കണ്ണൂര്‍: പയ്യന്നൂരിലെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജിയുമായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ടി ഐ മധുസൂദനന് ഹൈക്കോടതിയില്‍. വി കുഞ്ഞികൃഷ്ണൻ വ്യാജപ്രചാരണം നടത്തിയാണ് തന്നെ തോല്‍പ്പച്ചതെന്നാണ് ഹര്‍ജി. രേഖകളോ തെളിവോ ഇല്ലാതെ രക്തസാക്ഷി ഫണ്ട് കള്ളനെന്ന പ്രചാരണം നടത്തി വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിച്ചെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
പയ്യന്നൂരില്‍ ടി ഐ മധുസൂദനന് കനത്ത തിരിച്ചടിയാണ് നേരിട്ടത്. സ്വന്തം ബൂത്തില്‍ പോലും മധുസൂദനന് പിന്നില്‍പ്പോയിയിരുന്നു. 106ാം നമ്പര്‍ ബൂത്തില്‍ വി കുഞ്ഞികൃഷ്ണന് 292 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ടി ഐ മധുസൂദനന് ലഭിച്ചത് 207 വോട്ടുകളാണ്. ധനരാജ് ഫണ്ട് തട്ടിപ്പ് വിവാദത്തില്‍ കുഞ്ഞികൃഷ്ണന്റെ ആരോപണങ്ങള്‍ക്ക് കൃത്യമായി മറുപടി നല്കാന് സിപിഐഎം തയ്യാറാകാതെ മധുസൂദനനെ തന്നെ വീണ്ടും സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു.
1985 മുതല്‍ സിപിഐഎം ഏരിയാ കമ്മിറ്റി അംഗമായിരുന്ന കുഞ്ഞികൃഷ്ണന് 2024ല്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയിലും അംഗമായിരുന്നു. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം, കോഓപ്പറേറ്റീവ് വര്‍ക്കേഴ്സ് യൂണിയന് സംസ്ഥാന പ്രസിഡന്റ്, സഹകരണ ജീവനക്കാരുടെ പെന്ഷന് ബോര്‍ഡംഗം എന്നിങ്ങനെ പ്രവര്‍ത്തിച്ചിരുന്നു.
Content Highlights:LDF candidate T. I. Madhusoodanan has approached the Kerala High Court seeking to cancel the Payyanur election result