പാലക്കാട്: പ്രതിപക്ഷ ഉപനേതൃപദവിയുമായി ബന്ധപ്പെട്ട് സിപിഐ-സിപിഐഎം തർക്കം മുറുകുന്നതിനിടയിൽ പ്രതികരണവുമായി മുതിർന്ന സിപിഐഎം നേതാവ് എ കെ ബാലൻ. രണ്ടും രണ്ട് പാർട്ടികളാണെന്നും അവരവരുടെ നയം പറയാൻ രണ്ട് പാർട്ടികൾക്കും അവകാശമുണ്ടെന്ന് എ കെ ബാലൻ. സിപിഐഎമ്മിൻ്റെ നിലപാടാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞത്. മുൻ കാലങ്ങളിലെ അനുഭവം വച്ചാണ് പ്രതിപക്ഷ നേതാവ് അഭിപ്രായം പറഞ്ഞത്. സിപിഐയുടെ നിലപാടാണ് ബിനോയ് വിശ്വം പറഞ്ഞതെന്നും എ കെ ബാലൻ വ്യക്തമാക്കി. എ കെ ബാലൻ കൂട്ടിച്ചേർത്തു.
സന്തോഷ് കുമാറിന് രാജ്യസഭാ സീറ്റ് നൽകേണ്ടില്ലെന്ന വാദം നേരത്തെ സിപിഐഎമ്മിൽ ഉണ്ടായിരുന്നു. കീഴ്വഴക്കം നോക്കിയാലും എണ്ണം കൊണ്ടും ആ സീറ്റ് സിപിഐഎമ്മിന് കിട്ടേണ്ടതായിരുന്നു. അതൊരു പൊട്ടിത്തെറിയിലെത്തുമെന്നാണ് നമ്മളൊക്കെ കരുതിയത്. എന്നാൽ പിണറായി വിജയൻ, ബിനോയ് വിശ്വം തുടങ്ങിയവരൊക്കെ ആ വിഷയം ചർച്ച ചെയ്ത് പരിഹരിച്ചു. പി എം ശ്രീ വിഷയത്തിൽ പരസ്യമായി അഭിപ്രായം പറഞ്ഞില്ലെ ആ വിഷയവും പരിഹരിച്ചില്ലേയെന്നും എ കെ ബാലൻ ചോദിച്ചു.
ചെങ്കൊടിയുടെ ഒരു തണൽ കിട്ടുമോ എന്നാണ് യുഡിഎഫ് ശ്രമിക്കുന്നത്. ഇളകുന്ന ആടിൻ്റെ അകിട് കണ്ട് പിന്നാലെ ഓടുന്ന കുറുക്കനെ പോലെയാണ് യുഡിഎഫ്. ഇടതുമുന്നണിയുടെ ഹൃദയവും തലച്ചോറുമാണ് സിപിഐയും സിപിഐഎമ്മും. ആ ബന്ധം ഒരു രൂപത്തിലും തകരില്ല. മറ്റേതൊരു കാലഘട്ടങ്ങളെക്കാളും ശക്തവും ദൃഢവുമാണ് ഞങ്ങളുടെ നേതാക്കന്മാരും അണികളും തമ്മിലുള്ള ബന്ധമെന്നും എ കെ ബാലൻ കൂട്ടിച്ചേർത്തു. ചെങ്കൊടിയുടെ ഒരു കഷണം കിട്ടാൻ കാത്തിരിക്കുന്നവരാണവർ എന്നും എ കെ ബാലൻ കൂട്ടിച്ചേർത്തു. സിപിഐഎമ്മിൻ്റെ സ്പെഷ്യൽ സമ്മേളനം അടുത്ത മാസം 13 ന് കോഴിക്കോട് ചേരുകയാണ്. അതിന് ശേഷം സംഘടനാ തലത്തിൽ സിപിഐഎം സ്വർണക്കട്ടി പോലെയാകുമെന്നും എ കെ ബാലൻ പ്രതികരിച്ചു.
ലീഗ് പ്രതിസന്ധിയിലായപ്പോഴെല്ലാം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കൈയും കാലും പിടിച്ചിട്ടുണ്ട്. ചിലതിൽ ഞങ്ങളുടെ ഭാഗത്ത് നിന്ന അനുകൂല സമീപനവുമുണ്ടായി. അത് അവർക്കറിയാം. ഇപ്പോൾ മുസ്ലിം ലീഗിലെ മതനിരപേക്ഷ ശക്തികൾ നേതൃത്വത്തെ എതിർക്കുകയാണ്. ഒരു മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ ജമാഅത്തെ ഇസ്ലാമിയുടെ ആളെ വെച്ചതുമായി ബന്ധപ്പെട്ട് ലീഗിൽ പരസ്യമായി പ്രതികരണങ്ങൾ നടക്കുകയാണ്. മാറ്റൊരു ഭാഗത്ത് ആർഎസ്എസുമായുള്ള പ്രകടമായ ബന്ധമാണുള്ളത്. വന്ദേമാതരം മുതൽ വഖഫ് വരെയുള്ള വിഷയങ്ങളിൽ വി ഡി സതീശൻ എടുത്ത സമീപനങ്ങളോട് കോൺഗ്രസിൽ തന്നെ വിയോജിപ്പുണ്ടെന്നും എ കെ ബാലൻ പറഞ്ഞു.
കാന്തപുരത്തിൻ്റെ സ്ത്രീ വിരുദ്ധ പരാമർശത്തിലും എ കെ ബാലൻ പ്രതികരിച്ചു. 'സമസ്ത പറഞ്ഞത് അവരുടെ നയം ഞങ്ങൾ ഞങ്ങളുടെ നയം പറയും. അത് പണ്ടും പറഞ്ഞിട്ടുണ്ട്. കാന്തപുരത്തിൻ്റെ തിരുമുടിയുമായി ബന്ധപ്പെട്ട നിലപാടിൽ അന്നത്തെ പാർട്ടി സെക്രട്ടറി പ്രതികരിച്ചിട്ടുണ്ട്. ഓരോരോ പാർട്ടിയുടെയും നിലപാടിൻ്റെ അടിസ്ഥാനത്തിലാണ് അവർ പ്രതികരിക്കുന്നത്. സ്ത്രീവിരുദ്ധ പരാമർശം സാക്ഷാൽ ദൈവം വന്ന് പ്രവാചകൻ്റെ രൂപത്തിൽ പ്രത്യക്ഷപ്പെട്ട് പറഞ്ഞാലും വന്ന് പറഞ്ഞാലും സിപിഐഎം അംഗീകരിക്കില്ലെന്നും എ കെ ബാലൻ വ്യക്തമാക്കി. അത് പാർട്ടിയുടെ അംഗീകൃത നയമാണ് അതിൽ സംശയമെന്താ'ണെന്നും എ കെ ബാലൻ ചോദിച്ചു.
Content Highlights: Senior CPI(M) leader A K Balan responds as differences between the CPI and CPI(M) intensify over the Opposition Deputy Leader post in Kerala.