ഐഷിക്കെതിരായ അറസ്റ്റ് നീക്കം: 'ഡല്‍ഹി പൊലീസിന്റെ നടപടി ജനാധിപത്യ ധ്വംസനം': അപലപിച്ച് പിണറായി വിജയന്‍

ഡല്‍ഹിയിലെ സിപിഐഎം കേന്ദ്രകമ്മിറ്റി ഓഫീസില്‍ കടന്നുകയറി ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാന്‍ ഡല്‍ഹി പൊലീസ് നടത്തിയ ശ്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹമെന്ന് പിണറായി വിജയന്‍

തിരുവനന്തപുരം: എസ്എഫ്‌ഐ നേതാവ് ഐഷി ഘോഷിനെതിരായ അറസ്റ്റ് നീക്കത്തെ ശക്തമായി അപലപിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ഡല്‍ഹിയിലെ സിപിഐഎം കേന്ദ്രകമ്മിറ്റി ഓഫീസില്‍ കടന്നുകയറി ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാന്‍ ഡല്‍ഹി പൊലീസ് നടത്തിയ ശ്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഡല്‍ഹി പൊലീസിന്റെ ഈ നടപടി കടുത്ത ജനാധിപത്യ ധ്വംസനവും പൗരന്റെ ഭരണഘടനാ അവകാശങ്ങളുടെ നഗ്‌നമായ ലംഘനവുമാണെന്നും പിണറായി വിജയന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

കോടതിയിലുള്ള ഒരു പഴയ കേസിന്റെ പേരില്‍ പാര്‍ട്ടി ഓഫീസില്‍ കടന്ന് അറസ്റ്റു ചെയ്യാന്‍ ശ്രമിച്ചത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്. ജന്തര്‍ മന്തറില്‍ കേന്ദ്രസര്‍ക്കാരിനും സംഘപരിവാര്‍ ശക്തികള്‍ക്കുമുണ്ടായ കനത്ത തിരിച്ചടിയുടെ ജാള്യത മറയ്ക്കാനുള്ള പ്രതികാര നടപടിയായേ ഇതിനെ കാണാന്‍ കഴിയൂ. രാജ്യത്തെ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളുടെ സമരവീര്യത്തെ കള്ളക്കേസുകളില്‍ കുടുക്കി ഒതുക്കാമെന്നും ചോദ്യം ചെയ്യുന്നവരെയും വിയോജിപ്പ് പ്രകടിപ്പിക്കുന്നവരെയും ഭയപ്പെടുത്തി നിശബ്ദരാക്കാമെന്നും കരുതുന്നത് വെറും വ്യാമോഹം മാത്രമാണ്. ഇത്തരം വിരട്ടലുകള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കും മുന്നില്‍ മുട്ടുമടക്കുന്നവരല്ല എസ്എഫ്‌ഐയും ഇടതുപക്ഷ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഓര്‍ക്കുന്നത് നന്നായിരിക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു.

സിപിഐഎം കേന്ദ്ര കമ്മിറ്റി ഓഫീസില്‍ അതിക്രമിച്ചു കടക്കാനുള്ള ഡല്‍ഹി പൊലീസിന്റെ നീക്കം അപലപനീയമാണ്. സഖാവ് ഐഷി ഘോഷിനും എസ്എഫ്‌ഐയുടെ പോരാളികള്‍ക്കും ഐക്യദാര്‍ഢ്യം അറിയിക്കുന്നു. ഈ വേട്ടയാടലിനെതിരെ രാജ്യവ്യാപകമായി ജനാധിപത്യവിശ്വാസികളുടെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരേണ്ടതുണ്ടെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights- Kerala Chief Minister Pinarayi Vijayan condemned the reported arrest move against SFI leader Aishe Ghosh

To advertise here,contact us