സംസ്ഥാന സര്‍ക്കാരിന്റെ ഓണം വാരാഘോഷത്തിന് കൊടിയേറി; നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ആഗസ്റ്റ് 30 വരെ നടക്കുന്ന വാരാഘോഷത്തില്‍ തലസ്ഥാനത്ത് മാത്രം 35 വേദികളിലായി 340ലേറെ കലാപരിപാടികളാണ് നടക്കുന്നത്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഓണം വാരാഘോഷത്തിന് നാളെ തുടക്കമാകും. തിരുവനന്തപുരം കനകക്കുന്നിൽ ഓണം വാരാഘോഷത്തിന് കൊടിയേറി. സാംസ്‌കാരിക വകുപ്പ് മന്ത്രി പിസി വിഷ്ണുനാഥാണ് പതാക ഉയർത്തിയത്. ശശി തരൂർ എംപി എംഎൽഎമാരായ എം വിൻസെന്റ്, എം ആർ ബൈജു, ജി സ്റ്റീഫൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. തിരുവനന്തപുരത്തെ 14 മണ്ഡലങ്ങളിലും പര്യടനം നടത്തിയ ശേഷം ഘോഷയാത്രയോടു കൂടിയാണ് പതാക കനകക്കുന്നിൽ എത്തിച്ചത്.

നാളെ വൈകിട്ട് 5.30ന് കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. ആഗസ്റ്റ് 30 വരെ നടക്കുന്ന വാരാഘോഷത്തില്‍ തലസ്ഥാനത്ത് മാത്രം 35 വേദികളിലായി 340ലേറെ കലാപരിപാടികളാണ് നടക്കുന്നത്. ഇതിനു പുറമെ വിവിധ ജില്ലകളിലും നൂറുകണക്കിന് വേദികള്‍ സജ്ജമാക്കിയിട്ടുണ്ട്. തലസ്ഥാനത്ത് മാത്രമായി 3,000 ത്തോളം കലാകാരന്മാരും സംസ്ഥാനത്താകെ 8000 ത്തിലേറെ കലാകാരന്മാരും പരിപാടിയില്‍ പങ്കാളികളാകും.

സാംസ്‌കാരിക വകുപ്പ് മന്ത്രി പിസി വിഷ്ണുനാഥ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും. ചലച്ചിത്രതാരം കുഞ്ചാക്കോ ബോബനാണ് വിശിഷ്ടാതിഥി. ഇതിന് പുറമെ ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരന്‍, ഗതാഗത വകുപ്പ് മന്ത്രി സിപി ജോണ്‍, പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, തിരുവനന്തപുരം മേയര്‍ വിവി രാജേഷ്, ഡോ ശശി തരൂര്‍ എം പി തുടങ്ങിയവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും. ചലച്ചിത്രതാരം ശോഭനയുടെ നൃത്താവിഷ്‌കാരത്തോടെ കലാപരിപാടികള്‍ക്ക് തുടക്കമാകും. ഏഴ് മണി മുതല്‍ കെഎസ് ഹരിശങ്കറിന്റെ മ്യൂസിക് ലൈവും നിശാഗന്ധിയില്‍ അരങ്ങേറും.

പരിപാടിയോട് അനുബന്ധിച്ച് കനകക്കുന്ന് വളപ്പിലെ ആഘോഷമേഖലയെ ബിസിനസ് സോണ്‍, ഫ്യൂച്ചര്‍ സോണ്‍, ആര്‍ട്ട് ആന്‍ഡ് കള്‍ച്ചര്‍ സോണ്‍, ഫുഡ് സോണ്‍ എന്നിങ്ങനെ നാല് മേഖലകളായി തിരിച്ചിട്ടുണ്ട്. കേരളത്തിന്റെ സാംസ്‌കാരിക വൈവിധ്യവും പാരമ്പര്യവും കലാപൈതൃകവും വിനോദസഞ്ചാര സാധ്യതകളും ഒരുമിച്ച് അവതരിപ്പിക്കുന്ന തരത്തിലാണ് ഇത്തവണത്തെ ഓണാഘോഷം ഒരുക്കിയിരിക്കുന്നത്. സമാപന ദിനമായ ആഗസ്റ്റ് 30ന് മാനവീയം വീഥിയില്‍ നിന്നും ഘോഷയാത്ര 5 മണിക്ക് ആരംഭിച്ച് കിഴക്കേകോട്ടയില്‍ അവസാനിക്കും. സമാപന സമ്മേളനത്തില്‍ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണന്‍ വിശിഷ്ടാതിഥിയായിരിക്കും. 62 സര്‍ക്കാര്‍ വകുപ്പുകള്‍ ഘോഷയാത്രയില്‍ പങ്കെടുക്കും. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഫോക്ക് കലാരൂപങ്ങളുള്‍പ്പടെ നൂറിലേറെ കലാരൂപങ്ങളും ഘോഷയാത്രയില്‍ അണിനിരക്കും.

Content Highlights: Kerala Governments Onam Week Celebrations to Begin Tomorrow, Chief Minister to Inaugurate

To advertise here,contact us