വഞ്ചിയൂരിലെ യുവാവിന്റെ മരണം; അയൽവാസി ഉൾപ്പെടെ നാല് പ്രതികള്‍ പിടിയിൽ

വിശാഖിന്റെ അയല്‍വാസിയും സുഹൃത്തുമാണ് മുഖ്യപ്രതിയായ പ്രദീപ്

തിരുവനന്തപുരം: വഞ്ചിയൂരിലെ ചമ്പക്കട സ്വദേശി വിശാഖിന്റെ മരണത്തില്‍ പ്രതികള്‍ പിടിയില്‍. മുഖ്യപ്രതി പ്രദീപ് ഉള്‍പ്പെടെ നാലുപേരാണ് പിടിയിലായത്. പുലയനാര്‍ കോട്ടയ്ക്ക് സമീപത്തെ കാട്ടിനുളളില്‍ വെച്ചാണ് പ്രതികളെ പിടിച്ചത്. ഇവിടെയായിരുന്നു പ്രതികൾ കാർ ഉപേക്ഷിച്ചിരുന്നത്. അതിര്‍ത്തി തര്‍ക്കത്തിന്റെ പേരിലാണ് കൊലപാതകം എന്നാണ് നിഗമനം. കൊല്ലപ്പെട്ട വിശാഖിന്റെ അയല്‍വാസിയും സുഹൃത്തുമാണ് മുഖ്യപ്രതിയായ പ്രദീപ്.

പ്രദീപും വിശാഖും തമ്മില്‍ വഴിത്തര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ഡിസംബറില്‍ വിശാഖ് പ്രദീപിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. ഈ കേസില്‍ റിമാന്‍ഡിലായിരുന്ന വിശാഖ് അടുത്തിടെയാണ് പുറത്തിറങ്ങിയത്. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ വഞ്ചിയൂര്‍ പാസ്‌പോര്‍ട്ട് ഓഫീസിന് സമീപത്തെ ചമ്പക്കടയിലുളള വിശാഖിന്റെ വീടിന് മുന്നിലെ റോഡില്‍ വെച്ചാണ് കൊലപാതകം നടന്നത്. കൈയ്ക്കും കാലിനും വയറിനും വെട്ടേറ്റ് വീണ വിശാഖിനെ പൊലീസെത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍ ആശുപത്രിയെത്തുമ്പോഴേക്കും വിശാഖ് മരിച്ചു.

പ്രദീപിനൊപ്പം കാറില്‍ മൂന്നുപേര്‍ കൂടി ഉണ്ടായിരുന്നു. ഇവര്‍ കൊലയ്ക്ക് ശേഷം KL27H 9286 എന്ന നമ്പര്‍ കാറില്‍ കയറി രക്ഷപ്പെടുകയായിരുന്നു. ഈ കാര്‍ പുലയനാര്‍ കോട്ടയിലെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് പ്രതികള്‍ പിടിയിലായത്.

Content Highlights: Thiruvananthapuram police arrest four suspects, including a close relative, in connection with the death of a youth in Vanchiyoor.

To advertise here,contact us