പേളിക്ക് 4 ലക്ഷം ഫോളോവേഴ്‌സിനെ നഷ്ടപ്പെട്ടു, എനിക്ക് 70,000 പേരെയും; വിഴുപ്പ് പേറേണ്ടതില്ല: അഖിൽ മാരാർ

തൃപ്പൂണിത്തുറ സീറ്റ് ട്വന്റി 20ക്ക് നല്‍കാന്‍ ബിജെപിക്ക് താല്‍പര്യം ഉണ്ടായിരുന്നില്ലെന്നും അഖിൽ

കൊച്ചി: ട്വന്റി 20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബിനെതിരെ രൂക്ഷ വിമര്‍ശനവുമായി തൃക്കാക്കരയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഖില്‍ മാരാര്‍. ബിജെപിയില്‍ നിന്നും വലിയ ഫണ്ട് സാബു ജേക്കബിന് ലഭിച്ചിട്ടുണ്ടെന്നും വ്യക്തിപരമായ നേട്ടത്തിനാണ് അത് ഉപയോഗിക്കുന്നതെന്നും അഖില്‍ മാരാര്‍ പറഞ്ഞു. പാര്‍ട്ടിയില്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം ഇല്ല. സഹകരിച്ച് മുന്നോട്ടുപോകാന്‍ ആകില്ല. യുഡിഎഫ് വാഗ്ദാനം ചെയ്ത കൊട്ടാരക്കരയിലെ സീറ്റ് നഷ്ടപ്പെട്ടതോടെ സ്വതന്ത്രമായി മത്സരിക്കാനായിരുന്നു തന്റെ തീരുമാനം. ഇതിനെ പിന്തുണച്ച് സാബു ജേക്കബ് വരികയായിരുന്നു. അതിന് മുമ്പ് പണം വാഗ്ദാനം ചെയ്ത് എന്‍ഡിഎ ഏജന്‍സികള്‍ ബന്ധപ്പെട്ടിരുന്നു. ഇതിനിടെയാണ് സാബു ജേക്കബ് പിന്തുണയറിയിച്ചെത്തിയത്. അങ്ങനെയാണ് ട്വന്റി 20യില്‍ ചേര്‍ന്നത്. പിന്നീടാണ് കോണ്‍ഗ്രസ് നേതാവായ ആര്‍ രശ്മി പാര്‍ട്ടി വിട്ടത്. രശ്മി വന്നതാണോ വരുത്തിച്ചതാണോ എന്നും തനിക്ക് സംശയം ഉണ്ട്. പിന്നീടാണ് തൃപ്പൂണിത്തുറ സീറ്റ് നല്‍കാമെന്ന് വാഗ്ദാനം ചെയ്തതെന്നും അഖില്‍ മാരാര്‍ റിപ്പോർട്ടറിനോട് സംസാരിക്കവെ പറഞ്ഞു.

'തൃപ്പൂണിത്തുറ സീറ്റ് ട്വന്റി20ക്ക് നല്‍കാന്‍ ബിജെപിക്ക് താല്‍പര്യം ഉണ്ടായിരുന്നില്ല. പിന്നാലെ എന്റെ വിഷമങ്ങളും പ്രശ്‌നങ്ങളും രാജീവ് ചന്ദ്രശേഖറിനോട് നേരിട്ട് സംസാരിച്ചു. അപ്പോള്‍ 'അഖില്‍ പത്തനാപുരത്താണ് മത്സരിക്കുന്നതെന്നാണ് കരുതിയത്. മറന്നുപോയതാണ്. അബദ്ധം പറ്റി. പരിഹാരം ഉണ്ടാക്കാം', എന്നായിരുന്നു മറുപടി. പിന്നാലെ ആര്‍എസ്എസ് നേതാക്കളെ പോയി കണ്ടു. സാബു ജേക്കബ് എന്നെ കുടുക്കിയതാണ്. രാജീവ് ചന്ദ്രശേഖറിന്റെ സാന്നിധ്യത്തില്‍ കൊട്ടാരക്കരയിലെ എന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുമെന്നായിരുന്നു പറഞ്ഞത്. എന്നാല്‍ ട്വന്റി 20യുടെ ഓഫീസില്‍ വിളിച്ചുവരുത്തി ഞാന്‍ പാര്‍ട്ടിയില്‍ ചേര്‍ന്നുവെന്ന് പ്രഖ്യാപിക്കുകയായിരുന്നു. ഇത് കേട്ടതോടെ ഞാന്‍ ഞെട്ടിപ്പോയി. എല്ലാത്തിന്റേയും വാടാസ്ആപ്പ് ചാറ്റ് എന്റെ പക്കല്‍ ഉണ്ട്. പിന്നീടാണ് തൃപ്പൂണിത്തുറ സീറ്റ് ട്വന്റി 20ക്ക് ബിജെപി നല്‍കുന്നതും അഞ്ജലിയെ പ്രഖ്യാപിക്കുന്നതും. എന്നെ ബുദ്ധിപരമായി തൃക്കാക്കരയില്‍ പ്രഖ്യാപിക്കുകയായിരുന്നു', അഖില്‍ ആരോപിച്ചു.

