'ദേവഭവന'ത്തിന്റെ താക്കോല്‍ കൈമാറി പിണറായി വിജയന്‍; ഒപ്പം റിപ്പോര്‍ട്ടറിന്റെ സ്‌നേഹ സമ്മാനവും

ദേവപ്രിയയുടെ സഹോദരന്‍ ദേവാനന്ദന് റിപ്പോര്‍ട്ടറിന്റെ സമ്മാനവും പ്രതിപക്ഷ നേതാവ് കൈമാറി

ഇടുക്കി: സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ വേഗ റാണി ദേവപ്രിയ ഷൈബുവിനായി സിപിഐഎം നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ കൈമാറി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. നേടിയെടുക്കുന്ന അംഗീകാരങ്ങള്‍ സൂക്ഷിച്ചു വയ്ക്കാന്‍ അടച്ചുറപ്പുള്ള വീട് എന്ന ദേവനന്ദയുടെ സ്വപ്‌നമാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നത്. ഇന്ന് ഇടുക്കി കാല്‍വരിമൗണ്ടില്‍ നടന്ന ചടങ്ങിലാണ് താക്കോല്‍ കൈമാറിയത്. ഇതിനോടൊപ്പം ദേവപ്രിയയുടെ സഹോദരന്‍ ദേവാനന്ദന് റിപ്പോര്‍ട്ടറിന്റെ സ്‌നേഹ സമ്മാനവും പ്രതിപക്ഷ നേതാവ് കൈമാറി.

എന്താണ് ആഗ്രഹമെന്ന ചോദ്യത്തിന്, തനിക്കൊരു സൈക്കിള്‍ വേണമെന്നാണ് ആഗ്രഹമെന്നും ഇക്കാര്യം പ്രതിപക്ഷനേതാവിനോട് ആവശ്യപ്പെടാനിരിക്കുകയാണെന്നും കോഫി വിത്ത് അരുണ്‍ ഷോയില്‍ ദേവാനന്ദ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് റിപ്പോര്‍ട്ടര്‍ ടിവി സൈക്കിള്‍ വാങ്ങി നല്‍കാമെന്ന് അറിയിച്ചത്.

38 വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവ റെക്കോര്‍ഡ് മറികടന്നായിരുന്നു ദേവപ്രിയ സ്‌കൂള്‍ കായികമേളയില്‍ വേഗറാണിയായത്. അപ്പോഴും തനിക്ക് ലഭിക്കുന്ന അംഗീകാരങ്ങള്‍ സൂക്ഷിച്ചുവെക്കാന്‍ അടച്ചുറപ്പുള്ള ഒരു വീട് ഉണ്ടായിരുന്നില്ലെന്നത് വേദനയായിരുന്നു. അതുവരെ കവറുകളിലും ചാക്കുകളിലുമായിരുന്നു ദേവപ്രിയയുടെ അംഗീകാരങ്ങള്‍ സൂക്ഷിച്ചിരുന്നത്. ദേവനന്ദയുടെ നിസ്സഹായാവസ്ഥ റിപ്പോര്‍ട്ടറിലൂടെ കണ്ട സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് ആണ് സ്വപ്നഭവനം എന്ന പ്രഖ്യാപനം നടത്തിയത്. പിന്നാലെ സിപിഐഎം ഇടുക്കി ജില്ലാ നേതൃത്വം ഇടപെട്ടു.

കോഫി വിത്ത് അരുണ്‍ ഷോയിലൂടെയായിരുന്നു സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് സ്വപ്നഭവനം നിര്‍മ്മിച്ചു നല്‍കുമെന്ന് പ്രഖ്യാപനം നടത്തിയത്. പത്തുമാസം കൊണ്ടാണ് സിപിഐഎം പ്രഖ്യാപിച്ച ഭവനം പൂര്‍ത്തിയാക്കിയത്. 25 ലക്ഷം രൂപ മുതല്‍മുടക്കില്‍ കാല്‍വരിമൗണ്ട് കൂട്ടക്കല്ല് കാമാക്ഷി റോഡരികില്‍ നാലുകിടപ്പുമുറികളും ഹാളും സിറ്റ്ഔട്ടും അടുക്കളയും വര്‍ക്ക് ഏരിയയും ഉള്‍പ്പെടെ എല്ലാവിധ സൗകര്യങ്ങളുമുള്ള വീടാണ് പൂര്‍ത്തീകരിച്ചിരിക്കുന്നത്. ദേവഭവന്‍ എന്നാണ് വീടിന് നല്‍കിയിരിക്കുന്ന പേര്. ഡിവൈഎഫ്‌ഐ 5 ലക്ഷം രൂപയുടെ ഫര്‍ണിച്ചറുകളും മഹിളാ അസോസിയേഷനും കര്‍ഷകസംഘവും മറ്റ് വീട്ടുപകരണങ്ങളും കൈമാറി.

വലിയ ആവേശത്തോടെയാണ് പാര്‍ട്ടി സഖാക്കള്‍ പ്രഖ്യാപനം ഏറ്റെടുത്തതെന്ന് സി വി വര്‍ഗീസ് റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു. ബിരിയാണി ചലഞ്ചിലൂടെയും ആക്രിപെറുക്കിയും ജോലി ചെയ്തും ഡിവൈഎഫ്ഐക്കാരും മഹിളാ അസോസിയേഷനും കര്‍ഷക സംഘവും മറ്റുപാര്‍ട്ടി സഖാക്കളും ഒരുമിച്ചാണ് വീട് നിര്‍മ്മിച്ചതെന്നും കായിക രംഗത്താണ് രണ്ട് കുട്ടികളും മികവ് പുലര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. താന്‍ കരുതിയതിനേക്കാളും വലിയ വീട് ആണ് സിപിഐഎം ഒരുക്കി നല്‍കിയതെന്നും ഇത്ര പെട്ടെന്ന് വീടൊരുങ്ങുമെന്ന് പ്രതീക്ഷിച്ചില്ലെന്നും വര്‍ഗീസ് സഖാവിന് നന്ദിയെന്നും ദേവനന്ദ പ്രതികരിച്ചു.

Content Highlights: Pinarayi Vijayan Hands Over Key of House Built by CPIM for Young Athlete Devapriya Shaibu

To advertise here,contact us