ന്യൂഡല്‍ഹി: പ്രതിപക്ഷ ഉപനേതാവ് പദവിയില്‍ ചര്‍ച്ചയിലൂടെ പരിഹാരം കാണുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇടതുപക്ഷ ഐക്യം വേണമെന്ന് എല്ലാവര്ക്കും അറിയാം. സിപിഐക്ക് ഉപനേതാവ് പദവി ലഭിക്കുമെന്ന രാഷ്ട്രീയ ബോധ്യമുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു. പ്രതിപക്ഷ ഉപനേതാവ് പദവിയില്‍ നിലപാട് ആവര്‍ത്തിച്ച പിണറായി വിജയന് മറുപടി പറയാനും ബിനോയ് വിശ്വം തയ്യാറായില്ല. എല്ലാം എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞിട്ടുണ്ടെന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം.
സിപിഐ നിലപാട് ഉള്ള പാര്‍ട്ടിയാണ്. പ്രതിപക്ഷ ഉപനേതാവ് സംബന്ധിച്ച് മുന്നണി കണ്‍വീനറും ജോസ് കെ മാണിയും പറഞ്ഞത് അംഗീകരിക്കുന്നു. എല്‍ഡിഎഫിനെ സ്വന്തം കുഞ്ഞായി സിപിഐ ചേര്‍ത്ത് പിടിക്കും. സിപിഐഎം രാഷ്ട്രീയം പറയേണ്ടത് ജനറല്‍ സെക്രട്ടറിയാണെന്നും ബിനോയ് വിശ്വം പറഞ്ഞു. തിരുത്തേണ്ടത് തിരുത്തണം. എല്‍ഡിഎഫില്‍ അടിമയും ഉടമയും ഇല്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.
കേന്ദ്രത്തിനെതിരായ നാളത്തെ സിപിഐ പ്രതിഷേധത്തില്‍ ലക്ഷക്കണക്കിന് ആളുകള്‍ അണിനിരക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്താണെന്ന് നാളെ വീണ്ടും ഇന്ത്യയെ ബോധ്യപ്പെടുത്തും. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മുന്നോട്ടുപോകുമെന്ന് പ്രഖ്യാപിക്കുന്ന അത്ര ഗംഭീരമായ മാര്‍ച്ചായിരിക്കും നാളത്തേത്. കേരളത്തില്‍ നിന്നും 1700 പേര് ഉണ്ടാകും. സിപിഐ ശക്തിയെ പറ്റി കണക്ക് ബോധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഇടതുപക്ഷ പാര്‍ട്ടികളില്‍ രാജ്യത്തെ വലിയ പാര്‍ട്ടിയാണ് സിപിഐ. എല്ലാ മുക്കിലും മൂലയിലും സിപിഐ ഉണ്ട്. എന്നാല്‍ സിപിഐക്ക് വലുതാകാന്‍ സിപിഐഎം ചെറുതാകാന്‍ ആഗ്രഹിക്കുന്നില്ല. എംഎ ബേബിയോ ഗോവിന്ദന് മാഷോ സിപിഐ ചെറിയ പാര്‍ട്ടി ആണെന്ന് പറഞ്ഞിട്ടില്ല. സിപിഐഎം-സിപിഐ ബന്ധത്തെ ശിഥിലമാക്കുന്ന ഒന്നും സിപിഐ ചെയ്യില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
'മോദി സര്‍ക്കാരിന് ഈ പറയുന്ന ചങ്കുറപ്പൊന്നുമില്ല. സമരം പൊളിക്കാന്‍ വേണ്ടി സഖാക്കള്‍ ബുക്ക് ചെയ്ത ട്രെയിന്‍ റദ്ദാക്കി. പക്ഷെ, ഞങ്ങള്‍ പുറകോട്ട് പോയില്ല. സിജെപി പ്രതിഷേധത്തിന് മുന്നില്‍ പ്രധാനമന്ത്രി മോദിക്ക് മുട്ട് കുത്തേണ്ടി വന്നു. മോദി അജയ്യനാണെന്ന് ആര് പറഞ്ഞു. നാക്കിന്റേത് പാഴ് നീളമാണ്. ഇന്ത്യക്ക് വേണ്ടി പറയാന്‍ ആ നാവിന് കെല്‍പ്പില്ല', എന്നും ബിനോയ് വിശ്വം പറഞ്ഞു.
Content Highlights: CPI state secretary Binoy Viswam said the issue over the Opposition Deputy Leader post will be resolved through discussions, amid differences within the Left.