോട്ട് കണക്കില്‍ നേരിയ കുറവ് മാത്രമേ വന്നിട്ടുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പക്ഷെ പരാജയത്തെ ചെറുതായി കാണുന്നില്ല. എല്ലാ അര്‍ത്ഥത്തിലും പാര്‍ട്ടിയെ വഞ്ചിച്ച ടി കെ ഗോവിന്ദനാണ് തളിപ്പറമ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി വന്നത്. എല്‍ഡിഎഫിന്റെ കുറച്ച് വോട്ടുകള്‍ അതോടെ നഷ്ടമായിട്ടുണ്ട്. ഇവിടെ സംഭവിക്കുന്ന ജയമോ പരാജയമോ എല്‍ഡിഎഫിന് സംഭവിക്കുന്ന ജയമോ പരാജയമോ ആണ്. ഈ പാര്‍ട്ടിക്കെതിരെ നിലപാട് സ്വീകരിക്കേണ്ടിയിരുന്നോ എന്ന് പരിശോധന നടത്തണം. ശരിയല്ലാത്ത നിലപാട് സ്വീകരിച്ച് പോയി എന്നത് കൊണ്ട് അത് തിരുത്താന്‍ കഴിയാത്തതല്ലെന്നും പിണറായി വിജയന് പറഞ്ഞു. മാറി ചിന്തിക്കണമെന്നും പാര്‍ട്ടിയെ സംരക്ഷിക്കാന്‍ അണിനിരക്കണമെന്നും പിണറായി വിജയന് പറഞ്ഞു.
കഴിഞ്ഞ ദിവസവും തളിപ്പറമ്പിലെ തോല്‍വിയില്‍ അണികളെ പഴിച്ച് പിണറായി വിജയന് രംഗത്തെത്തിയിരുന്നു. എന്താണ് നിങ്ങളെ വഴിതെറ്റിച്ചതെന്നും ഗൗരവമായി പരിശോധിക്കേണ്ടതുണ്ടെന്നും പിണറായി വിജയന് പറഞ്ഞു. പരാജയം ഗൗരവമായി കാണുന്നുവെന്നും ആരെയാണ് നിങ്ങള്‍ വിശ്വാസത്തിലെടുത്തതെന്നും പിണറായി വിജയന് ചോദിച്ചു. നിങ്ങള്‍ ചെയ്ത തെറ്റ് ഇപ്പോഴെങ്കിലും ഉള്‍ക്കൊള്ളാന്‍ തയ്യാറാകണമെന്നും പിണറായി വിജയന് പറഞ്ഞു.
'പാര്‍ട്ടിയെ പരാജയപ്പെടുത്താന്‍ മാത്രമുള്ള വീഴ്ച സംഭവിച്ചോ. താല്‍ക്കാലിക പ്രചാരവേലയില്‍ ആളുകള്‍ വീണു. എല്ലാ വെല്ലുവിളികളെയും നേരിട്ട് കരുത്താര്‍ജിക്കേണ്ട ഘട്ടമാണിത്. ടി കെ ഗോവിന്ദനെ പോലെയുള്ള അവസരവാദിയെ സ്വീകരിക്കാന്‍ തയ്യാറായതിനുള്ള പശ്ചാത്താപം പലര്‍ക്കും ഉണ്ടായിട്ടുണ്ടാകും. എല്ലാ കാലവും ഈ ജയം നിലനില്‍ക്കില്ല. പാര്‍ട്ടി ഏകോപിതമായി നീങ്ങേണ്ട ഘട്ടമാണിത്', പിണറായി വിജയന് കൂട്ടിച്ചേര്‍ത്തു.
Content Highlights: Opposition leader Pinarayi Vijayan criticised the singing of the full Vande Mataram during the finale of the Onam celebrations