വയനാട്: ഒരു മഹാദുരന്തം ബാക്കിവെച്ച നിശബ്ദതയ്ക്ക് മുന്നില്‍ രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറവും വിറങ്ങലിച്ചുനില്‍ക്കുകയാണ് നമ്മള്. മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍ പൊട്ടല്‍ ദുരന്തത്തിന് ഇന്ന് രണ്ടാണ്ട് തികയുകയാണ്. 2024 ജൂലൈ 30-ന് പുലര്‍ച്ചയോടെയാണ് വയനാടന്‍ ഗ്രാമങ്ങള്‍ക്കുമേല്‍ ആ ദുരന്തം പെയ്തിറങ്ങിയത്. മുണ്ടക്കൈ പുഴ അതിരുകളെല്ലാം കടന്ന് മനുഷ്യരുടെ ജീവിതത്തിന് മുകളിലൂടെ ഒഴുകിയ ദിവസമാണിന്ന്. ഉരുളന്‍ കല്ലുകളില്‍ മനുഷ്യരക്തം പടര്‍ന്ന ആ ദിവസം പുലര്‍ന്നത് ഒരു ജീവിതകാലം കൊണ്ട് മറികടക്കാന്‍ കഴിയാത്ത വേദനയിലേക്കാണ്.
ചാലിയാര്‍ പുഴയിലൂടെ ഒഴുകിപ്പോയ മൃതദേഹങ്ങള്‍ കിലോമീറ്ററുകള്‍ക്കപ്പുറമാണ് കണ്ടെത്തിയത്. ആരൊക്കെ എവിടെയൊക്കെ കുടുങ്ങിക്കിടക്കുന്നുവെന്ന് മനസ്സിലാക്കാന്‍ പോലും കഴിയാത്ത സ്ഥിതിയായിരുന്നു. മേപ്പാടി ആശുപത്രിയിലെ മോര്‍ച്ചറിക്ക് മുന്നില്‍ പ്രിയപ്പെട്ടവരെ തിരഞ്ഞെത്തിയ ബന്ധുക്കളുടെ കാഴ്ച അതിഭീകരമായിരുന്നു. പ്രതീക്ഷയും കണക്കുകൂട്ടലുമായി ഉറങ്ങാന്‍ കിടന്നവരില്‍ പലരും പിന്നീട് ഉണര്‍ന്നിരുന്നില്ല. ഭീതിയുടെയും കണ്ണീരിന്റെയും മരവിപ്പുകള്‍ ബാക്കിവെച്ച മഹാദുരന്തത്തിന്റെ നടുക്കുന്ന ഓര്‍മകളിലാണ് ഒരു നാടും ജനതയും ജീവിക്കുന്നത്. രണ്ട് വര്‍ഷം പോയിക്കഴിഞ്ഞപ്പോള്‍ മുണ്ടക്കൈയിലേയും ചൂരല്‍മലയിലേയും ജനതയ്ക്ക് ഇത് അതിജീവനത്തിന്റെ കാലമാണ്. സ്വന്തമെന്ന് പറയാന്‍ കുറച്ചുപേര്‍ക്കെങ്കിലും വീടുകള്‍ കിട്ടി. കുറച്ചുപേര്‍ക്ക് പ്രിയപ്പെട്ടവരെ കിട്ടി.
കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ ടൗണ്‍ഷിപ്പില്‍ താമസമാക്കിയ 178 കുടുംബങ്ങള്‍ സുരക്ഷിത ജീവിതം ആരംഭിച്ചെങ്കിലും, ബാക്കിയുള്ള ദുരന്തബാധിതര്‍ക്കും എത്രയും വേഗം സ്ഥിരം പുനരധിവാസം ഉറപ്പാക്കുന്നതിനി കാത്തിരിക്കുകയാണ്. രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ അതിജീവനത്തിന്റെ പ്രതീക്ഷ കൂടുതല്‍ കുടുംബങ്ങളിലേക്കും എത്തണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.
ജില്ലാ ഭരണകൂടവും മേപ്പാടി പഞ്ചായത്തും ചേര്‍ന്ന് പുത്തുമലയിലെ ഹൃദയഭൂമിയില്‍ ഇന്ന് അനുസ്മരണവും പ്രാര്‍ത്ഥനയും സംഘടിപ്പിക്കും. രാവിലെ ഏഴ് മണിമുതല്‍ കല്ലറകളില്‍ പുഷ്പാര്‍ച്ചന ആരംഭിച്ചു. ദുരന്തത്തില്‍ ഉറ്റവര്‍ നഷ്ടപ്പെട്ടവര്‍, അതിജീവിതര്‍, കളക്ടര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍, രക്ഷാപ്രവര്‍ത്തനം നടത്തിയ സന്നദ്ധ സംഘടനകളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
Content Highlights: Two years have passed since the Mundakkai-Chooralmala landslide disaster in Wayanad, one of Kerala's worst natural calamities