തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയിൽ സിപിഐയുമായി ചർച്ചയുണ്ടാകുമെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. നിവലിൽ ഉണ്ടായിരിക്കുന്ന അഭിപ്രായ ഭിന്നതകൾ ചർച്ച ചെയ്ത് പരിഹരിക്കുമെന്നും എൽഡിഎഫ് കൺവീനർ വ്യക്തമാക്കി. ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട് ഇനി ചർച്ചയില്ല എന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ നിലപാടിന് വിരുദ്ധമായ നിലപാടാണ് ഈ വിഷയത്തിൽ ടി പി രാമകൃഷ്ണൻ സ്വീകരിച്ചിരിക്കുന്നത്.
നേതാക്കൾ പ്രസ്താവനകളിൽ മിതത്വം പാലിക്കണമെന്നും എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ നിർദ്ദേശിച്ചു. പ്രശ്നങ്ങൾ ചർച്ചയിലൂടെയാണ് പരിഹരിക്കേണ്ടത്. അതിനുള്ള ശ്രമങ്ങൾ തുടരുകയാണ്. പിണറായി വിജയൻ്റെ പരാമർശം മുൻപുണ്ടായ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ വന്നതാണെന്നും ചോദ്യത്തിന് ഉത്തരമായി ടി പി രാമകൃഷ്ണൻ വ്യക്തമാക്കി. പ്രതിപക്ഷ നേതൃപദവിയുമായി ബന്ധപ്പെട്ട് സിപിഐഎമ്മിന്റെ നിലപാട് പറയേണ്ടത് സംസ്ഥാന സെക്രട്ടറിയാണെന്നും ടി പി രാകൃഷ്ണൻ പറഞ്ഞു. മുന്നണിയിൽ പല കാര്യങ്ങളിലും വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാകും പ്രശ്നങ്ങൾ കൂട്ടായി ചർച്ചചെയ്ത് പരിഹരിക്കുമെന്നും ടി പി രാമകൃഷ്ണൻ വ്യക്തമാക്കി. സി ദിവാകരന്റെ വിമർശനം അദ്ദേഹത്തിൻറെ അഭിപ്രായമാകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിപക്ഷ ഉപനേത്യസ്ഥാനം സിപിഐഎമ്മിന് തന്നെയായിരിക്കും എന്ന പിണറായി വിജയൻ്റെ പ്രതികരണമാണ് സിപിഐ-സിപിഐഎം തർക്കത്തിന് വഴിവെച്ചത്. 'ഞാനാണ് കത്ത് കൊടുക്കേണ്ടത്. സിപിഐഎം നേതാവിന്റെ പേരാകും കത്തിലെന്നുമായിരുന്നു' പിണറായി വിജയൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഉപനോതാവ് പദവിയുമായി ബന്ധപ്പെട്ട ചർച്ച അടഞ്ഞ ആധ്യായമാണെന്ന് നേരത്തെയും പിണറായി വിജയൻ പ്രതികരിച്ചിരുന്നു. കേട്ടുകേൾവി പോലുമില്ലാത്ത വിഷയത്തിൽ ചർച്ച വേണമെന്ന് പറയുന്നതിൽ എന്ത് പ്രസക്തിയെന്നും പിണറായി വിജയൻ ചോദിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു സിപിഐ നേതാക്കൾ ഇതിനെതിരെ രംഗത്ത് വന്നത്.
ഇതിനിടെ സിപിഐയുടെ മുഖപത്രമായ ജനയുഗത്തിൽ പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് സിപിഐ അസിസ്റ്റൻ്റ് സെക്രട്ടറി സത്യൻ മൊകേരി എഴുതിയ ലേഖനം സിപിഐഎം നേതാക്കളെ പ്രകോപിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി എൻ മോഹനനും സംസ്ഥാന കമ്മിറ്റി അംഗം വി ശിവൻകുട്ടിയും സിപിഐയെ വിമർശിച്ചും പരിഹസിച്ചും രംഗത്തെത്തിയിരുന്നു. സിപിഐയുടെ സിപിഐഎമ്മിൻ്റെയും വർഗ്ഗബഹുജന സംഘടകളും ഈ വിഷയത്തിൽ പരസ്പരം വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം വിജിനും എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോനും പ്രതിപക്ഷ ഉപനേതൃപദവിയുമായി ബന്ധപ്പെട്ട വാദപ്രതിദാവങ്ങളിൽ പങ്കുചേർന്നിരുന്നു.
CPI(M) leader TP Ramakrishnan says discussions will be held with the CPI regarding the Deputy Opposition Leader post, signalling a possible change in the party's earlier stance.