20 ലക്ഷം രൂപ കൊടുത്ത് ആശിച്ചുവാങ്ങിയ ബിഎംഡബ്ല്യൂ ബൈക്ക് വിറ്റാണ് തെരഞ്ഞെടുപ്പിന് മത്സരിക്കാന്‍ പണം കണ്ടെത്തിയതെന്നും അഖില്‍ മാരാര്‍ പറയുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം കൊല്ലം ജില്ലാ പ്രസിഡന്റ് ആക്കണമെന്ന് താന്‍ പറഞ്ഞു. രണ്ടര മാസമായി ഒരു മറുപടിയും ഇല്ല. ജനകീയ വിഷയങ്ങളില്‍ ഇടപെടാന്‍ പറയുമ്പോഴും ഒന്നും മിണ്ടിയില്ലെന്നും അഖില്‍ മാരാര്‍ ആരോപിച്ചു. തുടക്കത്തില്‍ ഓഫീസ് ഉണ്ടായിരുന്നില്ല. രണ്ടുപേര്‍ മാത്രമാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉണ്ടായിരുന്നത്. ഒറ്റയ്ക്ക് താന്‍ കാട്ടികൂട്ടിയ ബഹളങ്ങളാണ് അന്ന് നടന്നത് മുഴുവന്‍. എന്റെ കാര്യങ്ങളെല്ലാം താന്‍ ചെയ്യുകയാണെന്നും ചെലവാക്കിയ പണമെങ്കിലും തിരിച്ചുതരണമെന്നും അറിയിച്ചു. ചെറിയ തുകമാത്രമാണ് ലഭിച്ചതെന്നാണ് സാബു ഞങ്ങളോട് പറഞ്ഞത്. ഒരു ദിവസം വൈകുന്നേരം മാത്രമാണ് വാഹനപ്രചാരണത്തിന് എത്തിയതെന്നും അഖില്‍ പറഞ്ഞു.

വ്യക്തിപരമായ നേട്ടം മാത്രമാണ് സാബു ജേക്കബിന്റെ മുന്നില്‍ എന്നും അഖില്‍ മാരാര്‍ ആരോപിച്ചു. 'പേളിക്ക് 4 ലക്ഷം ഫോളോവേഴ്‌സിനെ നഷ്ടപ്പെങ്കില്‍ എനിക്ക് 70,000 പേരെ നഷ്ടപ്പെട്ടു. ഇഷ്ടപ്പെട്ട ജനതയാണ് തന്നെ തെറിവിളിക്കുന്നത്. കാരണക്കാരന്‍ നേട്ടം ഉണ്ടാക്കുമ്പോള്‍ വിഴുപ്പ് പേറേണ്ട ആവശ്യം തനിക്കില്ലെന്നും അഖില്‍ പറയുന്നു.

Content Highlights: Thrikkakara NDA candidate Akhil Marar has strongly criticized Twenty20 chief coordinator Sabu Jacob. His remarks have sparked political discussions, with the comments coming amid ongoing debates related to local political developments.

To advertise here,contact us